കരാർ നൽകി നാലുവർഷം കഴിഞ്ഞിട്ടും പ്രവൃത്തി പൂർത്തിയായില്ല; സംസ്ഥാന പാതയിൽ യാത്രാദുരിതം
text_fieldsഷൊർണൂർ: കരാർ നൽകി നാലുവർഷം പിന്നിട്ടിട്ടും ഷൊർണൂരിലെ സംസ്ഥാനപാതയുടെ പ്രവൃത്തി പൂർത്തിയായില്ല. തകർന്ന റോഡിലൂടെയുള്ള യാത്ര നരകതുല്യമായി. പട്ടാമ്പി-തൃശൂർ സംസ്ഥാന പാതയുടെ കുളപ്പുള്ളി മുതൽ കൊച്ചിപ്പാലം വരെയുള്ള ഭാഗമാണ് തകർന്ന് തരിപ്പണമായത്. രണ്ട് പ്രവൃത്തികളായാണ് ഈ ഭാഗത്തെ റോഡ് നവീകരിക്കാൻ കരാർ നൽകിയത്. എസ്.എം.പി ജങ്ഷൻ മുതൽ റെയിൽവേ സ്റ്റേഷൻ, ടൗൺ, പൊതുവാൾ ജങ്ഷൻ വഴി കുളപ്പുള്ളി ജങ്ഷൻ വരെയുള്ളതാണ് ഒരു പ്രവൃത്തി. കൊച്ചിപ്പാലം മുതൽ ബൈപാസ് റോഡ് വഴി പൊതുവാൾ ജങ്ഷൻ വരെയുള്ളതാണ് മറ്റൊരു പ്രവൃത്തി. ഈ രണ്ട് പ്രവൃത്തിയും ഏറ്റെടുത്ത കരാറുകാർക്ക് നാലുവർഷം കഴിഞ്ഞിട്ടും പൂർത്തിയാക്കാനായില്ല. പൊതുമരാമത്ത് അധികൃതർക്കോ ഭരണാധികാരികൾക്കോ ഇവരെക്കൊണ്ട് പ്രവൃത്തി ചെയ്യിക്കാനുമായില്ല. ഇതിൽ രണ്ടാമത്തെ പ്രവൃത്തി ഏറ്റെടുത്തയാളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി മൂന്നുമാസം മുമ്പ് കരാറിൽ നിന്നൊഴിവാക്കിയിട്ടുണ്ട്. രണ്ടുലക്ഷം പിഴ ചുമത്തിയിട്ടുമുണ്ട്. അരക്കോടി രൂപയുടെ പ്രവൃത്തി ഇയാൾ പൂർത്തിയാക്കിയതായി അധികൃതർ പറഞ്ഞു. അടുത്ത കരാർ നൽകാൻ വേണ്ടി വരുന്ന എല്ലാ ബാധ്യതയും ഈ കരാറുകാരനിൽനിന്ന് ഈടാക്കുമെന്നും വിശദീകരണുണ്ട്.
ആദ്യ പ്രവൃത്തി ഏറ്റെടുത്തയാൾ പണി പൂർത്തിയാക്കാൻ മൂന്നുമാസം സമയം നീട്ടി ചോദിച്ചിരുന്നു. ഈ കാലാവധിയും അവസാനിക്കാറായെന്ന് പൊതുമരാമത്ത് എൻജിനീയർ പറഞ്ഞു. ഫലത്തിൽ രണ്ട് പ്രവൃത്തിയും പുതിയ കരാറുകാരെ കണ്ടെത്തി ഏൽപ്പിക്കേണ്ട നിസ്സഹായവസ്ഥയിലാണ് വകുപ്പ് അധികൃതർ. മഴക്കാലമായതോടെ തകർന്ന റോഡിലൂടെയുള്ള യാത്ര ദുസ്സഹമായി. റോഡിലെ കുഴികളിൽ ഇരുചക്രവാഹന യാത്രക്കാർ വീഴുന്നതും പരിക്കേൽക്കുന്നതും പതിവാണ്. കഴിഞ്ഞ ദിവസം നഗരസഭ മുൻ വൈസ് ചെയർപേഴ്സനും നിലവിൽ നഗരസഭ അംഗവുമായ ടി. സീനയും മറ്റൊരംഗം സി. സന്ധ്യയും കുഴിയിൽപെട്ട് വീണ് പരിക്കേറ്റിരുന്നു.
സീനയുടെ കാലിന്റെ എല്ല് പൊട്ടുകയും ചെയ്തു. തുടർച്ചയായി കുഴികളായയതിനാൽ വലിയ വാഹനങ്ങൾക്കും മുന്നോട്ട് നീങ്ങാൻ ഏറെ പ്രയാസമാണ്. ഇതിനാൽ ഇവിടെ എപ്പോഴും ഗതാഗതക്കുരുക്കാണ്. കാൽനടയാത്ര പോലും പറ്റാത്ത നിലയിലാണുള്ളത്. ചെളി തെറിപ്പിച്ചതിനെച്ചൊല്ലിയുള്ള വഴക്കിനും കൈയ്യാങ്കളിക്കും കുറവില്ല. പ്രശ്നത്തെച്ചൊല്ലി ബി.ജെ.പി പ്രവർത്തകർ പൊതുമരാമത്ത് ഓഫിസ് ഉപരോധിച്ചു. രണ്ട് ദിവസത്തിനകം കുഴികളടച്ച് തത്കാലം പ്രശ്നം പരിഹരിക്കാമെന്ന ഉറപ്പിൻമേൽ സമരം അവസാനിപ്പിച്ചു. നഗരസഭ അംഗം പി. പ്രസാദ്, എം.പി. സതീഷ് കുമാർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.