റീടാറിങ് നടത്തേണ്ട റോഡിൽ മണ്ണ് കൂടിക്കിടക്കുന്നു
text_fieldsഷൊർണൂർ: അടുത്തദിവസം റീടാറിങ് നടത്തേണ്ട കുളപ്പുള്ളി-കണയം റോഡിൽ മണ്ണ് കൂടിക്കിടക്കുന്നു. ഈ മണ്ണിന്റെ മുകളിൽ ടാറിങ് നടത്താനുള്ള തയാറെടുപ്പിലാണ് അധികൃതർ. ബന്ധപ്പെട്ട നഗരസഭാംങ്ങൾ പരാതിപ്പെട്ടിട്ടും പ്രശ്നം പരിഹരിക്കാതെ അടുത്തദിവസം ടാറിങ് നടത്താനുള്ള യന്ത്രസാമഗ്രികൾ അടക്കം സ്ഥലത്തെത്തിച്ച് കഴിഞ്ഞു. ഷൊർണൂർ നഗരസഭയിൽ ഏറ്റവും പ്രധാനപ്പെട്ട റോഡാണിത്. ഈ റോഡ് തകർന്നുകിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി.
ഇതിനിടെ ജല അതോറിറ്റി പുതിയ പൈപ്പ് ലൈനിടാനായി റോഡിന്റെ ഇരുപുറവും വലിയ ചാലുകൾ കീറി. പൈപ്പ് ഇട്ട് കഴിഞ്ഞതിന് ശേഷം ഇവിടെ മെറ്റലിട്ട് ബലപ്പെടുത്തേണ്ടതും ജല അതോറിറ്റിയുടെ ചുമതലയാണ്. എന്നാൽ, ഇവിടെ നാമമാത്രമായ സ്ഥലത്തേ മെറ്റലിട്ട് ബലപ്പെടുത്തിയിട്ടുള്ളൂ. അതിനുള്ള മെറ്റൽ മാത്രമേ ലഭിച്ചിട്ടുള്ളൂവെന്നാണ് ഈ പ്രവൃത്തി നടത്തുന്നവർ വിശദീകരിക്കുന്നത്.
ഇപ്പോൾ റോഡിന്റെ അരികിലെ മണ്ണ് നിരപ്പാക്കി ചൂലുകൊണ്ട് അടിച്ചെടുക്കുക മാത്രമാണ് ചെയ്യുന്നത്.
ഇതിന്റെ മുകളിൽ ടാറിങ് നടത്തുകയും ചെയ്യും. മണ്ണിന് മുകളിൽ ടാർ ഒഴിച്ചാൽ ബലപ്പെടുമോ എന്ന ചോദ്യത്തിന് അധികൃതർക്ക് വ്യക്തമായ ഉത്തരമില്ല. നഗരസഭയിൽ പൊതുഫണ്ടില്ലാത്തതിനാൽ ഈ റോഡ് കടന്നുപോകുന്ന പ്രദേശത്തെ അഞ്ച് കൗൺസിലർമാർ അവരുടെ വാർഡുകളിലെ വികസന പ്രവർത്തനത്തിന് ലഭിച്ച അഞ്ചുലക്ഷം വീതം നൽകിയ 25 ലക്ഷം രൂപ വിനിയോഗിച്ചാണ് ഇപ്പോൾ ടാറിങ് നടത്തുന്നത്. നാല് കിലോമീറ്റർ ദൈർഘ്യമുള്ള റോഡിൽ അര കിലോമീറ്റർ ഭാഗത്തെ പ്രവൃത്തി പൂർത്തിയാക്കാനേ ഈ തുക തികയൂ. അതുതന്നെ കള്ളപ്പണിയായി മാറുമോയെന്ന ആശങ്കയിലാണ് അധികൃതർ. ഇരുപുറവും അഴുക്കുചാലില്ലാതെ റോഡിന്റെ മുഴുവൻ സ്ഥലവും അശാസ്ത്രീയമായി ടാറിങ് നടത്തിയ കുപ്രസിദ്ധിയും ഈ റോഡിന് നേരത്തേയുണ്ട്. മഴ പെയ്താലും കുടിവെള്ള പൈപ്പ് പൊട്ടിയാലും റോഡിലൂടെ വെള്ളം പരന്നൊഴുകി കാൽനട പോലും ദുസ്സഹമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.