ആട്ടുതല സുന്ദരൻ അറുപതിെൻറ നിറവിൽ
text_fieldsശ്രീകൃഷ്ണപുരം: വള്ളുവനാടൻ ഉത്സവ വേദികളിലെ മേളപ്രമാണി ആട്ടുതല സുന്ദരൻ അറുപതിെൻറ നിറവിൽ. ചെണ്ടമേളത്തിലെ അതിസങ്കീർണമായ ചിട്ടകളും താളവിന്യാസങ്ങളും നിരന്തര സാധനകൊണ്ട് സ്വായത്തമാക്കി വാദ്യവിസ്മയം തീർക്കുന്ന വാദ്യകലാകാരനാണ് സുന്ദരൻ. ശിഷ്യരും നാട്ടുകാരും ചേർന്ന് ഷഷ്ടിപൂർത്തി ആഘോഷിച്ചു.
തായമ്പകയിൽ പ്രാഗല്ഭ്യം തെളിയിച്ച ആട്ടുതല നാരായണനാശാെൻറ മകനായ രാമചന്ദ്രൻ എന്ന സുന്ദരൻ, പിറന്നു വീണതുതന്നെ താളമേളങ്ങളുടെ തൊട്ടിലിലേക്കായിരുന്നു. പിതാവിെൻറ ശിക്ഷണത്തിൽ മാസങ്ങൾ കൊണ്ടുതന്നെ അരങ്ങേറ്റം കുറിക്കാനായി. ഒരു വൃശ്ചികം 12ന് തെങ്കര വാളങ്കര മൂത്താര് കാവിൽ തുടക്കക്കാരനായ അന്നത്തെ നാലാം ക്ലാസുകാരന് അടിയിൽനിന്ന് ചെണ്ട താങ്ങിക്കൊടുത്തത് പിതാവ് തന്നെയായിരുന്നു. ആ കരുതൽ തന്നെയായിരുന്നു സുന്ദരെൻറ ശക്തിയും. കേളിയിൽ കരിമ്പുഴ രാമപൊതുവാളായിരുന്നു ഗുരുനാഥൻ. പിന്നീട് പല വേദികളിലും ഈ കൊച്ചുപയ്യൻ തായമ്പക കൊട്ടി.
തിമലയും സുന്ദരന് നന്നായി വഴങ്ങി. അത് പഠിച്ചെടുത്തത് 45ാം വയസ്സിൽ. നല്ലേപ്പുള്ളി കുട്ടൻ മാരാരായിരുന്നു ഗുരുനാഥൻ. കരിമ്പുഴ ഗോപി പൊതുവാൾ, കുനിശ്ശീരി അറിയൻ മാരാർ, കേളോത്ത് കുട്ടപ്പൻ മാരാർ, കലാമണ്ഡലം പത്മനാഭൻ മാരാർ തുടങ്ങിയ പ്രതിഭകളുടെ ഗ്രൂപ്പിൽ ഇടയ്ക്ക വാദ്യകലാകാരനായി സുന്ദരൻ പങ്കെടുത്തു.
പുറമെപോയി പഠിപ്പിക്കുന്നതിനോടൊപ്പം വീട്ടിലും കളരിയുണ്ട്. ഒന്നിലധികം തലമുറകളിൽ നിന്നുള്ള ശിഷ്യഗണങ്ങൾക്ക് താളവും മേളവും അതിെൻറ പൂർണമായ ഭാവശുദ്ധിയോടെ പകർന്നുകൊടുത്ത ഈ ഗുരുനാഥെൻറ ശിഷ്യരിൽ പലരും ഈ രംഗത്ത് സജീവമാണ്. കൃഷി, പൊതുപ്രവർത്തനം, സഹകരണം, അഭിനയം തുടങ്ങി സുന്ദരൻ കൈെവക്കാത്ത മേഖലകൾ വിരളമാണ്. ചെറുപ്പകാലംതൊട്ട് കന്നുപൂട്ടിലും കാർഷിക വൃത്തിയിലും താൽപര്യമുള്ള സുന്ദരൻ അമ്പാഴപ്പുള്ളി പുശേഖരത്തിെൻറ പ്രസിഡൻറാണ്. എളിമയോടെയുള്ള പെരുമാറ്റംകൊണ്ടും ജീവിതശൈലികൊണ്ടും ഏവരുമായും സൗഹൃദം സൂക്ഷിക്കുന്ന ഈ കലാകാരൻ ഈശ്വരമംഗലത്തിെൻറ സ്നേഹ സാന്നിധ്യമാണ്. രമാദേവിയാണ് ജീവിതസഖി. മക്കൾ സന്ദീപും അർച്ചനയും സുന്ദരന് സുഹൃത്തുക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.