നെല്ല് സംഭരണം: പണമില്ല; കൈമലർത്തി സപ്ലൈകോ
text_fieldsപാലക്കാട്: നെല്ല് സംഭരണത്തിന് നീക്കിവെച്ച പണം തീർന്നതോടെ നെൽകർഷകർക്ക് മുമ്പിൽ കൈമലർത്തി സപ്ലൈകോ. നെല്ല് നൽകിയ വകയിൽ 236.74 കോടി രൂപ ഇനിയും സംസ്ഥാനത്തെ കർഷകർക്ക് സപ്ലൈകോ നൽകണം. സംഭരിച്ച് ഒരാഴ്ച കഴിയുമ്പോൾ അക്കൗണ്ടിൽ പണമെത്തുമെന്ന സർക്കാറിന്റെ ഉറപ്പ് പാഴായതോടെ കർഷകർ അങ്കലാപ്പിലാണ്.
മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്ന് കേരള ബാങ്കിൽനിന്ന് വായ്പയെടുത്ത് കുടിശ്ശിക കൊടുക്കാനുള്ള ശ്രമത്തിലാണ് സപ്ലൈകോ. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഒരുമാസത്തോളമെടുക്കും. ഇതിനുശേഷം മാത്രമേ കർഷകർക്ക് പണം ലഭിക്കാൻ സാധ്യതയുള്ളൂ. അല്ലെങ്കിൽ കേന്ദ്ര - സംസ്ഥാന സർക്കാറുകൾ ഫണ്ട് നൽകണം. ഇതിന് സാധ്യതയില്ലെന്നാണ് സർക്കാറിന്റെ ഇപ്പോഴത്തെ ഇടപെടൽ സൂചിപ്പിക്കുന്നത്.
ഇതുവരെ 1.97 ലക്ഷം മെട്രിക് ടൺ നെല്ലാണ് സപ്ലൈകോ സംഭരിച്ചത്. 557.55 കോടി രൂപ കർഷകർക്ക് ഈയിനത്തിൽ നൽകണം. ഇതുവരെ 320.81 കോടി രൂപ മാത്രമാണ് നൽകിയത്.ഏറ്റവുമധികം പണം ലഭിക്കാനുള്ളത് പാലക്കാട് ജില്ലയിലാണ് - 134.53 കോടി രൂപ.
പാലക്കാട് ജില്ലയിൽ രണ്ടാം വിള പലയിടത്തും കൊയ്ത്ത് തുടങ്ങിയിട്ടും ഒന്നാം വിളയുടെ പണം ലഭിക്കാത്തതിൽ കർഷകർ ആശങ്കയിലാണ്. പത്തനംതിട്ട, വയനാട് ജില്ലകളിൽനിന്ന് യഥാക്രമം 1.2 മെട്രിക് ടൺ, 7817 മെട്രിക് ടൺ വീതം നെല്ല് സംഭരിച്ചെങ്കിലും സംഖ്യ നൽകിയിട്ടില്ല. പത്തനംതിട്ടയിലെ കർഷകർക്ക് 36,519 രൂപയും വയനാട്ടിൽ 22.04 കോടി രൂപയും നൽകാനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.