അട്ടപ്പാടിയിൽ ഭൂ സർവേക്ക് സ്പെഷൽ ഓഫിസർ റവന്യൂ; വകുപ്പ് നടപടിയായില്ല
text_fieldsപാലക്കാട്: അട്ടപ്പാടിയിൽ ഭൂസർവേക്ക് സ്പെഷൽ ഓഫിസറെ നിയോഗിക്കണമെന്ന ഹൈകോടതി ഉത്തരവിൽ റവന്യൂ വകുപ്പിന് മൗനം. 2015 ജൂലൈ 15നായിരുന്നു സർവേ നടത്താൻ സ്പെഷ്യൽ ഓഫിസറെ നിയോഗിച്ചത് സംബന്ധിച്ച റിപ്പോർട്ട് നടപടിക്ക് ശേഷം സമർപ്പിക്കാൻ ഹൈകോടതി ഉത്തരവിട്ടത്.
അട്ടപ്പാടിയിലെ ശിശു മരണത്തെ തുടർന്ന് തൃശൂരിലെ മാധ്യമ പ്രവർത്തകനായ പി.ടി. ജോസഫ് നൽകിയ പൊതുതാൽപര്യ ഹരജിയിലാണ് 2015 ജൂലൈ 15ന് ജഡ്ജി തോട്ടത്തിൽ ബി. രാധാകൃഷ്ണൻ, സുനിൽ തോമസ് എന്നിവർ ഭൂസർവേക്ക് പ്രത്യേക ഉദ്യോസ്ഥനെ നിയോഗിക്കാൻ ഉത്തരവായത്. അട്ടപ്പാടിയിലെ ഭൂപ്രകൃതി, ഭൂമിയുടെ സ്വഭാവം, ഭൂമിയുടെ വിസ്തീർണം എന്നിവ കണക്കിലെടുക്കുമ്പോൾ, അട്ടപ്പാടിയിലെ മുഴുവൻ പ്രദേശവും സർവേ ചെയ്യാൻ ഒരു സ്പെഷ്യൽ ഓഫിസറെ നിയമിക്കേണ്ടത് ആവശ്യമാണെന്ന് ഹൈകോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരുന്നു. സർക്കാരിന് ഭൂമിയുടെ വ്യക്തവും സമഗ്രമായ കണക്കെടുക്കാനായിരുന്നു ഇത്. സാമൂഹികവും സാമ്പത്തികവുമായി വലിയ വെല്ലുവിളി നേരിടുന്ന ആദിവാസികൾ ഏറെയുള്ള അട്ടപ്പാടിയെ പ്രത്യേക മേഖലയായി കണക്കാക്കണമെന്നും ഹൈകോടതി ചൂണ്ടിക്കാട്ടിയിരുന്നു.
ഹൈകോടതി ഉത്തരവ് പരിഗണിച്ച് സർക്കാർ അട്ടപ്പാടിയെ പ്രത്യേക ട്രൈബൽ താലൂക്കായി പ്രഖ്യാപിച്ചതോടെ പ്രത്യേക റവന്യു ഭരണ മേഖലയായി. എന്നാൽ, അട്ടപ്പാടി മേഖല മുഴുവൻ സർവേ നടത്താൻ സ്പെഷൽ ഓഫിസറെ നിയോഗിക്കണമെന്ന ഹൈകോടതി ഉത്തരവിനോട് റവന്യൂ വകുപ്പ് കണ്ണടച്ചു.
ഭൂമി സർവേ ചെയ്ത് നൽകണമെന്ന് ആവശ്യപ്പെട്ട് അട്ടപ്പാടിയിലെ ആദിവാസികൾ മന്ത്രി കെ. രാജനും റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്കും നൽകിയ അപേക്ഷകളും പരിഗണിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.