കരിമ്പുഴ പഞ്ചായത്തിലെ വിപ്പ് ലംഘനം: യു.ഡി.എഫ് പരാതി തെരഞ്ഞെടുപ്പ് കമീഷൻ തള്ളി
text_fieldsശ്രീകൃഷ്ണപുരം: കരിമ്പുഴ പഞ്ചായത്തിലെ വിപ്പ് ലംഘിച്ച നാല് മെമ്പർമാർക്കെതിരെ യു.ഡി.എഫ് നൽകിയ രണ്ട് കേസിൽ ഒന്ന് തെരഞ്ഞെടുപ്പ് കമീഷൻ തള്ളി. പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. രാജരത്നം, ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ ടി. ഉണ്ണികൃഷ്ണൻ, മെമ്പർമാരായ എം. ചന്ദ്രമോഹനൻ, രാധാകൃഷ്ണൻ എന്നിവർക്കെതിരെ കോൺഗ്രസ് അംഗം പി.സി. കുഞ്ഞിരാമൻ നൽകിയ വിപ്പ് ലംഘന കേസിലാണ് ബുധനാഴ്ച കമീഷൻ വിധി പറഞ്ഞത്.
ഒരു വർഷത്തോളമായി നടക്കുന്ന കേസിൽ ഇരുവിഭാഗങ്ങളുടെയും വാദം കേട്ട ശേഷമാണ് വിധി. ലീഗ് അംഗം എൻ. ഹംസ നൽകിയ മറ്റൊരു വിപ്പ് ലംഘന കേസ്സിൽ വിധി പറഞ്ഞിട്ടില്ല.
പഞ്ചായത്തിൽ നാല് വർഷം യു.ഡി.എഫിനായിരുന്നു ഭരണം. വനിത സംവരണമായതിനാൽ മുസ്ലിം ലീഗിലെ ഷീബ പാട്ടത്തൊടിയായിരുന്നു പ്രസിഡൻറ്. ഷീബ പാട്ടത്തൊടിക്ക് എതിരെ 2019 സെപ്റ്റംബർ ആറിന് എൽ.ഡി.എഫ് അംഗങ്ങൾ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകി. സെപ്റ്റംബർ 27ന് ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അവിശ്വാസ പ്രമേയ നോട്ടീസ് ചർച്ചക്കെടുത്തു.
ചർച്ചയിൽ എൽ.ഡി.എഫ് അവിശ്വാസത്തിന് അനുകൂലമായി കോൺഗ്രസിലെ നാല് മെമ്പർമാർ വോട്ട് രേഖപ്പെടുത്തി. ഇതോടെ യു.ഡി.എഫിന് ഭരണം നഷ്ടപ്പെട്ടു. തുടർന്ന് നടന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിലും നാല് വിമത അംഗങ്ങൾ എൽ.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്തു.
അവിശ്വാസ പ്രമേയത്തെ അനുകൂലിക്കരുതെന്നും പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കണമെന്നും കാണിച്ച് ഡി.സി.സി പ്രസിഡൻറ് നാല് പേർക്കും വിപ്പ് നൽകി. എന്നാൽ, യഥാസമയം തങ്ങൾക്ക് വിപ്പ് ലഭിച്ചില്ലെന്നായിരുന്നു വിമത അംഗങ്ങളുടെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.