സൗരോർജ പാനൽ തകരാറുകൾ പരിഹരിച്ചില്ല;കോളനികൾ ഇരുട്ടിൽ തന്നെ
text_fieldsപറമ്പിക്കുളം: സൗരോർജ വിളക്കുകൾ തകരാറിലായത് പരിഹരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കുരിയാർകുറ്റി, എർത്ത് ഡാം, പൂപ്പാറ, ചുങ്കം, അഞ്ചാം കോളനി, തേക്കടി, അല്ലി മൂപ്പൻ തുടങ്ങിയ കോളനികളിൽ സ്ഥാപിച്ച സോളാർ പാനലുകളും അനുബന്ധ ഗാർഹിക കണക്ഷനുകളുമാണ് മിക്കപ്പോഴും തകരാറിലാകുന്നത്. സോളാർ പാനലുകളിൽ നിന്നുള്ള വൈദ്യുതി സംഭരിക്കുന്ന ബാറ്ററികളിലെ തകരാറും ബാറ്ററികളിൽനിന്നും ബൾബുകളിലേക്കുള്ള സർക്യൂട്ട് തകരാറുകളും സോളാർ പാനലുകൾ തന്നെ തകരാറിലായതുമാണ് മിക്ക ഊരുകളും രാത്രിയിൽ ഇരുട്ടിലാകാൻ കാരണമായത്.
ലക്ഷങ്ങൾ ചിലവഴിച്ച് സ്ഥാപിച്ച സൗരോർജ കണക്ഷനുകൾ യഥാസമയത്ത് അറ്റകുറ്റപണികൾ നടത്തി തകരാറുകൾ പരിഹരിക്കാത്തതാണ് വീടുകൾ ഇരുട്ടിലാകാൻ കാരണമായത്. സന്ധ്യയായി കഴിഞ്ഞാൽ അരമണിക്കൂർ മാത്രമാണ് പകുതിയോളം വീടുകളിൽ വിളക്കുകൾ പ്രകാശിക്കുന്നത്. ഇതിനകം ഭക്ഷണം കഴിച്ച് ഉറങ്ങാൻ തയാറാക്കുന്ന അവസ്ഥയാണുള്ളത്. റേഷൻ മണ്ണെണ്ണയും കൃത്യമായി ലഭിക്കാത്തതിനാൽ മണ്ണെണ്ണ വിളക്കുകളും കോളനികളിൽ കുറഞ്ഞുവരികയാണ്.
നിലവിൽ അടുത്തകാലത്ത് വിവിധ കോളനികളിൽ സൗരോർജ ഹൈമാസ്റ്റ് ലൈറ്റുകളുടെ പ്രവർത്തനം ഉദ്ഘാടനം നടന്നുവെങ്കിലും പൂർത്തീകരിച്ചാൽ മാത്രമാണ് കോളനികളിൽ വെളിച്ചം ഉണ്ടാകുന്നത്. സൗരോർജ വിളക്കുകൾ തടസ്സമില്ലാതെ പ്രകാശിക്കാനും കുണ്ടും കുഴികളും ഇല്ലാത്ത വഴികൾ ശരിയാക്കാനുമുള്ള പ്രധാനപ്പെട്ട ആവശ്യങ്ങളാണ് കോളനികളിൽ എത്തുന്ന സ്ഥാനാർഥികളുടെ പറമ്പിക്കുളത്തെ ആദിവാസികൾക്ക് പറയാനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.