ഷൊർണൂരിൽ പൊതുമരാമത്ത് റോഡ് നവീകരണം അനിശ്ചിതത്വത്തിൽ
text_fieldsഷൊർണൂർ: ടൗണിലെ പൊതുമരാമത്ത് റോഡിന്റെ നവീകരണം അനിശ്ചിതത്വത്തിൽ. പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയർ അവസാനമായി ഒരു തവണ കൂടി കാലാവധി നീട്ടി നൽകിയിട്ടും പണി എങ്ങുമെത്തിയിട്ടില്ല.
പൊതുവാൾ ജങ്ഷൻ -എസ്.എം.പി ജങ്ഷൻ - കൊച്ചിപ്പാലം റോഡിന്റെയും കുളപ്പുള്ളി മുതൽ ടൗൺ ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ വഴി എസ്.എം.പി ജങ്ഷൻ വരെയുള്ള റോഡിന്റെയും പ്രവൃത്തിയാണ് അനിശ്ചിതത്വത്തിലായത്.
2021ൽ ആരംഭിച്ച പ്രവൃത്തികൾ രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാക്കേണ്ടതായിരുന്നു. എന്നാൽ, പണിയാരംഭിച്ചത് മുതൽ ഒച്ചിഴയും വേഗത്തിലാണ് കാര്യങ്ങൾ നീങ്ങുന്നത്. പലതവണ കാലാവധി നീട്ടിനൽകി. പണി വൈകിപ്പിച്ചതിന് കരാറുകാരന് ലക്ഷങ്ങൾ പിഴയിട്ടു. എന്നിട്ടും പണി നീങ്ങിയില്ല.
ഗത്യന്തരമില്ലാതെ ഒരു കരാറുകാരനെ കഴിഞ്ഞ ഫെബ്രുവരിയിൽ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി നീക്കം ചെയ്തിരുന്നു. ഇതിനെതിരെ എക്സിക്യൂട്ടീവ് എൻജിനീയർക്കും കോഴിക്കോട് സൂപ്രണ്ടിങ് എൻജിനീയർക്കും അപ്പീൽ നൽകി. രണ്ടിടത്തും അപ്പീൽ തള്ളിയതിനെ തുടർന്ന് തിരുവനന്തപുരത്തെ ചീഫ് എൻജിനീയർക്ക് അപ്പീൽ നൽകി. ഇതനുവദിച്ച എൻജിനീയർ രണ്ട് മാസം കൂടി പണി പൂർത്തിയാക്കാൻ അവസരം നൽകി.
ജൂൺ അവസാനം നടത്തിയ സിറ്റിങ്ങിൽ ജൂലൈ, ആഗസ്റ്റ് മാസങ്ങളാണ് അനുവദിച്ചത്. എന്നാൽ, സംഗതിയുടെ ഗൗരവം ഇനിയും മനസ്സിലാക്കാത്ത കരാറുകാരൻ ആഗസ്റ്റ് അഞ്ചിനാണ് പണി പുനരാരംഭിച്ചത്. അത് തന്നെ നാമമാത്രവുമാണ്. അതിനാൽ ആഗസ്റ്റ് 31ന് മുമ്പ് പണി പകുതി പോലും പൂർത്തിയാകില്ലെന്ന് വ്യക്തമാണ്.
കാലാവസ്ഥ ഈ സ്ഥിതിയിലാണെങ്കിൽ ഒട്ടും നടക്കുകയില്ല. രണ്ടര കോടി രൂപയുടേതാണ് പ്രവൃത്തി. കുളപ്പുള്ളി മുതൽ ടൗൺ വഴി എസ്.എം.പിയിൽ സമാപിക്കുന്ന പ്രവൃത്തി ആറ് കോടി രൂപയുടേതാണ്. ഈ പണിയും എങ്ങുമെത്താത്ത സ്ഥിതിയാണ്. ഇതിൽ പ്രാഥമിക ടാറിങ് പ്രവൃത്തി (ബി.എം) ചെയ്ത ഭാഗത്ത് പ്രതലം തകർന്ന് കിടപ്പാണ്.
ഈ കരാറുകാരനെയും ഒഴിവാക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് ഷൊർണൂർ ഓഫിസ് മേലാധികാരികൾക്ക് കത്ത് നൽകിയിട്ടുണ്ട്. ഇതിൻമേൽ കരാറുകാരൻ അപ്പീൽ പോയാൽ അപ്പോഴും ഇതേ അവസ്ഥയായി മാറും. ഫലത്തിൽ പണി പൂർത്തീകരിക്കാനോ മറ്റൊരു കരാറുകാരനെ ഏൽപിക്കാനോ കഴിയാത്ത അവസ്ഥയിലാണെന്ന് അധികൃതർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.