കാഴ്ചപരിമിതിയെ മറികടന്ന് സത്യപാലൻ മാസ്റ്റർ എന്ന വരണാധികാരി
text_fieldsഷൊർണൂർ: കാഴ്ചപരിമിതിയെ മറികടന്ന് റിട്ടേണിങ് ഓഫിസറായി ചരിത്രം സൃഷ്ടിക്കുകയാണ് ഒറ്റപ്പാലം എ.ഇ.ഒ കൂടിയായ സത്യപാലൻ മാസ്റ്റർ. വാണിയംകുളം ഗ്രാമപഞ്ചായത്തിലാണ് ഇദ്ദേഹം വരണാധികാരിയായി നിയമിതനായത്. ഷൊർണൂർ നഗരസഭയിലെ കണയം എ.എൽ.പി സ്കൂളിൽ പഠിക്കുമ്പോൾ ഒരു കണ്ണിന് മാത്രമേ ചെറിയ പ്രശ്നമുണ്ടായിരുന്നുള്ളൂ. കുളപ്പുള്ളി എ.യു.പി സ്കൂളിൽ ആറാം ക്ലാസിൽ പഠിക്കുമ്പോൾ രണ്ടു കണ്ണിെൻറയും കാഴ്ച പ്രശ്നമായി. പിന്നീട് ഏഴു മുതൽ കുന്ദംകുളം അന്ധവിദ്യാലയത്തിലാണ് പഠിച്ചത്.
തുടർന്ന് പഠിച്ച കുന്ദംകുളം ബോയ്സ് ഹൈസ്കൂളിൽനിന്നാണ് ഡിസ്റ്റിങ്ഷനോടെ 10ാം തരം പാസായത്. പ്രീ ഡിഗ്രിയും ഡിഗ്രിയും ചിറ്റൂർ ഗവൺമെൻറ് കോളജിൽനിന്നാണ് കഴിഞ്ഞത്. കൊടുവായൂരിൽനിന്ന് ബി.എഡുമെടുത്തു.
അധ്യാപനയോഗ്യത നേടി അട്ടപ്പാടി ഷോളയൂർ ജി.ടി.യു.പി സ്കൂളിൽ നാലുമാസം താൽക്കാലിക ജോലിനോക്കി. പി.എസ്.സി നിയമനം ലഭിച്ച് 1997ൽ പട്ടാമ്പി കൊടുമുണ്ട ഗവൺമെൻറ് സ്കൂളിൽ ചേർന്നു. 1998 മുതൽ 2018വരെ വാടാനാംകുറുശ്ശി ഗവ. ഹൈസ്കൂളിൽ അധ്യാപകനായി. പ്രധാനാധ്യാപകനായി ഇടുക്കി കണ്ണമ്പട്ടി സ്കൂളിൽ പ്രവേശിച്ചു. തുടർന്ന് അട്ടപ്പാടി എം.ആർ ഹൈസ്കൂളിൽ പ്രധാനാധ്യാപകനായ ഇദ്ദേഹം 2019 ജൂണിൽ ഒറ്റപ്പാലം ഉപജില്ല വിദ്യാഭ്യാസ ഓഫിസറായി. ഭാര്യ: ദേവയാനി. മക്കൾ: കൃഷ്ണപ്രിയ, അഖിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.