കടമ്പഴിപ്പുറത്ത് നാല് കടകളിൽ മോഷണം
text_fieldsശ്രീകൃഷ്ണപുരം: കടമ്പഴിപ്പുറത്ത് ഒരു കെട്ടിടത്തിൽ പ്രവർത്തിക്കുന്ന നാല് കടകളിൽ മോഷണം. മറ്റ് മൂന്ന് കടകളുടെ പൂട്ടും തകർത്തു. കടമ്പഴിപ്പുറം ആശുപത്രി ജങ്ഷനിലെ എസ്.കെ. ടവറിൽ പ്രവർത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങളിലാണ് വെള്ളിയാഴ്ച്ച രാത്രി മോഷണം നടന്നത്. കടകളുടെ ഷട്ടറിെൻറ പൂട്ടുകൾ പൊളിച്ചാണ് മോഷ്ടാക്കൾ അകത്തു കയറിയത്. സുധർമ ദന്താശുപത്രിയിൽനിന്നും 2,00,000 രൂപ, നാഗാർജുന ആയുർവേദ കടയിൽ നിന്ന് 5000, തൊട്ടടുത്തുള്ള സ്നേഹ ഫാൻസിയിൽനിന്ന് 5500, മാർജിൻ ഫ്രീ സൂപ്പർ മാർക്കറ്റിൽ നിന്ന് 4000 രൂപയും മോഷണം പോയി.
വേദിക ബ്യൂട്ടിപാർലർ, ലാബ് കം കമ്പ്യൂട്ടർ ഷോപ്പ്, റബർ കട എന്നീ വ്യാപാര സ്ഥാപനങ്ങളിലെ പൂട്ടുപൊളിച്ച് മോഷ്ടാക്കൾ അകത്തു കയറിയെങ്കിലും ഒന്നുംതന്നെ നഷ്ടപെട്ടിട്ടില്ല. മാർജിൻ ഫ്രീ സൂപ്പർ മാർക്കറ്റിലെ സി.സി.ടി.വി യൂനിറ്റ് മൊത്തമായും മോഷ്ടാക്കൾ കവർന്നു. ഇതിനു മാത്രം ഒരു ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടതായി സ്ഥാപനമുടമ പറയുന്നു. പാലക്കാട്നിന്ന് വിരലടയാള വിദഗ്ധരും ഷൊർണൂരിൽ നിന്ന് ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സംശയാസ്പദമായ പതിനഞ്ചോളം വിരലടയാളങ്ങൾ സംഘത്തിന് ലഭിച്ചു. ഷൊർണൂരിൽനിന്ന് എത്തിയ ഡോഗ് സ്ക്വാഡിലെ നായ് മണം പിടിച്ച് കുറച്ചു ദൂരം ഓടി. ശ്രീകൃഷ്ണപുരം സി.ഐ കെ.എം. ബിനീഷിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. കെ.എം. ബിനീഷിനാണ് അന്വേഷണച്ചുമതല.
കുന്നുംപുറത്ത് വീടുകളിൽ മോഷണം
തച്ചനാട്ടുകര: കുന്നുംപുറത്ത് രണ്ടുവീടുകളിലായി നടന്ന മോഷണത്തിൽ പതിനായിരം രൂപയും ഡി.വി.ആറും നഷ്ടപ്പെട്ടു. വെള്ളിയാഴ്ച രാത്രിയോടെ കുലുക്കംപാറ സമീർ, തച്ചുപറമ്പിൽ ഉനൈസ് എന്നിവരുടെ വീടുകളിലാണ് മോഷണം നടന്നത്. വീടുകളിലുള്ളവർ മത പ്രഭാഷണത്തിന് പോയ സമയത്താണ് മോഷണം. കുലുക്കംപാറ സമീറിെൻറ വീട്ടിൽനിന്ന് 10,000 രൂപയാണ് മോഷണം പോയത്. ഇവരുടെ ബന്ധുവീട്ടിൽ ഞായറാഴ്ച നടക്കുന്ന കല്യാണത്തിന് അണിയാനായി ആഭരണങ്ങൾ സൂക്ഷിച്ചിട്ടുണ്ടാകാമെന്ന ധാരണയിലാണ് മോഷ്ടാക്കൾ എത്തിയതെന്ന് കരുതുന്നു.
സമീപത്തെ ഉനൈസിെൻറ വീട്ടിൽനിന്ന് സി.സി.ടി.വിയുടെ ഡി.വി.ആറാണ് മോഷ്ടിച്ചത്. സമീറിെൻറ വീട്ടിൽ മോഷണം നടത്തിയത് സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ടാകുമെന്ന് മനസ്സിലാക്കിയിട്ടാവണം ഡി.വി.ആർ മോഷ്ടിച്ചതെന്ന് കരുതുന്നു. നാട്ടുകൽ പൊലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. ഏതാനും മാസങ്ങൾക്കുമുമ്പ് കുന്നുംപുറത്ത് തന്നെ പൊന്നീരി ഹുസൈെൻറ വീട്ടിലും മോഷണം നടന്നിരുന്നു.
അമേറ്റിക്കരയില്‍ പൂട്ടിയിട്ട വീട്ടില്‍ മോഷണം
ആനക്കര: അമേറ്റിക്കരയില്‍ പൂട്ടിയിട്ട വീട്ടിൽനിന്ന് അഞ്ചര പവന് മാലയും അര പവന് മോതിരവും മോഷ്ടിച്ചു.അലമാരയില്‍ സൂക്ഷിച്ചിരുന്നതായിരുന്നു ആഭരണങ്ങൾ. കിഴക്കേ അമേറ്റിക്കരയില്‍ മൂര്‍ക്കോത്ത് സുരേന്ദ്രെൻറ വീട്ടിലാണ് സംഭവം. 20ാം തീയതി മുതല്‍ വീട് പൂട്ടി കുടുംബം പോയിരുന്നു. തിരിച്ച് ശനിയാഴ്ച ഉച്ചക്ക് വന്നപ്പോഴാണ് മുന്‍വശത്തെ വാതില്‍ തുറന്നുകിടക്കുന്നത് ശ്രദ്ധയില്‍ പെടുകയും സ്വർണം നഷ്ടമായതും അറിയുന്നത്. തൃത്താല പൊലീസ് എസ്.ഐ അനീഷിെൻറ നേതൃത്വത്തില്‍ ഡോഗ്സ്ക്വാഡ് ഉള്‍പ്പടെ സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.