സംസ്ഥാന സ്കൂൾ കായികമേളക്ക് ഇന്ന് വിസിൽ മുഴങ്ങും; കപ്പടിക്കാൻ ടീം പാലക്കാട്
text_fieldsപാലക്കാട്: സംസ്ഥാന സ്കൂൾ കായികമേളയിൽ ഹാട്രിക് കിരീടം ലക്ഷ്യമിട്ടാണ് പാലക്കാടൻ ടീം തിങ്കളാഴ്ച കുന്നംകുളത്ത് എത്തുന്നത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ വിജയത്തിൽ കുറഞ്ഞതൊന്നും കരിമ്പനപ്പട പ്രതീക്ഷിക്കുന്നില്ല. പറളി, മുണ്ടൂർ, മാത്തൂർ, കല്ലടി സ്കൂളുകൾക്കൊപ്പം മറ്റു സ്കൂളുകളിലെ താരങ്ങളുടെ പങ്കാളിത്തം കൂടിയാകുമ്പോൾ ഓവറോൾ കിരീടം സുനിശ്ചിതമെന്ന കാര്യത്തിൽ തർക്കമില്ല. 206 അംഗ സംഘമാണ് ഇത്തവണ ജില്ലക്കായി കളത്തിലിറങ്ങുന്നത്. മുൻ വർഷങ്ങളിലേതിനു സമാനമായി വൻ താരപ്പടയുമായാണ് ടീം പാലക്കാട് മേളക്ക് പുറപ്പെട്ടത്. കഴിഞ്ഞ വർഷം 32 സ്വർണവും 21 വെള്ളിയും 18 വെങ്കലവുമടക്കം 269 പോയന്റ് സ്വന്തമാക്കിയാണ് പാലക്കാട് ചാമ്പ്യൻപട്ടം ഉറപ്പിച്ചത്.
ഇത്തവണയും ഒരു കൂട്ടം പ്രതിഭകളുടെ മികച്ച നിര ജില്ലക്കുണ്ട്. സീനിയർ ബോയ്സിൽ മാത്തൂരിന്റെ പി. അഭിറാം, ചിറ്റൂരിന്റെ ജെ. ബിജോയ് എന്നിവർ ജില്ലയുടെ കുന്തമുനകളാണ്. സീനിയർ ഗേൾസിൽ പറളിയുടെ എം.എം. ജ്യോതിക, മൂണ്ടൂരിന്റെ വി. അഞ്ജന എന്നിവരിൽ പ്രതീക്ഷകളേറെയാണ്. ജൂനിയറിൽ ചിറ്റൂരിന്റെ ആയുഷ് കൃഷ്ണയും കൊടുവായൂരിലെ കെ. നിവേദ്യയും ട്രാക്കിൽ തിളങ്ങുമെന്നുറപ്പ്.
സബ് ജൂനിയറിൽ മണ്ണേങ്കോട് എ.യു.പി.എസിലെ പി. നിഖിതയിലും കല്ലടിയിലെ മണിപ്പൂർ താരം അർഷദ് അലിയിലും സ്വർണ പ്രതീക്ഷകളേറെ. ജില്ല മീറ്റിൽ വേഗ റാണിയായി തിരഞ്ഞെടുത്ത പാലക്കാട് മോയൻസിലെ ജി. താരയിലും ഹാമർ ത്രോയിൽ സംസ്ഥാന റെക്കോഡിനെ മറികടക്കുന്ന പ്രകടനം കാഴ്ചവെച്ച പറളി താരം എം. നിരഞ്ജനിലും ജില്ലയുടെ പ്രതീക്ഷകൾ തളിരിടുന്നു.
ഹർഡിൽസിൽ വടവന്നൂർ സ്കൂളിലെ കെ. കിരണും എസ്. ഷാഹുലും ജില്ലക്ക് നേട്ടങ്ങൾ സമ്മാനിക്കുമെന്നുറപ്പ്. കല്ലടി താരങ്ങളായ എം. അമൃത്, രേഖ സുരേന്ദ്രൻ, ഷാന്റി മറിയ എന്നിവരും ജില്ലക്ക് മുതൽക്കൂട്ടാവും. കോട്ടായി ജി.വി.എച്ച്.എസ്.എസ്, ചിറ്റിലഞ്ചേരി എം.എൻ.കെ.എം.എച്ച്.എസ്.എസ്, കാട്ടുകുളം എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ് ടീമുകളിലും മെഡൽ ഉറപ്പിക്കുന്ന താരങ്ങളുണ്ട്. 19 ആൺകുട്ടികളും എട്ടു പെൺകുട്ടികളുമായി 27 അംഗ ടീമിനെയാണ് ചാമ്പ്യൻ സ്കൂളായ പറളി സംസ്ഥാന മീറ്റിന് അയക്കുന്നതെന്ന് പരിശീലകൻ പി.ജി. മനോജ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.