മണ്ണും മണലും നീക്കല്‍ നിലച്ചു; മംഗലം ഡാം കുടിവെള്ള പദ്ധതി അവതാളത്തില്‍
text_fieldsമംഗലംഡാം: മംഗലം ഡാം റിസർവോയറിലെ മണ്ണും മണലും നീക്കംചെയ്യുന്ന പദ്ധതി പാതിവഴിയില്‍ നിലച്ചതോടെ ജില്ലയിലെ തന്നെ ഏറ്റവും വലിയ കുടിവെള്ള പദ്ധതികളിലൊന്നായ മംഗലം ഡാം സമഗ്ര കുടിവെള്ള പദ്ധതി അവതാളത്തിൽ. ഡാമിലെ മണ്ണ് നീക്കംചെയ്യല്‍ നിലച്ചതാണ് കോടികളുടെ പദ്ധതിയെ ബാധിക്കുന്നത്. ഡാമിലെ ജലസംഭരണം കൂട്ടൽ ലക്ഷ്യംവെച്ചാണ് 2020 ഡിസംബറില്‍ സംസ്ഥാനത്തുതന്നെ ആദ്യ പൈലറ്റ് പദ്ധതിയായി കൊട്ടിഘോഷിച്ച് മണ്ണെടുപ്പ് തുടങ്ങിയത്.
മൂന്ന് വർഷംകൊണ്ട് പദ്ധതി പൂർത്തീകരിക്കുമെന്നായിരുന്നു പ്രഖ്യാപനം. പക്ഷെ, ഒന്നും ഉണ്ടായില്ല. കൂടുതല്‍ ജലസംഭരണത്തിലൂടെ മാത്രമേ കുടിവെള്ള പദ്ധതിക്ക് വെള്ളമുണ്ടാകൂ. അതല്ലെങ്കില്‍ രണ്ടാംവിള നെല്‍കൃഷിക്കുള്ള ജലവിതരണത്തോടെ ഡാം വറ്റുന്ന സ്ഥിതിയാണ്. 2018 ജൂലൈയില്‍ നിർമാണോദ്ഘാടനം കഴിഞ്ഞ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ഇടലും പ്രധാന ടാങ്ക് നിർമാണവും ഏതാണ്ട് പൂർത്തിയായി. നക്ഷത്ര ബംഗ്ലാകുന്നില്‍ ജലസംഭരണികളുടെയും ജല ശുദ്ധീകരണ ശാലകളുടെയും പണികള്‍ മിനുക്കുപണി ഘട്ടത്തിലെത്തി.
വണ്ടാഴി, കിഴക്കഞ്ചേരി, വടക്കഞ്ചേരി, കണ്ണമ്പ്ര എന്നീ നാലു പഞ്ചായത്തുകളിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാനുള്ളതാണ് പദ്ധതി. 95 കോടി രൂപയാണ് പദ്ധതിക്കായി ഇപ്പോള്‍ കണക്കാക്കിയിട്ടുള്ളതെങ്കിലും പണികള്‍ പൂർത്തിയാകുമ്പോള്‍ 140 കോടി വേണ്ടിവരുമെന്നാണ് നിഗമനം.
നക്ഷത്ര ബംഗ്ലാക്കുന്നില് 24.50 ദശലക്ഷം ലിറ്റർ പ്രതിദിന ശേഷിയുള്ള ജല ശുദ്ധീകരണശാലയുടെയും അതേ സംഭരണശേഷിയുള്ള ഉന്നതതല ക്ലിയർ വാട്ടർ സംഭരണിയുടെയും പണികളാണ് പൂർത്തിയായത്. ഏതുസമയവും രണ്ട് ടാങ്കുകളിലായി 60 ലക്ഷം ലിറ്റർ വെള്ളം ശുദ്ധീകരണ പ്രക്രിയകളിലൂടെ കടന്നുപോയിക്കൊണ്ടിരിക്കും. പ്രതിദിനം 240 ലക്ഷം ലിറ്റർ വെള്ളം ഡാമില്‍ നിന്ന് പമ്പ് ചെയ്യണം. മഴക്കാല മാസങ്ങളിലും ഡിസംബർ വരെയും ഇത് സാധ്യമാകും.
രണ്ടാംവിള നെല്‍കൃഷിക്ക് വെള്ളം വിടുന്നതിനൊപ്പം കുടിവെള്ളത്തിനും ഇത്രയും വെള്ളം കണ്ടെത്തേണ്ടതുണ്ട്. മഴക്കാലത്ത് ഷട്ടറുകള്‍ തുറന്ന് പുഴയിലേക്ക് ഒഴുക്കി വെള്ളം പാഴാകുന്നത് തടയാനായാല്‍ ഈ പദ്ധതികളെല്ലാം വിജയമാകും. ഇതിന് ഡാമിന്റെ സംഭരണശേഷി പൂർവകാല സ്ഥിതിയിലാക്കണം. ഡാമിന്റെ സംഭരണശേഷി കൂട്ടാതെ കുടിവെള്ള പദ്ധതി വിജയിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.