മെഗാഫോണുകൊണ്ട് വോട്ടഭ്യർഥിച്ച കാലം
text_fieldsശ്രീകൃഷ്ണപുരം: കരിമ്പുഴ ഗ്രാമപഞ്ചായത്തിലെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഒരു യുവാവിെൻറ ആവേശത്തോടെ ചുക്കാൻപിടിക്കുന്ന ഒരാളുണ്ട്, കക്ഷിരാഷ്ട്രീയത്തിനും ജാതിമതചിന്തകൾക്കും അതീതമായി എല്ലാവർക്കും പ്രിയങ്കരനായ പള്ളിതാഴത്ത് വീട്ടിൽ ആറ്റക്കോയ എന്ന പി.എ. തങ്ങൾ.
72 വയസ്സ് പിന്നിട്ട തങ്ങൾ, മുപ്പത്തി രണ്ടര വർഷം കരിമ്പുഴ ഗ്രാമപഞ്ചായത്ത് ഭരണസമിതിയംഗമായിരുന്നു. മുസ്ലിം ലീഗ് ജില്ല കമ്മിറ്റി ട്രഷററും സംസ്ഥാന പ്രവർത്തക സമിതി അംഗവുമായ അദ്ദേഹം, ഇത്തവണ പ്രായാധിക്യവും സംസ്ഥാന കമ്മിറ്റിയുടെ മാർഗനിർദേശവും പരിഗണിച്ച് മത്സര രംഗത്തുനിന്ന് മാറിനിൽക്കുകയായിരുന്നു.
മുൻകാലങ്ങളെ അപേക്ഷിച്ച് നിലവിലെ തെരഞ്ഞെടുപ്പ് പ്രചാരണം സുഖകരമാണെന്നാണ് പി.എ. തങ്ങളുടെ അഭിപ്രായം. ആദ്യകാലങ്ങളിലെ വാർഡുകൾക്ക് ഇപ്പോഴത്തെ ഒരു
വാർഡിെൻറ മൂന്നിരട്ടി വലുപ്പമുണ്ടായിരുന്നു. നടന്നാണ് തെരഞ്ഞെടുപ്പ് പ്രചാരണം. മത്സരിക്കുന്ന വാർഡുകൾക്ക് പുറമേ പഞ്ചായത്തിെൻറ എല്ലാ മുക്കിലും മൂലയിലും നടന്നെത്തണം. ഒരു വീട്ടിൽതന്നെ പലതവണ കയറി വോട്ടഭ്യർഥിക്കും. രാത്രി 10വരെ വീട് കയറും. തുടർന്ന് പാർട്ടി പ്രവർത്തകരുമായി ചർച്ച നടത്തും. വീട്ടിലെത്തുമ്പോൾ ഒരുമണിയാവും. നേരിട്ട് ചെല്ലുന്നതിന് പുറമേ മെഗാഫോൺ ഉപയോഗിച്ച് വിളിച്ചും വോട്ടഭ്യർഥിക്കും. ഇന്നത്തെ പോലെ മൈക്ക് പ്രചാരണം, പൊതുയോഗം, നോട്ടീസ് വിതരണം എന്നിവയും ഉണ്ടായിരുന്നു. ചുണ്ണാമ്പ് ഉപയോഗിച്ചുള്ള ചുവരെഴുത്തും സജീവമായിരുന്നു.
ബാലറ്റ് പേപ്പർ മടക്കുന്നതിനെ കുറിച്ചും വോട്ട് ചെയ്യുന്നതിനെ സംബന്ധിച്ചും പറഞ്ഞു മനസ്സിലാക്കാൻ വേണ്ടിമാത്രം ഒന്നിൽ കൂടുതൽ തവണ വീടുകൾ കയറിയിരുന്നതായി പി.എ. തങ്ങൾ ഓർക്കുന്നു. അന്തരിച്ച മുൻ എം.എൽ.എ പി. കുമാരൻ, യു. മാധവൻ എന്നിവരോടൊപ്പം മുന്നണിയായും അല്ലാതെയും പ്രവർത്തിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ അസുലഭ നിമിഷങ്ങളായി പി.എ. തങ്ങൾ കാണുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.