കോവിഡ് കുത്തിവെപ്പ് ശനിയാഴ്ച മുതൽ, ആദ്യഘട്ടം ജില്ലക്ക് 30,870 ഡോസ്
text_fieldsപാലക്കാട്: ജില്ലക്കായി 30,870 ഡോസ് കോവിഡ് വാക്സിൻ അനുവദിച്ചു. ആരോഗ്യപ്രവർത്തകർക്കായുള്ള പ്രതിരോധ കുത്തിവെപ്പ് ജനുവരി 16ന് ജില്ലയിലെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ നൽകും. രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെയാണ് കുത്തിവെപ്പ്. വിവിധ മേഖലകളിലുള്ള ആരോഗ്യപ്രവർത്തകരെ ആനുപാതികമായി കണ്ടെത്തിയാണ് ഒന്നാം ഘട്ടം കുത്തിവെപ്പ് നടത്തുക.
12,630 പേർക്ക് ഒന്നാം ഡോസ് നൽകും. ഇവർക്കുതന്നെ 28 ദിവസം കഴിഞ്ഞ് രണ്ടാമത്തെ ഡോസ് നൽകും. കോവിഡ് പ്രതിരോധ മാനദണ്ഡം പൂർണമായും പാലിച്ചുകൊണ്ടാകും കുത്തിവപ്പ്. ഗർഭിണികളെയും 18 വയസ്സിന് താഴെയുള്ളവരെയും കുത്തിവെപ്പിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇൻസുലേറ്റസ് വാക്സിൻ വാൻ പരിചയസമ്പന്നമായ ഡ്രൈവർ സുരക്ഷ ഉദ്യോഗസ്ഥൻ സഹിതം റീജനൽ വാക്സിൻ സ്റ്റോറിൽനിന്നും വാക്സിൻ സ്വീകരിച്ച് ജില്ല വാക്സിൻ സ്റ്റോറിൽ കൊണ്ടുവരും. കുത്തിവെപ്പ് മരുന്ന് പൂർണമായും ശീത ശൃംഖലയിൽ സൂക്ഷിക്കേണ്ടതിനാൽ വൈദ്യുതിലഭ്യത മുടങ്ങാതിരിക്കാൻ കെ.എസ്.ഇ.ബിയോട് നിർദേശിച്ചിട്ടുണ്ട്.
നെന്മാറ, അഗളി, അമ്പലപ്പാറ, നന്ദിയോട്, ചാലിശ്ശേരി, കൊപ്പം സി.എച്ച്.സികൾ, കോട്ടോപ്പാടം പി.എച്ച്.സി, പാലക്കാട് ജില്ല ആശുപത്രി, ജില്ല ആയുർവേദ ആശുപത്രി, എന്നിവിടങ്ങളിലായിരിക്കും കുത്തിവെപ്പ് നടത്തുക. ജില്ലതലത്തിൽനിന്ന് ഉദ്യോഗസ്ഥർ ഈ സ്ഥാപനങ്ങൾ സന്ദർശിച്ച് സജ്ജീകരണം ഉറപ്പുവരുത്തിയിട്ടുണ്ട്. കുത്തിവെപ്പ് കേന്ദ്രം പൂർണമായും സജ്ജമാണെന്ന് ഡി.എം.ഒ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.