റെയിൽവേ സിഗ്നൽ വയർ മോഷണം; എട്ടുപേർ അറസ്റ്റിൽ
text_fieldsഷൊർണൂർ: റെയിൽവേ സിഗ്നൽ ബോക്സുകളിൽ ഉപയോഗിക്കുന്ന ചെമ്പുകമ്പികൾ മോഷ്ടിച്ച എട്ടുപേരെ ഷൊർണൂർ റെയിൽവേ സംരക്ഷണ സേനയും പാലക്കാട് ക്രൈം ഇന്റലിജൻസ് സംഘവും അറസ്റ്റ് ചെയ്തു. തിരൂർ സ്വദേശി ഷിജു, വാവന്നൂർ സ്വദേശി അഷ്റഫ് അലി, മരുതൂർ സ്വദേശി ജബ്ബാർ, മുണ്ടൂർക്കര സ്വദേശി സുജിത്, ഓങ്ങല്ലൂർ സ്വദേശി മുഹമ്മദ് ഹനീഫ, പട്ടാമ്പി സ്വദേശി സുബൈർ എന്നിവരാണ് അറസ്റ്റിലായത്. മോഷ്ടിച്ച കമ്പികൾ വാങ്ങിയ ആക്രി കടകളുടെ ഉടമസ്ഥരായ അലിമോൻ, അബ്ദുൾ അസീസ് എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
പട്ടാമ്പി, പള്ളിപ്പുറം, കുറ്റിപ്പുറം, തിരുനാവായ, തിരൂർ, പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനുകളുടെ സമീപത്തെ ട്രാക്കിനോട് ചേർന്ന സിഗ്നൽ ബോക്സുകളിൽനിന്ന് കഴിഞ്ഞ രണ്ടുമാസത്തിനിടെ ചെമ്പ് കമ്പി മോഷണം പതിവായിരുന്നു. ഇതേ തുടർന്ന് റെയിൽവേ സിഗ്നൽ സംവിധാനം നിരവധി തവണ തകരാറിലാവുകയും ട്രെയിൻ ഗതാഗതം തടസ്സപ്പെടുകയും ചെയ്തിരുന്നു. സാങ്കേതിക തകരാറായിരിക്കുമെന്ന് കരുതി പലതവണ ശരിയാക്കിയിട്ടും പ്രശ്നം തുടർന്നതോടെയാണ് ചെമ്പ് കമ്പി മോഷണം ശ്രദ്ധയിൽപെട്ടതെന്ന് അധികൃതർ പറഞ്ഞു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. മോഷ്ടിച്ച ചെമ്പ് കമ്പികൾ ഞാങ്ങാട്ടിരിയിലെയും കൂമക്കല്ലിലെയും ആക്രി കടകളിലാണ് ഇവർ വിൽപന നടത്തിയത്. ആർ.പി.എഫ് സംഘം ഇവിടെ നടത്തിയ പരിശോധനയിൽ 40 കിലോ ചെമ്പ് കമ്പി കണ്ടെടുത്തു. പ്രതികളെ മഞ്ചേരി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പാലക്കാട് ആർ.പി.എഫ്.ഡി ഡിവിഷനൽ സെക്യൂരിറ്റി കമിഷണർ ജതിൻ ബി. രാജിന്റെ നിർദേശപ്രകാരം രൂപവത്കരിച്ച പ്രത്യേക സംഘത്തിലെ സർക്കിൾ ഇൻസ്പെക്ടർ എൻ. കേശവദാസ്, സബ് ഇൻസ്പെക്ടർമാരായ സുനിൽകുമാർ, ഹരികുമാർ, അജിത് അശോക്, എ.എസ്.ഐമാരായ സജു, ഹെഡ് കോൺസ്റ്റബിൾ സുഹൈൽ, ബിജു എന്നിവരാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.