സംസ്ഥാന പാതയിൽ വാഴനട്ട് പ്രതിഷേധം
text_fieldsഷൊർണൂർ: മിക്കയിടത്തും ഉപരിതലം തകർന്ന സംസ്ഥാന പാതയിൽ വാഴയും പുല്ലും നട്ട് പ്രതിഷേധം. പട്ടാമ്പി - പാലക്കാട്, പെരിന്തൽമണ്ണ - പട്ടാമ്പി സംസ്ഥാന പാതയിലെ കുളപ്പുള്ളിക്കും പട്ടാമ്പിക്കുമിടക്കുള്ള ഭാഗമാണ് തകർന്ന് കിടക്കുന്നത്. ഈ ഭാഗത്തിൽപെടുന്ന വാടാനാംകുറിശ്ശി വില്ലേജ് ഓഫിസ് സ്റ്റോപ്പിലാണ് നാട്ടുകാർ തൈകൾ നട്ട് പ്രതിഷേധിച്ചത്.
ഉപരിതലം തകർന്നും വലിയ കുഴികൾ രൂപപ്പെട്ടും കിടക്കുന്ന സംസ്ഥാന പാതയിലെ കുളപ്പുള്ളിക്കും പട്ടാമ്പിക്കുമിടയിലെ യാത്ര ദുരിതപൂർണമായിട്ട് വർഷങ്ങളായി. നാട്ടുകാരും യാത്രക്കാരും വാഹനമോടിക്കുന്നവരും പ്രതിഷേധം ശക്തമാക്കുമ്പോൾ താൽക്കാലികമായി കുഴികളടച്ച് തടിതപ്പുകയാണ് പൊതുമരാമത്ത് അധികൃതർ കാലങ്ങളായി ചെയ്യുന്നത്. ലക്ഷങ്ങൾ ചെലവഴിച്ച് കുഴികളടച്ചാലും വൈകാതെ തകരുകയും ചെയ്യും. ദിനംപ്രതി നിരവധി ഇരുചക്ര വാഹന യാത്രക്കാരാണ് കുഴികളിൽ ചാടിവീഴുന്നത്. അത്ര വലിയ കുഴികളാണ് സംസ്ഥാന പാതയിലുള്ളത്.
പ്രതിഷേധം ശക്തമായപ്പോൾ കഴിഞ്ഞ ദിവസവും കുഴികളിൽ ക്വാറി വേസ്റ്റിട്ട് അധികൃതർ സ്ഥലം വിട്ടു. ഓട്ടോറിക്ഷ ഓടിക്കുന്നവരും നരകയാതന അനുഭവിക്കുകയാണ്. കാറുകൾ കുഴികളിൽ ചാടുമ്പോൾ അടിമുട്ടുന്നു. കുളപ്പുള്ളിയിൽനിന്ന് പട്ടാമ്പിയിലേക്കും തിരിച്ചും ബസുകൾക്ക് ഓടിയെത്താൻ അനുവദിച്ച സമയം 25 മിനിറ്റാണ്. നിലവിലെ സ്ഥിതിയിൽ പത്ത് മിനിറ്റിലധികം കൂടുതൽ സമയമെടുക്കേണ്ടി വരുന്നുണ്ടെന്ന് ജീവനക്കാർ പറയുന്നു. ഇത് സമയത്തെച്ചൊല്ലിയുള്ള തർക്കങ്ങൾക്കും കൈയാങ്കളിക്കും വഴിവെക്കുന്നു. ബുധനാഴ്ച രാവിലെ വാടാനാംകുറിശ്ശിയിൽ ബസ് ജീവനക്കാരനും കാറുകാരനും തമ്മിൽ അടിപിടിയുണ്ടായി. സമയം ക്രമീകരിക്കാൻ ബസുകൾ നടത്തുന്ന പരക്കംപാച്ചിൽ പലപ്പോഴും അപകടത്തിനും കാരണമാകുന്നു. വാടാനാംകുറിശ്ശി റെയിൽവെ ഗേറ്റടച്ചാൽ പ്രശ്നം കൂടുതൽ വഷളാകും. പാലക്കാട്ടുനിന്ന് ഗുരുവായൂർ, പൊന്നാനി, പട്ടാമ്പി ഭാഗത്തേക്കും പെരിന്തൽമണ്ണയിൽനിന്ന് ഷൊർണൂർ, തൃശൂർ ഭാഗത്തേക്കും പോകുന്നതാണ് ഈ സംസ്ഥാന പാത. എന്നിട്ടും അധികൃതരും ഭരണാധികാരികളും ഗുരുതരമായ അലംഭാവമാണ് പുലർത്തുന്നതെന്ന ആക്ഷേപം പരക്കെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.