സംസ്ഥാനപാത നവീകരണം ഈ വേനലിലും പൂർത്തിയാകില്ല
text_fieldsഷൊർണൂർ: രണ്ട് പദ്ധതികളായി കരാർ നൽകിയ ഷൊർണൂരിലെ സംസ്ഥാന പാത നവീകരണം ഈ വേനലിലും പൂർത്തിയാകില്ല. അവസാന കാലാവധിയും കഴിഞ്ഞിട്ടും പ്രവൃത്തി പൂർത്തിയാക്കാഞ്ഞതിനാൽ രണ്ട് കരാറുകാരെയും ഒഴിവാക്കി. ഇനി പുതിയ ടെണ്ടർ നടപടികളാരംഭിച്ച് അത് പൂർത്തിയാകുമ്പോഴേക്കും അടുത്ത മഴക്കാലമാകുമെന്ന സ്ഥിതിയാണുള്ളത്.
പെരിന്തൽമണ്ണ-തൃശൂർ സംസ്ഥാന പാതയിൽ ഷൊർണൂർ ഭാഗത്തെ കുളപ്പുള്ളി മുതൽ ഷൊർണൂർ ടൗൺ, റെയിൽവെ സ്റ്റേഷൻ വഴി എസ്.എം.പി. ജങ്ഷനിലവസാനിക്കുന്നതാണ് ഒരു പ്രവൃത്തി. പൊതുവാൾ ജങ്ഷൻ മുതൽ ബൈപാസ് വഴി കൊച്ചിപ്പാലം വരെയുള്ളതാണ് രണ്ടാമത്തെ പ്രവൃത്തി. ഇരു പ്രവൃത്തിയും കരാർ നൽകിയിട്ട് നാല് വർഷം കഴിഞ്ഞു. പലതവണ കരാർ കാലാവധി നീട്ടി നൽകിയിട്ടും രണ്ടിന്റെയും ശരാശരി പകുതി പണികൾ മാത്രമാണ് പൂർത്തിയായത്.
ഇതോടെയാണ് രണ്ട് കരാറുകാരെയും ഒഴിവാക്കിയത്. ഇതിൽ ഒരു കരാറുകാരന് ഒരവസരം കൂടി നൽകിയേക്കും.
നിലവിൽ ബന്ധപ്പെട്ട രണ്ട് ഫയലുകളും തീരുമാനത്തിനായി തിരുവനന്തപുരത്ത് ചീഫ് എൻജിനീയർ ഓഫിസിലാണുള്ളത്. ഇതിൽ തീരുമാനമായി തിരിച്ചെത്തി ടെണ്ടർ നടപടികളാരംഭിച്ച് അവസാനിക്കാൻ തന്നെ ചുരുങ്ങിയത് മൂന്ന് മാസം സമയമെടുക്കുമെന്ന് പൊതുമരാമത്ത് അധികൃതർ പറഞ്ഞു. അങ്ങിനെയെങ്കിൽ ഈ വേനലിൽ പ്രവൃത്തി പൂർത്തിയാക്കാനാകില്ല.
നിലവിൽ പൊതുവാൾ ജങ്ഷൻ മുതൽ കൊച്ചിപ്പാലം വരെ ആദ്യഘട്ട ടാറിങ് (ബി.എം) പൂർത്തിയായതിനാൽ വലിയ ഗതാഗത പ്രശ്നങ്ങളില്ല. പക്ഷെ, അടുത്ത മഴക്കാലത്തിന് മുൻപ് രണ്ടാം ഘട്ട ടാറിങ് ചെയ്തില്ലെങ്കിൽ റോഡ് തകരും.
കുളപ്പുള്ളി മുതൽ എസ്.എം.പി ജങ്ഷൻ വരെ ആദ്യഘട്ട ടാറിങ് നേരത്തെ ചെയ്തിരുന്നെങ്കിലും മഴക്കാലത്ത് തകരാൻ തുടങ്ങി. കരാറുകാരനെ ഒഴിവാക്കിയതിനാൽ ഇനി അധികൃതർക്കും ഈ ഭാഗം അറ്റകുറ്റപ്പണി നടത്താനാകില്ല.
ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങൾ കടന്ന് പോകുന്ന പാതയായതിനാൽ യാത്രക്കാർ ഏറെ നരകിക്കേണ്ടി വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.