ഷൊർണൂരിലെ പ്രധാന റോഡ് അടച്ചിട്ടിട്ട് ഒരുമാസം; ദുരിതംപേറി ജനം
text_fieldsഷൊർണൂർ: നഗരസഭയിലെ പ്രധാന റോഡുകളിലൊന്നായ ഷൊർണൂർ പോസ്റ്റ് ഓഫിസ് ജംങ്ഷൻ-പരുത്തിപ്ര-വാടാനാംകുറിശ്ശി റോഡ് അടച്ചിട്ടിട്ട് മാസം പിന്നിടുന്നു. 1.98 കോടി രൂപ ചെലവിലാണ് നവീകരണം. എന്നാൽ പ്രവൃത്തി പൂർത്തിയാകാത്തത് പരിസരവാസികളെയും യാത്രക്കാരെയും ദുരിതലാഴ്ത്തി. പ്രധാന റോഡിൽ നിന്നാരംഭിക്കുന്ന ഈ റോഡിലൂടെ വേണം നഗരസഭയുടെ പടിഞ്ഞാറൻ മേഖലകളായ പരുത്തിപ്ര, കോഴിപ്പാറ, നെടുങ്ങോട്ടൂർ ഭാഗങ്ങളിലേക്ക് പോകാൻ. മുണ്ടായ, ഗണേശ്ഗിരി ഭാഗങ്ങളിലുള്ളവരും ഈ റോഡാണ് ആശ്രയിക്കുന്നത്. ഷൊർണൂരിൽനിന്ന് കുളപ്പുള്ളി വഴി പോകാതെ പട്ടാമ്പിയിലേക്ക് എത്താനുള്ള എളുപ്പമാർഗവും ഈ റോഡാണ്.
ഈ റോഡ് വഴിയുള്ള ബസ് സർവിസ് നിർത്തലാക്കിയിട്ട് മാസത്തോളമായി. ആയതിനാൽ യാത്രക്കാർ ടൗണിൽ വന്ന് തിരിച്ചുപോകാൻ ഏറെ കഷ്ടപ്പാടും ധനനഷ്ടവും അനുഭവിക്കേണ്ടി വരുന്നതായും പാൽ, പത്രം വിതരണം തടസ്സപ്പെടുന്നതായും ആക്ഷേപമുണ്ട്. പ്രവൃത്തി നടത്തേണ്ട റോഡിലേക്കുള്ള അനുബന്ധ റോഡുകൾ കൂടി അടച്ചതോടെ കൂടുതൽ ദുരിതമായതായി പരിസരവാസികൾ കുറ്റപ്പെടുത്തി. കടുത്ത വേനലിൽ പൊടിശല്യവും ദുരിതമേറ്റുന്നു. ഈ റോഡിലൂടെ സഞ്ചരിച്ചുവേണം പരുത്തിപ്രയിലെ പോളിങ് ബൂത്തിലെത്താൻ. ഈ സാഹചര്യത്തിൽ പ്രായമേറിയവർക്കും രോഗികൾക്കും അംഗപരിമിതർക്കും പോയി വോട്ട് ചെയ്യാനാവില്ലെന്ന ആശങ്കയും ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.