അതിപുരാതന പുത്തൻകുളം തറവാട് അഗ്നിക്കിരയായതിൽ ദുരൂഹത; അന്വേഷണം ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ
text_fieldsശ്രീകൃഷ്ണപുരം (പാലക്കാട്): കരിമ്പുഴ പഞ്ചായത്തിലെ എളമ്പുലാശ്ശേരി വാക്കടപ്പുറത്തുള്ള അതിപുരാതന തറവാടായ മണിയേടത്ത് പുത്തൻകുളം വീട് അഗ്നിക്കിരയായതിൽ ദുരൂഹതയുണ്ടെന്ന് ആക്ഷൻ കൗൺസിൽ. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കണമെന്ന് ആവശ്യപ്പെട്ടു. ഏപ്രിൽ രണ്ടിന് അർധ രാത്രിയോടെയാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള വീട് കത്തിനശിച്ചത്. പുത്തൻകുളം വീട്ടിൽ രാമദാസ് താമസിച്ചിരുന്ന വീടാണ് കത്തിനശിച്ചത്. രാമദാസും കുടുംബവും ആറു മാസമായി ചെന്നൈയിലാണ് താമസം.
ആളില്ലാത്ത സമയത്താണ് തീപിടിത്തം ഉണ്ടായതെന്നത് ദുരൂഹത വർധിപ്പിക്കുന്നു. വീടിന്റെ മുൻവശത്തെ വാതിലിന്റെ താഴ് പൊളിച്ച നിലയിലാണ് കാണപ്പെട്ടത് എന്നതും ദുരൂഹതക്ക് ആക്കം കൂട്ടി. രണ്ട് നിലകളുള്ള വീടിന്റെ മുകൾ നിലയിലാണ് ആദ്യം തീ പടർന്നത്. വീടിന്റെ പകുതിയിലധികവും കത്തിനശിച്ച നിലയിലാണ്. രണ്ട് ലക്ഷം രൂപയിലധികം വിലയുള്ള റബർ ഷീറ്റുകളും പൂർണമായും കത്തിനശിച്ചു. തീ പടരുന്നത് കണ്ട് സമീപവാസികൾ കോങ്ങാട്ടെ അഗ്നിരക്ഷാസേനയേയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു.
വിരലടയാള വിദഗ്ധരും ഡോഗ് സ്കോഡും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും തുടർനടപടിയുണ്ടായില്ല. കേസിലെ പ്രതികളെ ഉടൻ പിടികൂടണമെന്നും അല്ലാത്ത പക്ഷം സമര പരിപാടികൾ ശക്തമാക്കുമെന്നും ആക്ഷൻ കൗൺസിൽ ഭാരവാഹികളായ കെ.കെ. ഷൗക്കത്ത്, കെ. വേണുഗോപാൽ എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.