ഒറ്റപ്പാലത്ത് തെരുവ് നായ്ക്കൾ പെരുകുന്നു
text_fieldsഒറ്റപ്പാലം: കൃഷി നാശത്തിന്റെ പേരിൽ കാട്ടുപണികളെ വെടിവെച്ചു കൊല്ലാൻ നടപടിയെടുക്കുന്ന ഒറ്റപ്പാലം നഗരസഭയിൽ പെരുകുന്ന തെരുവ് നായ്ക്കളുടെ ആക്രമണത്തെ തുടർന്നുള്ള ആശങ്കയകറ്റാൻ ഫലപ്രദമായ നടപടികളൊന്നും കൈക്കൊള്ളാത്തതിനെതിരെ കൗൺസിൽ യോഗത്തിൽ രൂക്ഷ വിമർശനം. ഏറെ പ്രതീക്ഷയോടെ നടപ്പാക്കിയ എ.ബി.സി പദ്ധതി ഒറ്റപ്പാലത്ത് പ്രഹസനമായി.
ഇതിനിടയിൽ ചില മൃഗസ്നേഹികൾ തെരുവ് നായ്ക്കൾക്ക് ഭക്ഷണം വിളമ്പുകയാണ്. എട്ടും പത്തും നായ്ക്കളാണ് ഭക്ഷണം കാത്ത് ഇക്കൂട്ടരുടെ വീട്ടുപരിസരത്ത് തമ്പടിക്കുന്നത്. ഇവയെ ഭയന്ന് ഇതുവഴി സഞ്ചരിക്കാൻ കൂടി കഴിയാത്ത അവസ്ഥയുമുണ്ട്. എ.ബി.സി പദ്ധതിക്കായി നഗരസഭ ചെലവിട്ട തുകയെക്കുറിച്ചും തുടർ നടപടികളെക്കുറിച്ചും വ്യക്തമാക്കണമെന്നും കൗൺസിലർമാർ ആവശ്യപ്പെട്ടു.
വന്ധ്യംകരിക്കുന്ന തെരുവ് നായ്ക്കളെ പാർപ്പിക്കാൻ ഷെൽട്ടർ ഒരുക്കണമെന്ന നിർദേശം കാലങ്ങളായിട്ടും നടപ്പാക്കാനായിട്ടില്ല. ദൂരദിക്കുകളിൽ നിന്നെത്തിച്ച നായ്ക്കളെ വന്ധ്യംകരണത്തിന് ശേഷം ഒറ്റപ്പാലത്തും പരിസരത്തും ഉപേക്ഷിക്കുന്നതായി പരക്കെ ആക്ഷേപം ഉയരുമ്പോഴും പരിഹാരം ഉണ്ടാവുന്നില്ല. വാർഷിക പദ്ധതിയിൽ എ.ബി.സി നടപ്പിലാക്കാൻ തുക വകയിരുത്താൻ മാത്രമേ നഗരസഭക്ക് കഴിയുകയുള്ളുവെന്ന് നഗരസഭ സെക്രട്ടറി എ.എസ്. പ്രദീപ് പ്രതികരിച്ചു. അഞ്ച് ലക്ഷം രൂപ ജില്ല പഞ്ചായത്തിന് നൽകിയിട്ടുണ്ട്.
ഷെൽട്ടർ സ്ഥാപിക്കാൻ അനുയോജ്യമായ സ്ഥലം കണ്ടെത്താൻ കഴിയാത്തത് പ്രതിസന്ധിയായി തുടരുന്നു. കാട്ടുപന്നികൾ ഉൾപ്പടെ വന്യമൃഗങ്ങളുടെ ശല്യത്തിനെതിരെ വേട്ടയാടൽ അനുമതിയുടെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ടെന്നും സെക്രട്ടറി അറിയിച്ചു. നായ്ക്കളുടെ കടിയേറ്റാൽ നൽകാൻ ഫണ്ടില്ല. നഗരസഭയുടെ അധീനതയിലുള്ള ടേക് എ ബ്രേക് കുടുംബശ്രീയുടെ നേതൃത്വത്തിൽ തുറക്കാനിരിക്കുകയാണ്. ആശുപത്രി കാന്റീൻ തുറക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും സെക്രട്ടറി അറിയിച്ചു. നഗരസഭ അധ്യക്ഷ കെ. ജാനകി ദേവി അധ്യക്ഷത വഹിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.