അശാസ്ത്രീയ നിർമാണം; കവളപ്പാറ റോഡ് തകരുന്നു
text_fieldsഷൊർണൂർ: അശാസ്ത്രീയ നിർമാണം കാരണം നവീകരിച്ച കവളപ്പാറ റോഡ് തകരുന്നതായി നാട്ടുകാരുടെ പരാതി. കോൺക്രീറ്റ് കലുങ്ക് നിർമിക്കാതെയും സംരക്ഷണഭിത്തി ബലപ്പെടുത്താതെയും അത്യാവശ്യം വേണ്ടിടങ്ങളിൽ അഴുക്കുചാൽ ഉണ്ടാക്കാതെയും നടത്തിയ നവീകരണ പ്രവൃത്തിയാണ് ഇപ്പോൾ റോഡിനെ നശിപ്പിച്ച് തുടങ്ങിയിട്ടുള്ളത്. നഗരസഭയിലെ ചുഢുവാലത്തൂർ, കല്ലിപ്പാടം, കാരക്കാട്, കവളപ്പാറ, വാണിയംകുളം പഞ്ചായത്തിലെ ത്രാങ്ങാലി, മാന്നനൂർ, കൂനത്തറ ഭാഗത്തുള്ളവർ ആശ്രയിക്കുന്ന റോഡാണിത്. ഷൊർണൂരിൽനിന്ന് കുളപ്പുള്ളി വഴി പോകാതെ ഒറ്റപ്പാലം ഭാഗത്തേക്കും തിരിച്ചുമുള്ള യാത്രക്കുള്ള എളുപ്പമാർഗവുമാണിത്.
ഷൊർണൂർ പൊതുവാൾ ജങ്ഷൻ മുതൽ കൂനത്തറ സെന്റർ വരെയുള്ള ഈ റോഡ് പ്രതിഷേധങ്ങൾക്കൊടുവിൽ 2016-17 വർഷത്തിലാണ് ആധുനിക രീതിയായ ബി.എം.ബി.സി നിലവാരത്തിലാണ് നവീകരിച്ചത്. നിർമാണ സമയത്ത് ചുഢുവാലത്തൂർ പാടം മുതൽ കമ്പനിപ്പടിവരെയും കൂനത്തറ പാടത്തും പുതിയ സംരക്ഷണഭിത്തി കെട്ടണമെന്നും കവളപ്പാറ യു.പി സ്കൂളിന് മുമ്പിലും തത്തംകോട് സെന്റർ മുതൽ കമ്പനിപ്പടി വരെയും അഴുക്കുചാൽ നിർമിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. തത്തംകോട് സെന്ററിൽ കോൺക്രീറ്റ് കലുങ്കിന് പകരം എ.സി പൈപ്പ് വെച്ച് മുകളിൽ കോൺക്രീറ്റ് ചെയ്യുകയാണുണ്ടായത്.
ഉദ്ഘാടനം കഴിഞ്ഞ് അധികം കഴിയുന്നതിന് മുമ്പ് തന്നെ ഇവിടെ പൈപ്പ് താഴ്ന്ന് വാഹനങ്ങൾ പോകുമ്പോൾ വലിയ ചാട്ടമായിരുന്നു. നിലവിൽ ഇവിടെ വലിയ കുഴി രൂപപ്പെട്ട് വാഹനഗതാഗതം പറ്റാത്ത നിലയിലേക്ക് മാറിയിരിക്കുകയാണ്. നേരത്തെ കൂനത്തറയിൽ കലുങ്കും സംരക്ഷണഭിത്തിയും തകർന്ന് പുനർനിർമാണം നടത്തേണ്ടി വന്നിരുന്നു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി പ്രശ്ന പരിഹാരത്തിനായി പൊതുമരാമത്ത് മന്ത്രിക്ക് നിവേദനം നൽകിയതായി മുൻ നഗരസഭാംഗം സി. ബിജു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.