കെട്ടിയിടാതെ വളർത്തുന്ന പശുക്കളെ കൃഷിയിടത്തിൽ കാവലിരുന്ന് പിടികൂടി
text_fieldsഷൊർണൂർ: രാത്രിയിൽ നെൽകൃഷി തിന്ന് നശിപ്പിക്കുന്ന പശുക്കളെ കൃഷിക്കാർ കാവലിരുന്ന് പിടികൂടി. ഷൊർണൂർ മുണ്ടമുക, ഗണേശ്ഗിരി നെൽപാടങ്ങളിലിറങ്ങിയ പശുക്കളിൽ പത്തെണ്ണത്തിനെയാണ് കൃഷിക്കാർ പിടികൂടി കെട്ടിയിട്ടത്. കെട്ടിയിടാതെ വളർത്തുന്ന പശുക്കൾ കൃഷി നശിപ്പിക്കുന്നത് വ്യാപകമാണ്. രാത്രി കാലങ്ങളിലാണ് പശുക്കൾ കൂട്ടത്തോടെെയത്തുന്നത്. നിരവധി തവണ അധികൃതർക്ക് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ല. പശുക്കൾ നിരന്തരമായി കൃഷി നശിപ്പിക്കുന്നതിനാൽ 95 ഏക്കർ സ്ഥലമുള്ള പാടശേഖരത്തിലിപ്പോൾ 30 ഏക്കറിൽ മാത്രമാണ് കൃഷിയിറക്കിയിട്ടുള്ളത്.
ദിവസങ്ങൾക്ക് മുമ്പ് പാടശേഖര സമിതി പ്രസിഡൻറ് കെ. പ്രസാദ്, സെക്രട്ടറി ഐ. ശശിധരൻ നായർ എന്നിവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഉടമകളെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് താക്കീത് നൽകിയിരുന്നു. എന്നാൽ രണ്ട് ദിവസത്തിന് ശേഷം പഴയ പടിയായി. ഇതോടെയാണ് കർഷകർ കാവലിരുന്ന് പശുക്കളെ പിടികൂടാൻ തീരുമാനിച്ചത്.
രാവിലെ ബന്ധപ്പെട്ട ഓഫിസുകളിൽ കർഷകർ വിവരം നൽകി. തുടർന്ന് നഗരസഭ ചെയർമാൻ എം.കെ. ജയപ്രകാശ്, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ കെ. കൃഷ്ണകുമാർ, എസ്.ജി. മുകുന്ദൻ, പി. ജിഷ, നഗരസഭാംഗം ഇ.പി. നന്ദകുമാർ, കൃഷി ഓഫിസർ എസ്. സന്തോഷ്, കാരക്കാട് പാടശേഖര സമിതി ഭാരവാഹികളായ വിജയ് പ്രകാശ് ശങ്കർ, സി. ബിജു, ടി. മുരളി, ഷൊർണൂർ പൊലീസ് എന്നിവർ സ്ഥലത്തെത്തി. പശുക്കളുടെ ഉടമസ്ഥരിൽ നിന്നും 5,000 രൂപ വീതം പിഴ ഈടാക്കുകയും, പശുക്കളെ കെട്ടിയിട്ട് വളർത്തണമെന്ന് കർശന നിർദേശം നൽകുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.