ഒന്നാം വിള നെല്ല് സംഭരണത്തിന് ഒച്ച് വേഗം; കർഷകർ ആശങ്കയിൽ
text_fieldsപാലക്കാട്: വിളവെടുപ്പ് നടത്തി മാസങ്ങൾ കഴിഞ്ഞിട്ടും സപ്ലൈകോയുടെ നെല്ല് സംഭരണം ഇഴയുന്നതോടെ കർഷകർ ആശങ്കയിൽ. സംസ്ഥാനത്തെ 40 ഓളം സ്വകാര്യ മില്ലുകൾ ഇപ്പോഴും സപ്ലൈകോയുമായി കരാറിലേർപ്പെടാതെ മാറി നിൽക്കുന്നതാണ് സംഭരണം താളം തെറ്റാൻ കാരണം. കഴിഞ്ഞ ദിവസം ജില്ലയിലെ രണ്ടും മില്ലുകൾ കൂടി സംഭരണത്തിന് എത്തിയെങ്കിലും 13 മില്ലുകൾ മാത്രമാണ് സംഭരണം നടത്തുന്നത്. ഇപ്പോഴും 40 ഓളം മില്ലുകൾ സംഭരണത്തിൽനിന്ന് വിട്ടുനിൽക്കുകയാണ്. സപ്ലൈകോ ഇതുവരെ ജില്ലയിൽനിന്ന് സംഭരിച്ചത് 8.50 മെട്രിക് ടൺ നെല്ല് മാത്രമാണ്. 1.13 ലക്ഷം മെട്രിക് ടൺ നെല്ലാണ് സംഭരിക്കാൻ ലക്ഷ്യമിടുന്നത്.
49,305 പേരാണ് സംഭരണത്തിനായി രജിസ്റ്റർ ചെയ്തത്. എന്നാൽ 3000 ഓളം കൃഷിക്കാരിൽ നിന്നുമാത്രമാണ് ശേഖരിച്ചത്. ഇവർക്ക് ഇതുവരെ പി.ആർ.എസും നൽകിയിട്ടില്ല.
സംഭരണം കാര്യക്ഷമമായി നടത്താൻ കഴിയുന്ന ജില്ലയിലെ ചില മില്ലുകളെ സപ്ലൈകോ വേണ്ടത്രെ പരിഗണിക്കാത്തതായും പരാതിയുണ്ട്. ഈ സാഹചര്യം തുടർന്നാൽ ജില്ലയിലെ നെല്ല് സംഭരണം പൂർത്തിയാക്കാൻ മാസങ്ങൾ വേണ്ടിവരും. ജില്ലയിൽ പലയിടത്തും കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കൊയ്തെടുത്ത നെല്ല് ചാക്കിലാക്കി സുക്ഷിക്കാൻ കർഷകർ പ്രയാസപ്പെടുകയാണ്. പലരും ഒഴിഞ്ഞ പറമ്പുകളിലും കളത്തിലും നെല്ല് ചാക്കിലാക്കി വെച്ചിരിക്കുകയാണ്.ചിലർ നഷ്ടം സഹിച്ച് സ്വകാര്യ മില്ലുകളുകൾക്ക് നേരിട്ട് നെല്ല് നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.