സംസ്ഥാന കാര്‍ഷിക അവാര്‍ഡ്: ജില്ലക്ക് അഞ്ച് അവാര്‍ഡുകള്‍
text_fieldsപാലക്കാട്: കാര്‍ഷികവകുപ്പ് ഏര്‍പ്പെടുത്തിയ സംസ്ഥാനതല കര്‍ഷക അവാര്‍ഡുകളില്‍ അഞ്ചെണ്ണം പാലക്കാട് ജില്ലക്ക്. കേരകേസരി, പച്ചക്കറി കര്ഷനുള്ള അവാര്‍ഡ്, കര്‍ഷക പ്രതിഭ, ക്ലസ്റ്റര്‍, ഓണത്തിന് ഒരുമുറം പച്ചക്കറി അവാര്‍ഡുകളാണ് ജില്ലക്ക് ലഭിച്ചത്. സംസ്ഥാന സര്‍ക്കാറിെൻറ ഏറ്റവും മികച്ച കേരകര്‍ഷകനുള്ള കേരകേസരി അവാര്‍ഡ് മീനാക്ഷിപുരം വടകാട്ടുകുളം ശിവഗണേശന് ലഭിച്ചു.
രണ്ടു ലക്ഷം രൂപയും സ്വര്‍ണമെഡലും ഫലകവും സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെടുന്നതാണ് അവാര്‍ഡ്. മികച്ച പച്ചക്കറി കര്‍ഷകനുള്ള അവാര്‍ഡിന് വടകരപ്പതി ഒഴലപ്പതി സ്വദേശി ആര്. മോഹന്‍രാജ് അര്‍ഹനായി. 50,000 രൂപയും ഫലകവും സര്‍ട്ടിഫിക്കറ്റുമാണ് അവാര്‍ഡ്. കോളജ് വിദ്യാര്‍ഥികളിലെ മികച്ച കര്ഷകപ്രതിഭകളില് രണ്ടാം സ്ഥാനം ചിറ്റൂര്‍ ഗവ. കോളജ് വിദ്യാര്‍ഥിയും അത്തിക്കോട് സ്വദേശിയുമായ എസ്. ഷരീഫ് നേടി. സ്വന്തമായി ആധുനിക കൃഷിരീതികളും ശാസ്ത്രീയരീതികളും അവലംബിച്ച് കൃഷി ചെയ്തതിനാണ് അവാര്‍ഡ് ലഭിച്ചത്.
25,000 രൂപയും സ്വര്‍ണമെഡലും ഫലകവും സര്‍ട്ടിഫിക്കറ്റുമാണ് അവാര്‍ഡ്. വാണിജ്യാടിസ്ഥാനത്തില്‍ പച്ചക്കറി കൃഷിചെയ്യുന്ന മികച്ച ക്ലസ്റ്ററുകളില്‍ രണ്ടാം സ്ഥാനം പരതൂര്‍ പഞ്ചായത്ത് പള്ളിപ്പുറം എ ഗ്രേഡ് ക്ലസ്റ്ററിന് ലഭിച്ചു. 25,000 രൂപയും ഫലകവും സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെടുന്നതാണ് അവാര്‍ഡ്. ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയില്‍ സംസ്ഥാനത്ത് മൂന്നാംസ്ഥാനം ലഭിച്ചിരിക്കുന്നത് കല്ലടിക്കോട് മോഴാനി വീട്ടില്‍ എം.കെ. ഹരിദാസനാണ്. 25,000 രൂപയും ഫലകവും സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെടുന്നതാണ് അവാര്‍ഡ്.
യുവ കർഷകപ്രതിഭ പുരസ്കാരം ഷരീഫിന്
പുതുനഗരം: കോളജ് വിദ്യാഭ്യാസത്തിനൊപ്പം കൃഷിഭൂമിയിൽ വിയർപ്പുവിതച്ച് നൂറുമേനികൊയ്ത പെരുവെമ്പിലെ ഷരീഫിന് കർഷകപ്രതിഭ പുരസ്കാരം. പെരുവെമ്പ് മൂച്ചിക്കാട് ഷംസുദീെൻറ മകൻ ഷരീഫ് (21) കോളജ് പഠനത്തോടൊപ്പമാണ് സമ്മിശ്ര കൃഷിയിറക്കി വിജയപടവുകൾ കയറിയത്. തുടക്കത്തിൽ ചെറിയതോതിൽ 50 സെൻറിൽ ആരംഭിച്ച പടവലം കൃഷിയാണ് വെണ്ട, പയർ, വഴുതന, നെല്ല് തുടങ്ങിയ ഇനങ്ങളിലെ കൃഷികൾ മൂന്ന് ഏക്കറിലേക്ക് വ്യാപിപ്പിച്ചത്.
ചിറ്റൂർ ഗവ. കോളജ് അവസാനവർഷ ബിരുദവിദ്യാർഥിയായ ഷരീഫ് പഠനത്തിന് പണം കണ്ടെത്താൻവേണ്ടിയാണ് കൃഷിയിലേക്ക് കാലെടുത്തുവെച്ചത്. കഴിഞ്ഞ മൂന്ന് വർഷമായി പൂർണമായും കൃഷിയിൽതന്നെയാണ് ഷരീഫ്. ആദ്യമായി കൃഷി ആരംഭിച്ച 2017ൽ പടവലം മാത്രമായിരുന്നു കൃഷി. വിജയമായതിനെ തുടർന്ന് തൊട്ടടുത്ത സീസണിൽ വെണ്ടകൃഷി കൂടി ചെയ്തു. ഇടക്ക് 100 വാഴവെച്ചെങ്കിലും കാട്ടുപന്നികൾ പൂർണമായും നശിപ്പിച്ചതായി ഷരീഫ് പറഞ്ഞു. കഴിഞ്ഞ സീസണിലാണ് പച്ചക്കറികൃഷി വിപുലപ്പെടുത്തിയത്. കഴിഞ്ഞ ഫെബ്രുവരിയിൽ പയർ, വെണ്ട, വഴുതന, പടവലം എന്നിവ വിളയിറക്കി.
കൊറോണക്കാലമായതിനാൽ വീടുതോറും കയറിയായിരുന്നു വിൽപനയെന്നും പെരുവെമ്പ് കൃഷിഭവനിലെ പിന്തുണയിൽ കൃഷിരീതി സജീവമായി മുന്നോട്ടുപോകുന്നതായി ഷരീഫ് പറയുന്നു. സമ്മിശ്ര കൃഷിയിലേക്ക് 13 ആടുകൾ 25 കോഴികൾ ഇവ സ്വന്തമായി പരിപാലിക്കുന്നു. തനതുരീതിയിൽ തയാറാക്കിയ കൂടുകളിലാണ് ഷരീഫ് ഇവയെ പരിപാലിക്കുന്നത്.
നാലു സെൻറിൽ മത്സ്യകൃഷി ചെയ്യുന്ന യുവകർഷകൻ കോഴിമുട്ട, കാടമുട്ട എന്നിവ വിരിയിക്കാനായി ഇൻകുബേറ്റർ സ്വന്തമായി വികസിപ്പിച്ചിട്ടുണ്ട്. ഷരീഫ് തരിശായിക്കിടന്ന സ്വന്തം ഭൂമിയിൽ കൃഷിയിറക്കി വിജയിച്ചത് പെരുവെമ്പിൽ വിദ്യാർഥികൾക്ക് മാതൃകയായതായി കൃഷി ഓഫിസർ ടി.ടി. അരുൺ പറഞ്ഞു.
മികച്ച പച്ചക്കറി കർഷക അവാർഡ് മോഹൻരാജിന്
ചിറ്റൂർ: ഇത്തവണത്തെ മികച്ച പച്ചക്കറി കർഷക പുരസ്കാരം ജില്ലക്ക്. ജില്ലയിലെ മഴനിഴൽ പ്രദേശമായ വടകരപ്പതി പഞ്ചായത്തിൽ നിന്നുള്ള കർഷകനായ മോഹൻരാജാണ് അവാർഡ് നേടിയത്. തുള്ളി നന ജല സേചനത്തിലൂടെ വളപ്രയോഗം നടത്തിയാണ് മികച്ച പച്ചക്കറി വിളവ് കൊയ്തെടുത്തത്. വടകരപ്പതി ഒഴലപ്പതി തേനംപതികളം പരേതനായ രാമരാജിെൻറ മകനാണ് മോഹൻരാജ്. പതിനഞ്ചാം വയസ്സിൽ അച്ഛൻ മരണപ്പെട്ട ശേഷം കൃഷിയുടെ പൂർണ ചുമതല മോഹൻരാജിനാണ്.
തേനം പതികളത്തിൽ സ്വന്തം സ്ഥലം നാല് ഏക്കറും പാടത്തിനെടുത്ത നാലേക്കറും കൂടി എട്ട് ഏക്കർ സ്ഥലത്താണ് പച്ചക്കറി വിളവെടുപ്പ് നടത്തിയത്. ഹൈബ്രിഡ് തക്കാളിയും, വെണ്ട, പയർ, പാവയ്ക്ക, കുമ്പളം, ചീര എന്നിവയാണ് കൃഷി ചെയ്തത്. തെങ്ങ്, വാഴ, കിഴങ്ങുവർഗങ്ങളും കൃഷി ചെയ്യുന്നുണ്ട്. 10 കറവപശുക്കളും 10 ആടുകൾ, 30 ൽപ്പരം നാടൻ കോഴികൾ എന്നിവയും കൃഷിയിടത്തിലുണ്ട്. അമ്മ രാജമ്മാളും വടകരപ്പതി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷയായ ഭാര്യ വളർ കലാവതിയും കൃഷിയിൽ സഹായത്തിനുണ്ട്. മകൻ രോഹിത് നാലാം ക്ലാസിലും മകൾ കനിഷ്ക ഒന്നാം ക്ലാസിലും പഠിക്കുകയാണ്.
പുരയിടം നിറയെ പച്ചക്കറി;ഹരിദാസ് നാടിെൻറ അഭിമാനം
കല്ലടിക്കോട്: മൂന്നുപതിറ്റാണ്ട് കൃഷി ജീവിതോപാധിയാക്കിയ കരിമ്പ ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരാനി മോഴേനി എം.കെ. ഹരിദാസ് നാടിെൻറ അഭിമാനം. സംസ്ഥാന കൃഷിവകുപ്പിെൻറ പുരയിട കൃഷി-ഓണത്തിന് ഒരുമുറം പച്ചക്കറി എന്ന ഇനത്തിലാണ് ഹരിദാസ് സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനം നേടി കർഷക അവാർഡിനർഹനായത്.
പിതാവ് വാസുവിലൂടെ കൃഷിയുടെ ബാലപാഠങ്ങൾ അഭ്യസിച്ച ഹരിദാസ് മുമ്പ് പാട്ടത്തിനെടുത്ത് വാഴകൃഷി ചെയ്തിരുന്നു. വാഴകൃഷി ലാഭകരമല്ലാതായതോടെ വീടിനോടുചേർന്ന റബർമരങ്ങൾ വെട്ടിമാറ്റി പച്ചക്കറി കൃഷി ഇറക്കിത്തുടങ്ങി. കരിമ്പയിലെ ഇക്കോ ഷോപ്പിൽനിന്ന് പച്ചക്കറി വിത്തിനങ്ങൾ വാങ്ങിയാണ് കൃഷി നടത്തിയത്.
പുതുതായി കൃഷിസ്ഥലങ്ങൾ കണ്ടെത്തി പുതിയ ഇനങ്ങൾ കൊണ്ടുവന്ന് നടുന്നതും ശീലമാക്കി. പയർ, വെണ്ട, പടവലം, പാവക്ക, വഴുതന, വെള്ളരിക്ക എന്നിവ ഉൾപ്പെടെ 40 ഇനം പച്ചക്കറികൾ ഇദ്ദേഹം കൃഷിചെയ്യുന്നു. വീട്ടാവശ്യത്തിന് മുൻഗണന നൽകി അധികം വരുന്നവ വിൽക്കുകയും ചെയ്യുന്നു. ഭാര്യ പ്രമീളയും മക്കളും പ്രോത്സാഹനവും നൽകുന്നു.
സ്വയംതന്നെ എല്ലാത്തരം കൃഷിപ്പണികളും ചെയ്യുകയാണ് പതിവ്. കരിമ്പ ഗ്രാമപഞ്ചായത്തിൽ ആദ്യമായാണ് കർഷക അവാർഡ് ലഭിക്കുന്നതെന്ന് കൃഷി ഓഫിസർ പി. സാജിദലി അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.