തെരുവുനായ് ആക്രമണം: ജില്ലയിൽ ഈ വര്‍ഷം കടിയേറ്റത് 20,659 പേര്‍ക്ക്
text_fieldsപാലക്കാട്: ജില്ലയില്‍ തെരുവുനായ്ക്കളുടെ കടിയേല്‍ക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. ഈ വർഷം ജൂലൈ വരെയുള്ള കണക്കുപ്രകാരം 20,659 പേര്‍ക്കാണ് നായുടെ കടിയേറ്റത്. ഇതില്‍ നാലുപേര്‍ മരിച്ചു. കഴിഞ്ഞ വര്‍ഷം 28,474 പേര്‍ക്കാണ് നായുടെ കടിയേറ്റത്. ഇതില്‍ ഒരാള്‍ മരിച്ചിരുന്നു. 2020ല്‍ 22,375 പേർക്കും കടിയേറ്റു. കോവിഡിനുശേഷം അനിമല്‍ ബര്‍ത്ത് കണ്ട്രോള് (എ.ബി.സി) പ്രവര്‍ത്തനം കാര്യക്ഷമമായി നടക്കാത്തത് തെരുവുനായ്ക്കളുടെ എണ്ണം വര്‍ധിക്കാനിടയായി. ഇതോടെ കടിയേല്‍ക്കുന്നതും കൂടിവരുകയാണ്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കേസുകളുടെ വര്‍ധന ഇരട്ടിയോളമാണ്. ഈ വര്‍ഷം ജില്ലയിൽ പേ വിഷബാധയേറ്റ് ഒരു ബിഹാര്‍ സ്വദേശിയും 19കാരിയും ഉൾപ്പെടെ നാലുപേരാണ് മരിച്ചത്. കഴിഞ്ഞ ജൂണ്‍ 30ന് മരിച്ച മങ്കര സ്വദേശിനിയായ 19കാരി തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് പ്രതിരോധ കുത്തിവെപ്പെടുത്തിരുന്നു. എന്നിട്ടും വിഷബാധയേറ്റ് മരണം സംഭവിച്ചു.
വില്ലനായത് ഓമനകള്‍
ജില്ലയില്‍ പേ വിഷബാധയേറ്റ് മരണം സംഭവിച്ച മൂന്ന് കേസുകളിലും അപകടകാരിയായത് ഓമനിച്ച് വളര്‍ത്തിയ നായ്ക്കൾ. വീട്ടിൽ വളർത്തുന്ന നായ്ക്കൾക്ക് കുത്തിവെപ്പ് നൽകാത്തതും കടിയേറ്റിട്ടും പ്രതിരോധ കുത്തിവെപ്പെടുക്കാത്തതും മരണകാരണങ്ങളാണ്. മങ്കരയിലെ 19കാരിയുടേത് മാത്രമാണ് അപവാദം. കഞ്ചിക്കോട് താമസിച്ചിരുന്ന ബിഹാര്‍ സ്വദേശിക്ക് തെരുവില്‍നിന്ന് എടുത്തുവളര്‍ത്തിയ നായില്നിന്നാണ് കടിയേറ്റത്. കഴിഞ്ഞ മാര്‍ച്ച് 23നാണ് ഇയാള്‍ മരിച്ചത്. മേയ് അഞ്ചിന് തെങ്കരയില്‍ മരിച്ച 52കാരിക്ക് പേ വിഷബാധയേറ്റത് എങ്ങനെയെന്ന് കണ്ടെത്താനായിട്ടില്ല. മങ്കരയില്‍ മരിച്ച 19കാരിക്ക് അയല്പക്കത്തെ വളര്ത്തുനായില്നിന്നാണ് കടിയേറ്റത്. സെപ്റ്റംബർ എട്ടിന് മരിച്ച തരൂര്‍ സ്വദേശിനി 64കാരിക്ക് സ്വന്തം വീട്ടിലെ പട്ടിയില്നിന്നാണ് കടിയേറ്റത്. മരിച്ചവരില്‍ 19 കാരിയൊഴികെ ആരും പ്രതിരോധ കുത്തിവെപ്പെടുത്തിരുന്നില്ല. തെരുവില്‍നിന്നും മറ്റുമായി എടുത്തുവളര്‍ത്തിയ നാടന്‍ പട്ടികള്‍ക്ക് ആരും കൃത്യമായി പ്രതിരോധ കുത്തിവെപ്പ് എടുത്തിരുന്നില്ലെന്നും ആരോഗ്യവകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തി.
ജാഗ്രത വേണം
വളര്‍ത്തുമൃഗങ്ങളുടെ കടിയേറ്റാല്‍ ഒന്ന്, രണ്ട്, മൂന്ന് എന്ന് തരംതിരിച്ച് അതിനനുസരിച്ച് വേണ്ട പ്രതിരോധ മാര്‍ഗം സ്വീകരിക്കണം. പേ വിഷബാധയേറ്റാല്‍ ചികിത്സതന്നെ പൂര്‍ണ ഫലപ്രദമാകാന്‍ ഇടയില്ലെന്നതിനാല്‍ അശ്രദ്ധ മരണത്തിനിടയാക്കും. ഇത്തരത്തില്‍ കടിയേല്‍ക്കുന്ന സാഹചര്യമുണ്ടായാല്‍ ഉടന്‍തന്നെ 15 മിനിറ്റോളം സോപ്പുപയോഗിച്ച് മുറിവുണ്ടായ ഭാഗം കഴുകുകയെന്നതാണ് പ്രധാനം.
വലിയ മുറിവുണ്ടായാല്‍ ശക്തമായി കെട്ടരുതെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു. വളര്‍ത്തു മൃഗങ്ങളോ നായ്ക്കളോ മുറിവുണ്ടാക്കാത്ത രീതിയില്‍ നക്കുകയോ മറ്റോ ചെയ്താല്‍ ഇതുതന്നെ മതിയാകും. മുറിവില്‍നിന്ന് രക്തം പൊടിയാതെ പോറലേല്ക്കുകയാണെങ്കില് സോപ്പ് ഉപയോഗിച്ച് കഴുകുന്നതിന് പുറമെ ഐ.ഡി.ആര്.വി (0, 3, 7, 27 ദിവസങ്ങളില്‍ രണ്ട് വീതം ഡോസ്), ഐ.എം.ആര്.വി (0, 3, 7, 14, 28 ദിവസങ്ങളില്‍ രണ്ട് വീതം ഡോസ്) ഇതിലേതെങ്കിലുമൊരു കുത്തിവെപ്പെടുക്കണം.
മൂന്നാം വിഭാഗത്തില്‍ പെടുന്ന ആഴത്തിലുള്ള മുറിവേറ്റാല്‍ കഴുകുന്നതിന് പുറമെ ഐ.ഡി.ആര്.വി(ഇന്‍ട്രാ ഡെര്‍മല്‍ റാബിസ് വാക്സിന്), ഐ.എം.ആര്.വി (ഇന്‍ട്രാ മസ്കുലര്‍ റാബിസ് വാക്സിൻ) എന്നിവയും ഒരാഴ്ചക്കുള്ളില്‍ എ.ആര്.എസ് (ആന്റി റാബിസ് സിറം) വാകിസിൻ മുറിവിന് ചുറ്റുമായും എടുക്കണം. ഇതിന്റെ അളവ് ഓരോ രോഗിക്കനുസരിച്ചും മാറ്റം വരും. വീട്ടില്‍ ഓമനിച്ചു വളര്‍ത്തുന്ന നായ്ക്കള്‍, പൂച്ചകള്‍, പശു, ആട്, അണ്ണാന് തുടങ്ങിയ സസ്തനികളായ മൃഗങ്ങള്‍ക്ക് പ്രതിരോധ കുത്തിവെപ്പെടുക്കുന്നതാണ് സുരക്ഷിതം. പശു, ആട് തുടങ്ങിയവക്ക് സാധാരണഗതിയില്‍ പേ വിഷബാധ വാക്സിന് എടുക്കാറില്ലെങ്കിലും നായുടെയോ മറ്റു മൃഗങ്ങളുടെയോ കടിയേറ്റാല്‍ നിര്‍ബന്ധമായും കുത്തിവെപ്പെടുക്കണം.
ലൈസന്‍സ് വേണം
നായ്ക്കളെ വളർത്താൻ തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളുടെ ലൈസന്‍സ് വേണമെന്ന നിര്‍ദേശം കര്‍ശനമാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. നായ്ക്കളെ വളർത്താനുള്ള ലൈസന്‍സിന് പ്രതിരോധ കുത്തിവെപ്പും വന്ധ്യകരണവും നടത്തണം. ബ്രീഡിങ് ആവശ്യത്തിന് പ്രത്യേക ലൈസന്‍സ് വേണം എന്നാണ് വ്യവസ്ഥ. ഇത് പാലിക്കപ്പെടുന്നില്ല. വളര്‍ത്തുനായ്ക്കള്‍ പ്രസവിച്ചാല്‍ ഈ കുഞ്ഞുങ്ങളെ തെരുവില്‍ ഉപേക്ഷിക്കുന്നവരും ധാരളമാണ്. ഇതും ഇവ പെരുകാൻ കാരണമാകുന്നു.
പരിഹാരം വന്ധ്യംകരണം മാത്രം
തെരുവുനായ്ക്കള്‍ പെരുകുന്നത് നിയന്ത്രിക്കാന്‍ പ്രജനന കാലത്ത് ഒരു പ്രദേശത്ത് 70 ശതമാനം നായ്ക്കളില്‍ വന്ധ്യംകരണം നടപ്പാക്കുകയെന്നതാണ് ഒരേയൊരു മാര്‍ഗം. വര്‍ഷത്തില്‍ രണ്ടു തവണയാണ് നായ്ക്കളുടെ പ്രജനനകാലം. നിലവിലെ സാഹചര്യത്തില്‍ ജില്ലയില്‍ മാസം ഏകദേശം 500 വന്ധ്യംകരണ ശസ്ത്രക്രിയ നടത്താന്‍ മാത്രമേ സാധിക്കുന്നുള്ളൂ. ഇത് 13 കേന്ദ്രങ്ങളായി ഉയര്‍ത്തുമ്പോള്‍ 2600 നായ്ക്കളെ വന്ധ്യംകരിക്കാനാവും. ഇങ്ങനെ 70 ശതമാനം ലക്ഷ്യം കൈവരിക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ വര്‍ഷം പദ്ധതി പുനരാരംഭിച്ചെങ്കിലും ഡോക്ടര്‍മാരെ കിട്ടാത്തതും നായ്പിടിത്ത സംഘത്തില്‍പെട്ട ഇതര സംസ്ഥാനക്കാര്‍ തിരിച്ചുപോയതും ബാക്കിയുള്ളവര്‍ മറ്റു ജോലികള്‍ തേടിപ്പോയതും കാരണം പദ്ധതി മന്ദീഭവിച്ചു. സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതല്‍ തെരുവുനായ് ആക്രമണ കേസുകള്‍ ജില്ലയിലാണ്.
എ.ബി.സി പ്രോഗ്രാം: ജില്ലയിൽ രണ്ട് വന്ധ്യംകരണ കേന്ദ്രങ്ങൾകൂടി
പാലക്കാട്: ജില്ലയില്‍ തെരുവുനായ് വന്ധ്യംകരണത്തിന് (എ.ബി.സി പ്രോഗ്രാം) മൃഗസംരക്ഷണ വകുപ്പ് ജില്ലയിൽ രണ്ട് കേന്ദ്രങ്ങൾകൂടി സജ്ജമാക്കുന്നു. നിലവില്‍ പാലക്കാട്, ചിറ്റൂര്‍, ആലത്തൂര്‍, ഒറ്റപ്പാലം എന്നിവിടങ്ങളിലാണ് വന്ധ്യംകരണം നടക്കുന്നത്. കൊടുവായൂരിലെ പ്രവര്‍ത്തനം നിര്‍ത്തിവെച്ച കേന്ദ്രം പട്ടാമ്പിയിലേക്ക് മാറ്റാനും മണ്ണാര്‍ക്കാട് ഒരു കേന്ദ്രംകൂടി ആരംഭിക്കാനും പദ്ധതിയുണ്ട്. രണ്ട് ഡോക്ടര്‍മാരും നായ്ക്കളെ പിടിക്കുന്ന നാലംഗ സംഘങ്ങളുമാണ് ഓരോ കേന്ദ്രത്തിലുമുള്ളത്. ഒരു വെറ്ററിനറി സര്ജന് മാസം 100 എന്ന കണക്കില്‍ സര്‍ജറി നടത്തണം. ഇതുപ്രകാരം ഒരു കേന്ദ്രത്തിൽ മാസം 200 നായ്ക്കളെ വന്ധ്യംകരിക്കാനാവും. നിലവില്‍ ചിറ്റൂരില്‍ മാത്രമാണ് രണ്ട് ഡോക്ടര്‍മാരുള്ളത്. മറ്റു മൂന്നു കേന്ദ്രങ്ങളിലും ഒരു ഡോക്ടർ വീതമാണുള്ളത്. ഇവിടങ്ങളിലെ ഒഴിവുകള്‍ ഉടന്‍ നികത്തും. 2016 ജൂണ്‍ മുതല്‍ ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായത്തോടെ മൃഗസംരക്ഷണ വകുപ്പ് തെരുവുനായ് വന്ധ്യംകരണ പദ്ധതി നടപ്പാക്കുന്നുണ്ട്. ഇതുവരെയായി 47,828 നായ്ക്കളെയാണ് വന്ധ്യംകരിച്ചത്. 2016ല്‍ നടത്തിയ സർവേ പ്രകാരം ജില്ലയില്‍ ഏകദേശം 65,000 തെരുവുനായ്ക്കളുണ്ടെന്നാണ് കണക്ക്. കോവിഡ് കാലത്ത് വന്ധ്യംകരണ പദ്ധതി നിലച്ചതോടെ ഇവയുടെ എണ്ണം ഒരു ലക്ഷത്തിന് മുകളിൽ എത്തിയിട്ടുണ്ടാകുമെന്നാണ് അനുമാനം. എ.ബി.സി പദ്ധതിക്കായി കഴിഞ്ഞ ആറു വർഷത്തിനിടെ 5.43 കോടി രൂപയാണ് ചെലവഴിച്ചത്. 2022 ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള കാലയളവിൽ മാത്രം 2116 നായ്ക്കളെ വന്ധ്യംകരിച്ചതായി അധികൃതർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.