ഗവ. പ്രസിൽനിന്ന് മെഷർമെൻറ് ബുക്ക് കാണാതായത് മേലധികാരികളെ അറിയിച്ച ജീവനക്കാരിയെ സ്ഥലംമാറ്റി
text_fieldsഷൊർണൂർ: ഷൊർണൂർ ഗവ. പ്രസിൽനിന്ന് മെഷർമെൻറ് ബുക്ക് കാണാതായ വിവരം മേലാധികാരികളെ അറിയിച്ച വനിത ജീവനക്കാരിയെ സ്ഥലംമാറ്റി. പ്രസിൽ പ്രവർത്തിക്കുന്ന ജില്ല ഫോംസ് ഓഫിസിലെ സ്റ്റോർ കീപ്പർ മല്ലികയെയാണ് കള്ളത്തരം കണ്ടെത്തി അച്ചടി വകുപ്പ് ഡയറക്ടറെ അറിയിച്ചതിന് അദ്ദേഹംതന്നെ കോട്ടയം വാഴൂരിലേക്ക് മാറ്റിയത്. ആരോപണ വിധേയനായ ജില്ല ഫോംസ് ഓഫിസർ വിജയകുമാറിനെ മല്ലപ്പുറം ജില്ല ഫോംസ് ഓഫിസിലേക്കാണ് മാറ്റിയത്.
പൊതുമരാമത്ത് പ്രവൃത്തികൾ പൂർത്തീകരിച്ചാൽ, പ്രവൃത്തിയുടെ തുക കരാറുകാരന് ലഭ്യമാക്കാൻ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥൻ സർക്കാറിലേക്ക് നൽകുന്ന ബിൽ ബുക്കാണ് മെഷർമെൻറ് ബുക്ക്. സെപ്റ്റംബർ 15ന് അച്ചടി പൂർത്തീകരിച്ച് സ്റ്റോറിൽ എത്തിച്ച ബുക്കുകളിൽ മൂന്നെണ്ണം കാണാതായി. ഈ വിവരം ഫയലിൽ നോട്ടെഴുതുകയും ബുക്ക് കണ്ടെത്താൻ കഴിയാത്തതിനാൽ അച്ചടി വകുപ്പ് ഡയറക്ടർക്ക് സ്റ്റോർ കീപ്പർ പരാതി നൽകുകയുമായിരുന്നു.
പരാതിയെക്കുറിച്ച് അന്വേഷണം നടത്തിയെങ്കിലും പരാതിക്കാരിയെ ശിക്ഷിക്കുന്ന തരത്തിൽ നടപടിയെടുത്ത അധികൃതർക്കെതിരെ ജീവനക്കാരിൽ പ്രതിഷേധമുയർന്നിട്ടുണ്ട്. സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കണമെന്ന് എൻ.ജി.ഒ അസോസിയേഷൻ ആവശ്യപ്പെട്ടു. പ്രതിഷേധ പരിപാടി ബ്രാഞ്ച് പ്രസിഡൻറ് ടി.പി. സ്വാമിനാഥൻ ഉദ്ഘാടനം ചെയ്തു. പി.ആർ. അഭിലാഷ്, ഇ.എസ്. മുരളീധരൻ, ജോമി സ്റ്റീഫൻ, ജോസ് ആലപ്പാട്ട്, ഇ. വിനോദ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.