സംസ്ഥാന സ്കൂൾ കായികോത്സവം; പാലക്കാടൻ ഹാട്രിക്ക്
text_fieldsപാലക്കാട്: സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ പാലക്കാട് കണ്ട സ്വപ്നം വെറുതെയായില്ല. ഹാട്രിക്ക് വിജയ മധുരത്തോടെയാണ് പാലക്കാടിന്റെ കായിക കൗമാരങ്ങൾ നാടണയുന്നത്. മറ്റു ജില്ലകളെ ബഹുദൂരം പിന്നിലാക്കിയാണ് കുന്നംകുളത്തുനിന്ന് മെഡൽ തിളക്കങ്ങളോടെ അവർ എത്തുന്നത്.
ആകെ മെഡലുകളുടെ കാര്യത്തിൽ കഴിഞ്ഞ കായികോത്സവത്തിൽനിന്ന് മൂന്നെണ്ണം പിറകിലാണെങ്കിലും പാലക്കാടൻ കരുത്തിന്റെ അവിസ്മരണീയ നിമിഷങ്ങൾ ട്രാക്കിലും ഫീൽഡിലും സമ്മാനിക്കുന്നതിൽ ഒട്ടും കുറവ് വരുത്തിയില്ല. 28 സ്വർണം, 27 വെള്ളി, 12 വെങ്കലം എന്നിവയുമായി 266 പോയിന്റാണ് പാലക്കാടിന്. കഴിഞ്ഞ വർഷം 32 സ്വർണവും 21 വെള്ളിയും 18 വെങ്കലവുമടക്കം 269 പോയിന്റ് സ്വന്തമാക്കിയിരുന്നു.
99, 167 പോയിന്റുകളുമായി യഥാക്രമം ഓവറോൾ ഗേൾസിലും ഓവറോൾ ബോയ്സിലും പാലക്കാട് തന്നെയാണ് ഒന്നാമത്. 200, 400, 600 മീറ്റർ ഓട്ടമത്സരങ്ങളിൽ മിന്നും പ്രകടനം കാഴ്ചവെച്ച് സബ്ജൂനിയർ ബോയ്സ് വ്യക്തിഗത ചാമ്പ്യനായി കുമരംപുത്തൂർ ഹൈസ്കൂളിലെ അർഷാദ് അലി തെരഞ്ഞെടുക്കപ്പെട്ടു. ജൂനിയർ ബോയ്സിൽ ഇതേ സ്കൂളിലെ എം. അമൃത് 800, 1500 മീറ്റർ ഓട്ടമത്സരത്തിലെ മികവിൽ വ്യക്തിഗത ജേതാവായി.
അത്ലറ്റിക്സ് സീനിയർ ബോയ്സിൽ മാത്തൂർ സി.എഫ്.ഡി.വി.എച്ച്.എസ്.സിലെ പി. അഭിരാം (400, 200, 100 മീ), ചിറ്റൂർ ജി.എച്ച്.എസ്.എസിലെ ജെ. ബിജോയ് (3000, 800, 1500 മീറ്റർ) എന്നിവരും പറളി ഹൈസ്കൂളിലെ എം. ജ്യോതിക (400 മീ., 400 എം.എച്ച്, 200 മീ) സീനിയർ ഗേൾസിലും വ്യക്തിഗത മികവ് നേടി ജില്ലയുടെ അഭിമാനസ്തംഭങ്ങളായി. ഓട്ടമത്സരങ്ങളിലെ മീറ്റ് റെക്കോർഡ് സ്വന്തം പേരിൽ എഴുത്തിച്ചേർക്കാൻ ജില്ലയിലെ താരങ്ങൾ വരിനിന്നു.
ഓട്ടത്തിൽ ജൂനിയർ ബോയ്സിൽ വടവന്നൂർ വി.എം.എച്ച്.എസിലെ സൂര്യജിത്ത്, സീനിയർ ബോയ്സിൽ ജി.എച്ച്.എസ്.എസ് ചിറ്റൂരിലെ ലിജോമണി, മാത്തൂർ സി.എഫ്.ഡിവി.എച്ച്.എസ്.എസിലെ വി.ബി. ബിനീഷ് എന്നിവരാണ് 2023ലെ കായികമേളയിലെ താരങ്ങളായി മീറ്റ് റെക്കോർഡ് സ്വന്തമാക്കിയത്.
വിജയമധുരവുമായി പല്ലവി
കുന്നംകുളം: ചുരുങ്ങിയ കാലംകൊണ്ട് കഠിനാധ്വാനത്തിലൂടെ സംസ്ഥാനതാരമായി പല്ലവി സന്തോഷ്. ജൂനിയർ ഹാമർ ത്രോയിൽ സ്വർണം നേടിയ പല്ലവി പരിശീലനം തുടങ്ങിയിട്ട് എട്ടുമാസമേ ആകുന്നുള്ളൂ. ഈ സമയത്തിനുള്ളിൽതന്നെ റെക്കോഡിന് ഒപ്പമെത്തുന്ന പ്രകടനം പുറത്തെടുക്കാനായി. പാലക്കാട് പനമണ്ണ എ.എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ്. ജനത ക്ലബിലാണ് പരിശീലനം നേടുന്നത്. ദിവസവും നാല് മണിക്കൂർ പരിശീലനമാണ്. സൈനുദ്ദീനാണ് പരിശീലകൻ.
ബിജോയിയുടെ പടിയിറക്കം റെക്കോഡ് ട്രിപ്ൾ സ്വർണവുമായി
കുന്നംകുളം: കഴിഞ്ഞവർഷത്തെ പ്രകടനം ഈ മീറ്റിലും പുറത്തെടുത്ത പാലക്കാട് ചിറ്റൂർ ജി.എച്ച്.എസ്.എസിലെ ജെ. ബിജോയ്ക്ക് റെക്കോഡ് ട്രിപ്ൾ സ്വർണവുമായി പടിയിറക്കം. സീനിയർ ആൺകുട്ടികളുടെ 800 മീറ്റർ ഓട്ടത്തിൽ 1.51.13 മിനിറ്റിൽ ഫിനിഷ് ചെയ്ത് റെക്കോഡോടെയാണ് ബിജോയ് മീറ്റിലെ തന്റെ മൂന്നാം സ്വർണം നേടിയത്.
2012ൽ പാലക്കാട് കല്ലടി എച്ച്.എസ്.എസിലെ ലിജോമാണി സ്ഥാപിച്ച 1.51.77 മിനിറ്റിന്റെ റെക്കോഡാണ് 11 വർഷങ്ങൾക്കുശേഷം ഭാവിവാഗ്ദാനമായ ബിജോയ് പഴങ്കഥയാക്കിയത്. ചെത്തുതൊഴിലാളിയായ ജയശങ്കറിന്റെയും റീനയുടേയും മകനാണ്. കഴിഞ്ഞ കായികമേളയിലും 3000, 1500, 800 മീറ്റർ ഓട്ടത്തിൽ ഒന്നാമതെത്തി വ്യക്തിഗത ചാമ്പ്യൻപട്ടം കരസ്ഥമാക്കിയിരുന്നു.
ബിജോയിയുടെ ജ്യേഷ്ഠൻ ജെ. റിജോയ് 2019ൽ കണ്ണൂരിൽ നടന്ന സംസ്ഥാന മേളയിൽ രണ്ട് സ്വർണം നേടിയിരുന്നു. ഇപ്പോൾ ദേശീയ ഗെയിംസിൽ 800 മീറ്ററിൽ പങ്കെടുക്കാൻ യോഗ്യത നേടിയിരിക്കുകയാണ്. ചിറ്റൂർ കോളജിലെ രണ്ടാംവർഷ ബി.എ ഇക്കണോമിക്സ് വിദ്യാർഥിയാണ് റിജോയ്. ചെത്തുതൊഴിലാളിയായ പിതാവിന്റെ വരുമാനത്തിലാണ് ഇരുതാരങ്ങളുടേയും പഠനവും പരിശീലനവും യാത്രയുമെല്ലാം.
പാലക്കാട് കന്നിമാരി വെയിലൂർ കമ്പാലത്തറയിൽനിന്ന് 30 കിലോമീറ്ററോളം യാത്ര ചെയ്താണ് സഹോദരങ്ങൾ നിത്യേന ചിറ്റൂരിൽ പരിശീലനത്തിനെത്തുന്നത്. കായികാധ്യാപകൻ അരവിന്ദാക്ഷന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന യങ്സ്റ്റേഴ്സ് ക്ലബിലാണ് പരിശീലനം. കഠിന പരിശീലനത്തിന് ഫലം ലഭിച്ചതിന്റെ സന്തോഷവുമായാണ് ഈ പ്ലസ്ടു ഹ്യുമാനിറ്റിസ് വിദ്യാർഥി സ്കൂൾ കായികോത്സവത്തിൽനിന്ന് പടിയിറങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.