നഷ്ടമായത് കാൽപന്തുകളി ജീവിതവ്രതമാക്കിയ ഫുട്ബാളറെ
text_fieldsഷൊർണൂർ: കാൽപന്തുകളി ജീവിതവ്രതമാക്കിയ വ്യക്തിയെയാണ് ഫുട്ബാൾ താരം സുനിലിെൻറ മരണത്തിലൂടെ നഷ്ടമായത്. ഷൊർണൂർ കെ.വി.ആർ ഹൈസ്കൂൾ ഗ്രൗണ്ടിൽ കളിയുടെ ബാലപാഠം പഠിച്ചുതുടങ്ങിയ സുനിൽ വൈകാതെ ഷൊർണൂർ സോക്കർ സ്പോർട്ടിങ് ക്ലബിെൻറ അവിഭാജ്യ താരമായി. വാടാനാംകുറുശ്ശി ത്രീ എ ക്ലബിന് വേണ്ടി ഏറെ മത്സരങ്ങളിൽ ബൂട്ടണിഞ്ഞു. രണ്ട് ക്ലബുകളുടെയും ഉയർച്ചയിലെ മുഖ്യഘടകമായി. ടൂർണമെൻറുകൾ സംഘടിപ്പിക്കുന്നതിലും ഉത്സാഹം കാണിച്ചു. അണ്ടർ 21 കേരള ടീം അംഗമായതോടെ ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് കേരളത്തിലെ മിക്ക ക്ലബുകൾക്ക് വേണ്ടിയും ബൂട്ടണിഞ്ഞു. പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളിൽ ഏറെ ആരാധകരുള്ള താരമായി.
കാൽപന്ത് കളിയെ ജീവനായിക്കണ്ട ഈ കളിക്കാരൻ കളിക്കളത്തിൽ വെച്ചുതന്നെ വിടപറഞ്ഞത് നിയോഗമായിരിക്കാം. കളിയോടുള്ള അർപ്പണമനോഭാവം സുനിലിെൻറ കളിയഴകിൽ വ്യക്തമായിരുന്നു. കളിക്കളത്തിലെ സൗമ്യഭാവവും എടുത്തു പറയേണ്ടതാണ്. പ്രവാസ ജീവിതത്തിനിടയിലും കളി കൈവിട്ടില്ല. നാട്ടിൽ അവധിക്കെത്തിയപ്പോഴും പഴയ കൂട്ടുകാരെ കണ്ട് കളിക്കാനുള്ള താൽപര്യം പ്രകടിപ്പിച്ചു. വെള്ളിയാഴ്ച രാത്രി കളിച്ച് തുടങ്ങിയപ്പോഴേ സുനിലിന് ബുദ്ധിമുട്ടുണ്ടായി. കുറച്ച് വിശ്രമിച്ച് വെള്ളം കുടിച്ച് വീണ്ടും കളി തുടരുന്നതിനിടെയാണ് കുഴഞ്ഞുവീണത്. പുതുതലമുറയിലുള്ളവർക്ക് സ്പോർട്സ് കിറ്റ് നൽകിയും പരിശീലനം നൽകിയും പ്രോത്സാഹിപ്പിച്ചിരുന്നു ഈ ഫുട്ബാളർ. കളിക്കളങ്ങളിലേക്ക് പടർന്ന് കയറിയവൻ, ഒടുവിൽ കളിക്കളത്തിൽനിന്ന് തന്നെ യാത്രയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.