ശിൽപച്ചുവരുകളുടെ നിർമാണം പൂർത്തിയായി
text_fieldsഷൊർണൂർ: കേരളത്തിെൻറ സാംസ്കാരികത്തനിമയും ചരിത്ര സംഭവങ്ങളും വിളിച്ചോതുന്ന ശിൽപച്ചുവരുകളുടെ നിർമാണം പൂർത്തിയായി. ചെറുതുരുത്തിയിൽ നിളയോരത്ത് പാലക്കാട് ജില്ലയിലേക്ക് പ്രവേശിക്കുന്ന കൊച്ചിപ്പാലത്തിന് ഇരുവശങ്ങളിലുമായാണ് കരവിരുതിെൻറ വിസ്മയക്കാഴ്ച്ചയായി നാല് ചുവരുകൾ നിർമിച്ചിട്ടുള്ളത്.
ഇരുപതടി ഉയരത്തിലും ആറടി വീതിയിലുമുള്ള ചുവരുകളിൽ ഒന്നാമത്തേതിൽ വാസ്തുവിദ്യയിലെ പ്രശംസനീയ സൃഷ്ടിയായ കേരള കലാമണ്ഡലം കൂത്തമ്പലം, കഥകളി, വാദ്യോപകരണങ്ങൾ, ഭരതനാട്യം, നിളാ നദി എന്നിവയാണ് നിർമിച്ചിട്ടുള്ളത്. മറ്റു ചുവരുകളിലായി വടക്കുന്നാഥ ക്ഷേത്രം, തൃശൂർ പൂരം, ആന, പുത്തൻപള്ളി, പഴയ തൃശൂർ നഗരം, അപ്പം ഉണ്ടാക്കുന്ന സ്ത്രീകൾ, മുസ്രീസ് തുറമുഖം, ചേരമാൻ പള്ളി, ചീനവല എന്നിവയും ഇടം പിടിച്ചിട്ടുണ്ട്.
മഹാകവി വള്ളത്തോൾ നാട്ടിലുള്ള എല്ലാ ദിവസവും മുടങ്ങാതെയെത്തി നിളയെ നോക്കി നിന്നിരുന്ന ഭാഗത്താണ് 'ആർട്ട് വാളുകൾ' സ്ഥാപിച്ചിട്ടുള്ളതെന്ന പ്രത്യേകതയുണ്ട്. മഹാകവിയുടെ വീടും ഇപ്പോൾ വള്ളത്തോൾ മ്യൂസിയവുമായ കെട്ടിടത്തിൽ നിന്ന് മീറ്ററുകളുടെ ദൂരമേയുള്ളൂ ചുവരുകൾ നിർമിച്ച സ്ഥലത്തേക്ക്.
കേരള ഗ്രാമവികസന സാനിറ്റേഷൻ സൊസൈറ്റിയുടെ നിയന്ത്രണത്തിലുള്ള 'ചേരാസ് ഇന്ത്യ'യിലെ രവിദാസും സംഘവുമാണ് ശിൽപച്ചുവരുകളും അതോടനുബന്ധിച്ച് സ്വീകരണ കവാടവും നിർമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.