പാലക്കാട് നഗരത്തിൽ തെരുവുനായ് ശല്യം രൂക്ഷം
text_fieldsപാലക്കാട്: നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ യാത്രക്കാർക്കു ഭീഷണിയായി തെരുവുനായ്ക്കൾ വിഹരിക്കുമ്പോഴും ഭരണകൂടമറിഞ്ഞമട്ടില്ല. വിക്ടോറിയ കോളജ് പരിസരം, പട്ടിക്കര ബൈപാസ് റോഡ്, മുനിസപ്പൽ-സ്റ്റേഡിയം ബസ് സ്റ്റാൻഡ്പരിസരം, റെയിൽവേ സ്റ്റേഷൻ റോഡ്, ചുണ്ണാമ്പുത്തറ റോഡ്, കുടുംബകോടതി പരിസരം, റെയിൽവേ സ്റ്റേഷൻ കോമ്പൗണ്ട് എന്നിവിടങ്ങൾ തെരുവുനായ്ക്കൾ കൈയടക്കിയിട്ട് കാലങ്ങളായി.
പ്രധാന റോഡുകളിലെ നടപ്പാതകളിലും കടകൾക്കുമുന്നിലും ശ്വാനപ്പടകൾ തമ്പടിച്ചിരിക്കുകയാണ്. മിക്ക റോഡുകളിലും കവലകളിലും നായ്ക്കളുടെ കൂട്ടമാണ്. നഗരത്തിന്റെ മിക്കയിടത്തും അലക്ഷ്യമായി വലിച്ചെറിയുന്ന ഭക്ഷണാവശിഷ്ടങ്ങളും മാലിന്യക്കൂമ്പാരവുമാണ് തെരുവുനായ്ക്കൾക്ക് കാരണമാകുന്നത്.
ഒറ്റക്കുവരുന്ന കാൽനടയാത്രക്കാർക്കു നേരെയും ഇരുചക്രവാഹനങ്ങൾക്കു നേരെയും നായ്ക്കൾ കൂട്ടത്തോടെ പാഞ്ഞെടുക്കുന്നതിനാൽ പലരും ഇത്തരം സന്ദർഭങ്ങളിൽ നിസ്സഹയരാണ്. രാപകലന്യേ നിരത്തുകളിൽ ശ്വാനപ്പടകൾ അതിരാവിലെ പ്രഭാത സവാരിക്കിറങ്ങുന്നവർക്കും പത്രവിതരണക്കാർക്കുമെല്ലാം ഭീഷണിയായിരിക്കുകയാണ്.
റെയിൽവേ സ്റ്റേഷന്റെ അകത്തും പ്ലാറ്റുഫോമുകളിലുമെല്ലാം രാപകലന്യേ തെരുവുനായ ശല്യം രൂക്ഷമാണ്. നിർമാണം നിലച്ച കംഫർട്ട് സ്റ്റേഷൻ പരിസരത്താണ് കൂടുതലായും തെരുവുനായ് ശല്യമുള്ളത്. ഒലവക്കോട് കുടുംബകോടതിയിലേക്കുള്ള പ്രവേശന കവാടത്തിലും കോടതി റോഡിലും മിക്ക സമയത്തും തെരുവുനായ്ക്കൾ തമ്പടിക്കുന്നത് ഇവിടേക്കെത്തുന്നവരെ ദുരിതത്തിലാക്കുന്നുണ്ട്.
നഗരസഭയിൽ തെരുവുനായ് ശല്യം നിയന്ത്രിക്കാനായുള്ള വന്ധ്യംകരണം പദ്ധതി നിലച്ചതാണ് തെരുവുനായ്ക്കൾ വർധിക്കാൻ കാരണമായത്. തെരുവുനായ്ക്കളുടെ കടിയേറ്റുള്ള മരണങ്ങൾ തുടർക്കഥയാവുമ്പോഴും ജില്ലയിൽ തെരുവുനായ ശല്യം നിയന്ത്രണത്തിനുള്ള പദ്ധതികൾ പ്രഹസനമാണ്. നേരത്തെ ഉണ്ടായിരുന്ന നായപിടുത്തം ഇല്ലാതായതും വന്ധ്യംകരണത്തിനായി ചെലവഴിക്കുന്ന തുക പോരാതെ വരുന്നതും പദ്ധതിക്കു വിനയാവുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.