ഷൊർണൂർ റെയിൽവേ ജങ്ഷന് പുതുവർഷത്തിൽ പുതിയ മുഖം
text_fieldsഷൊർണൂർ: കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും വലുതുമായ ഷൊർണൂർ റെയിൽവെ ജങ്ഷന് പുതുവർഷത്തിൽ ഏറെ പുതുമ കൈവരും. ഇടുങ്ങിയ റോഡും പ്രവേശന കവാടവും പാർക്കിങ് ഗ്രൗണ്ടുമെല്ലാം വിമാനത്താവളങ്ങളിലേതിന് സമാനമാകും. ഒപ്പം എസ്കലേറ്റർ, എ.സി വിശ്രമമുറി അടക്കം ആധുനിക സൗകര്യങ്ങളുമൊരുങ്ങും.
അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി 12.94 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ആരംഭിച്ചിട്ട് രണ്ട് വർഷമായി. 2024 ഡിസംബറിൽ പൂർത്തിയാകേണ്ട പ്രവൃത്തികൾ ഇനി പുതിയ വർഷത്തിലാകും പൂർണമാവുക. ദിനംപ്രതി ആയിരക്കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന സ്റ്റേഷന്റെ അവസ്ഥ ദയനീയമായിരുന്നു. ഇതിനാണ് പുതിയ വർഷത്തിൽ അടിമുടി മാറ്റം വരുക.
സ്റ്റേഷന് മുന്നിലൂടെയുള്ള റോഡ് അസൗകര്യങ്ങൾ നിറഞ്ഞതായിരുന്നു. ഇടുങ്ങിയ റോഡരികിൽ തന്നെയാണ് വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നത്. സ്റ്റേഷനിലോടുന്ന ഓട്ടോറിക്ഷകളും വഴിയരികിലാണ് നിർത്തിയിട്ടിരുന്നത്. ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ സ്റ്റേഷന് മുന്നിലൂടെ ടൗണിലേക്ക് പോകുന്ന റോഡിന്റെ ഗതി തന്നെ മാറ്റി വിടുകയാണ്. പുതിയ റോഡിന്റെ പണി അവസാനഘട്ടത്തിലാണ്. സ്റ്റേഷനിൽനിന്ന് ബസ് സ്റ്റാൻഡിലേക്കുള്ള ദൈർഘ്യവും കുറയും. 5000 ചതുരശ്രയടി പാർക്കിങ് ഗ്രൗണ്ടാണ് പൂർത്തിയാക്കുക. പഴയ റോഡിന്റെ സ്ഥലം വിനിയോഗിക്കാനാവുമെന്നതിനാൽ കൂടുതൽ സൗകര്യങ്ങളുമൊരുങ്ങും. വിശാലമായ കവാടങ്ങളുടെ പണി നടന്നു വരുന്നു. സ്റ്റേഷന് മുൻവശം സൗന്ദര്യവത്കരിക്കും.
പുതിയ മേൽപാലം നിർമിച്ച് കഴിഞ്ഞു. പഴയ മേൽപ്പാലത്തിന്റെ അറ്റകുറ്റപ്പണി പുരോഗമിക്കുകയാണ്. ഇതുകൂടി പൂർത്തിയായി തുറന്നുകൊടുത്താൽ പ്ലാറ്റ്ഫോമുകളിലേക്ക് കയറാനും ഇറങ്ങാനുമുള്ള ബുദ്ധിമുട്ടും മാറും. സ്റ്റേഷന് മുമ്പിൽ മലിനജലവും മാലിന്യവും കെട്ടിക്കിടന്ന ഭാഗം പൂർണമായും നികത്തി പുതിയ അഴുക്ക് ചാൽ നിർമിച്ചു. സംരക്ഷണഭിത്തികളുടെ നിർമാണം നടന്നു വരുന്നു. മേൽക്കൂരയില്ലാത്ത പ്ലാറ്റ്ഫോമുകളിൽ അത് നിർമിക്കും. ആവശ്യമായ ശുചി മുറികളും നിർമിക്കും. കൂടുതൽ തുക വകയിരുത്തി ആധുനിക സൗകര്യങ്ങളുള്ള സ്റ്റേഷനായി ഷൊർണൂർ മാറുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.