അലനല്ലൂരിൽ തെരുവുനായ് ശല്യം രൂക്ഷം
text_fieldsഅലനല്ലൂർ ഗ്രാമപഞ്ചായത്ത് ഓഫിസിന് സമീപം തെരുവ് നായ്ക്കളുടെ കൂട്ടം
അലനല്ലൂർ: തെരുവ് നായ്ക്കളെ കൊണ്ട് പൊറുതിമുട്ടി അലനല്ലൂരുകാർ. അതിരാവിലെ സ്കൂളുകളിലേക്കും മദ്റസയിലേക്കും പോകുന്ന വിദ്യാർഥികളും യാത്രക്കാരും ഭയത്തോടെയാണ് പോയി വരുന്നത്. അടുത്ത കാലത്തായി മനുഷ്യരും വളർത്തുമൃഗങ്ങളും തെരുവുനായ് ആക്രമണത്തിന് ഇരയാകുന്നുണ്ടെങ്കിലും ശാശ്വത പരിഹാരം കാണാൻ പ്രാദേശിക ഭരണകൂടങ്ങൾക്ക് കഴിയുന്നില്ല. മുൻകാലങ്ങളിൽ തെരുവ് നായ്ക്കളെ പ്രദേശത്തുകാർ കൊന്നൊടുക്കിയാണ് പരിഹാരം കണ്ടിരുന്നത്. നായ്ക്കളെ കൊല്ലാൻ പറ്റില്ലെന്ന നിയമം വന്നതോടെ നിരവധി പേർക്കാണ് കടിയേൽക്കുന്നത്. സർക്കാറുകൾ നായ്ക്കളുടെ എണ്ണം കുറക്കാൻ നിയമ നടപടികൾ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും അതൊന്നും നടക്കാത്തതാണ് വിനയായത്.
അലനല്ലൂർ, എടത്തനാട്ടുകര ടൗണുകളിലും, ഭീമനാട്, പെരിമ്പടാരി, കൂമൻചിറ, കാട്ടുകുളം, പാലക്കാഴി, കണ്ണംകുണ്ട്, കാര, കൊടിയംകുന്ന്, ഉണ്ണിയാൽ, മുണ്ടക്കുന്ന്, ചിരട്ടകുളം, കുളപറമ്പ്, വട്ടമണ്ണപ്പുറം, ചളവ, നെല്ലൂർപുള്ളി, യത്തീംഖാന, പിലാച്ചോല, പൊൻപാറ, ചുണ്ടോട്ട്കുന്ന്, നാലുകണ്ടം, ആലുംകുന്ന്, അണയംക്കോട് തുടങ്ങി നിരവധി പ്രദേശങ്ങളിൽ തെരുവ് നായ്ക്കളുടെ വിളയാട്ടം നടക്കുന്നത്. അടുത്തിടെ ഗ്രാമസഭകളിൽ തെരുവ് നായ് ശല്യം ഇല്ലാതിരിക്കാനുള്ള ശക്തമായ നടപടികൾ ഉണ്ടാകണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. അതിനും ഫലം കണ്ടില്ല.
62കാരന്റെ മുഖത്ത് പേപ്പട്ടി കടിച്ചു
അലനല്ലൂർ: വീട്ടിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്ന 62 കാരനെ പേപ്പട്ടി കടിച്ചു. അലനല്ലൂർ ഗ്രാമപഞ്ചായത്തിലെ പെരിമ്പടാരി മാരിയമ്മൻ കോവിൽ താമസിക്കുന്ന പയ്യനാട് വീട്ടിൽ വേണുഗോപാലന്റെ മുഖത്താണ് കടിയേറ്റത്. കണ്ണിന് മുകളിലും താഴെയും മൂക്കിന് സമീപത്തും മുറിവേറ്റിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ ഒൻപതേമുക്കാലിനായിരുന്നു സംഭവം.
ജോലി ചെയ്യുന്നതിനിടയിൽ പിറകുവശത്തുനിന്ന് ശബ്ദം കേട്ട് തിരിഞ്ഞ് നോക്കുന്നതിനിടയിൽ പെട്ടെന്ന് മുഖത്തേക്ക് ചാടി കടിക്കുകയായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തെ കടിക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് ഭാര്യ, അയൽവാസി എന്നിവരുടെ നേർക്ക് പേപ്പട്ടി ഓടി വരുകയും അതിനെ വിരട്ടി ഓടിക്കുകയും ചെയ്തിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.