പാലക്കാട് ജില്ല ആശുപത്രിയിലെ സ്ഥലപരിമിതിക്ക് പരിഹാരം
text_fieldsപാലക്കാട്: ജില്ല ആശുപത്രി കെട്ടിടങ്ങളുടെ നവീകരണത്തിന് ജില്ല പഞ്ചായത്ത് ഏറ്റെടുത്ത 50 ലക്ഷം രൂപയുടെ പദ്ധതി 2023-24 വർഷത്തിൽ പൂർത്തിയാക്കുമെന്ന് സെക്രട്ടറി മനുഷ്യാവകാശ കമീഷനെ അറിയിച്ചു.
കാഷ്വൽറ്റി ഒബ്സർവേഷൻ വാർഡ്, എം.എം വാർഡ് എന്നിവിടങ്ങളിൽ മൂന്ന് അടി വീതിയുള്ള കിടക്കയിൽ രണ്ടുരോഗികളെ കിടത്തിച്ചികിത്സിക്കുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് എസ്.ആർ. മല്ലികാർജുൻ സമർപ്പിച്ച പരാതിയിലാണ് നടപടി. കമീഷൻ ആക്ടിങ് ചെയർപേഴ്സനും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ട വിശദീകരണത്തിലാണ് ഇക്കാര്യമുള്ളത്. ജില്ല ആശുപത്രി സൂപ്രണ്ടിൽനിന്ന് കമീഷൻ റിപ്പോർട്ട് വാങ്ങി. കാഷ്വൽറ്റി ഒബ്സർവേഷൻ മുറിയിൽ 11 കിടക്കകൾ മാത്രമാണുള്ളതെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഒരുദിവസം 100 മുതൽ 150 രോഗികളെവരെ ഇവിടെ നിരീക്ഷിക്കേണ്ടിവരാറുണ്ട്. എം.എം വാർഡിൽ 70 കിടക്കകളാണുള്ളത്. ഇവിടെ 100 രോഗികളെ വരെ പ്രവേശിപ്പിക്കാറുണ്ട്. ഒരു രോഗിക്ക് ഒരു കിടക്ക നൽകുകയാണെങ്കിൽ 70 പേരെ മാത്രമേ കിടത്തിച്ചികിത്സിക്കാൻ കഴിയൂവെന്നും റിപ്പോർട്ടിൽ പറയുന്നു.
പാലക്കാട് മെഡിക്കൽ കോളജ് പൂർണതോതിൽ പ്രവർത്തനക്ഷമമാകുന്നതോടെ സ്ഥലപരിമിതി പരിഹരിക്കാൻ കഴിയുമെന്ന് ജില്ല പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ജില്ല ആശുപത്രിയിൽ ജീർണാവസ്ഥയിലുള്ള കെട്ടിടങ്ങൾ പൊളിച്ച് കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയ കെട്ടിടങ്ങൾ നിർമിക്കുന്നതോടെ ചികിത്സ സൗകര്യം മെച്ചപ്പെടുത്താൻ കഴിയുമെന്നും റിപ്പോർട്ടിലുണ്ട്. ഇക്കാര്യത്തിൽ സ്വീകരിച്ച നടപടി സംബന്ധിച്ച റിപ്പോർട്ട് രണ്ട് മാസത്തിനുള്ളിൽ സമർപ്പിക്കണമെന്നും കമീഷൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.