ജലത്തിന് കേഴുമ്പോഴും പൈപ്പ് പൊട്ടലിന് ശാശ്വത പരിഹാരമില്ല
text_fieldsഷൊർണൂർ: കുളപ്പുള്ളി-കല്ലുരുട്ടി-കുറുവട്ടൂർ റോഡിലൂടെ യാത്ര ചെയ്താൽ ജല അതോറിറ്റി വെള്ളം പാഴാക്കുന്നതിന്റെ തോത് വ്യക്തമാകും. മൂന്ന് കിലോമീറ്ററിനുള്ളിൽ ഇരുപതോളം സ്ഥലത്താണ് പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്. കല്ലുരുട്ടിയിൽനിന്ന് കണയം സെന്ററിലേക്കുള്ള ഒരു കിലോമീറ്റർ ദൂരത്തിൽ നിരവധി സ്ഥലത്ത് പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നുണ്ട്.
കണയം വായനശാല ഭാഗത്തുനിന്ന് പാറപ്പുറം, പാലന്നൂർ വഴി കുളപ്പുള്ളിയിലേക്ക് പോകുന്ന റോഡിൽ തോട് കണക്കെയാണ് വെള്ളം പരന്നൊഴുകുന്നത്. കുളപ്പുള്ളി ചിന്താമണി ജങ്ഷൻ, തൃപ്പുറ്റ പാടം എന്നിവിടങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. കടുത്ത വേനലിൽ വെള്ളം പാഴാകുമ്പോഴും നഗരസഭ അധികൃതരും അംഗങ്ങളും ഒന്നുമറിയാത്ത ഭാവത്തിലാണ്. പുതിയ പൈപ്പിട്ടശേഷം വെള്ളം കടത്തിവിട്ട ഭാഗങ്ങളിലാണ് പൈപ്പ് പൊട്ടിയും, കൂട്ടിച്ചേർത്തയിടത്ത് ഒലിച്ചിറങ്ങിയും വെള്ളം പാഴാകുന്നത്.
കല്ലുരുട്ടിയിൽ ജല സമ്മർദം കുറക്കാൻ നേരത്തേ സ്ഥാപിച്ച വാൽവിലെ ചോർച്ച വർഷങ്ങൾ പിന്നിട്ടിട്ടും അടക്കാനായിട്ടില്ല. അഞ്ച് മീറ്ററിനുള്ളിൽ പുതിയ പൈപ്പിട്ടിടത്ത് പുതിയ വാൽവ് ഘടിപ്പിച്ചിട്ട് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂ. ഇവിടെ വ്യാപകമായാണ് വെള്ളം ചോരുന്നത്. റോഡിലൂടെ പരന്നൊഴുകി നേരത്തേ അടർന്നതിന്റെ ബാക്കി ഭാഗങ്ങൾ കൂടി തകരുകയാണ്. വെള്ളം പാഴാകുന്നത് മാത്രമല്ല, പുന:രുദ്ധരിച്ച റോഡുകൾ ദിവസങ്ങൾക്കകം തകരുന്നതും സങ്കടകരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.