മണ്ണിന് പൊന്നുവില; അതിർത്തിയിൽ ഖനനം വ്യാപകം
text_fieldsഗോവിന്ദാപുരം: മണ്ണിന് പൊന്നിന്റെ വിലയായതോടെ അതിർത്തിയിൽ മണ്ണ് ഖനനം വ്യാപകമായി. കഴിഞ്ഞവർഷം 1600 മുതൽ 1800 രൂപവരെ വിലയുണ്ടായിരുന്ന ഒരു ലോഡ് മണ്ണിന് നിലവിൽ 3600 മുതൽ 4200 രൂപ വരെയാണ് വില.
സ്വകാര്യ സ്ഥലത്ത് ഒരു വകുപ്പിന്റെയും അനുവാദമില്ലാതെ മണ്ണ് ഖനനം നടത്തുന്നവരാണ് വലിയ തോതിൽ വിൽപന നടത്തുന്നത്. നെൽപ്പാടം നികത്താനും കെട്ടിട നിർമാണത്തിൽ തറ നികത്താനുമാണ് മണ്ണ് വ്യാപകമായി ഉപയോഗിക്കുന്നത്. പൊലീസ്, റവന്യൂ, ജിയോളജി വകുപ്പുകൾ മണ്ണ് ഖനനത്തിനെതിരെ നടപടി സ്വീകരിക്കുന്നതിനാലാണ് മണ്ണുവില വ്യാപകമായി വർധിപ്പിക്കുന്നത്. ഇതുമൂലം ലൈഫ് ഭവന പദ്ധതിയിൽ വീട് നിർമിക്കുന്നവർക്ക് അസ്ഥിവാരത്തിനകത്ത് മണ്ണ് നിറക്കാൻ വലിയ തുക നൽകേണ്ട അവസ്ഥയാണ്. 800 ചതുരശ്ര അടി വിസ്തൃതിയിൽ വീട് നിർമിക്കണമെങ്കിൽ 40,000 രൂപയിലധികം നൽകി മണ്ണ് വാങ്ങി തറ നിറക്കേണ്ട അവസ്ഥയാണ് സാധാരണക്കാർക്ക്. ഈ അവസരം മുതലെടുത്ത് നിരവധി മണ്ണ് വിൽപനക്കാർ ഓരോ പഞ്ചായത്തുകളിലും കൂൺ പോലെ ഉയർന്നുവരുകയാണ്.
മുതലമട, വടകരപതി, പെരുമാട്ടി, എരുത്തേമ്പതി തുടങ്ങിയ പഞ്ചായത്തുകളിൽ അതിർത്തി പ്രദേശങ്ങളിൽ അനധികൃതമായി മണ്ണ് ഖനനം നടത്തുന്നവർക്ക് ഇത് ചാകരയായി. സർക്കാർ ഭവന പദ്ധതികൾ അനുവദിക്കുമ്പോൾ ആവശ്യത്തിന് ചുള്ളിയാർ, മീങ്കര ഡാമുകൾ ആഴം കൂട്ടി പുറത്തെടുക്കുന്ന ഉപയോഗശൂന്യമായ മണ്ണ് നൽകണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. അനധികൃതമായി മണ്ണ് ഖനനം നടത്തി വൻ തുക പാവങ്ങളിൽനിന്നും തട്ടിപ്പറിക്കുകയും ഏക്കർ കണക്കിന് നെൽപ്പാടങ്ങൾ നികത്തുകയും ചെയ്യുന്ന പ്രവണതക്കെതിരെ ജില്ല കലക്ടർ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.