പാലക്കാടിന് പ്രതീക്ഷയായി സ്ട്രീറ്റ് ടൂറിസം
text_fieldsപാലക്കാട്: സഞ്ചാരികൾക്ക് കൗതുകവും അറിവും പുതുമയും വിളമ്പുന്ന പാലക്കാടൻ കാഴ്ചകൾ ഏറെയാണ്. അത് ഏകോപിപ്പിച്ച് സന്ദർശകർക്ക് അനുഭവമാക്കാനുള്ള ഉത്തരവാദിത്വ ടൂറിസം മിഷന്റെ പ്രവർത്തം പുരോഗമിക്കുകയാണ്. ജില്ല മിഷന്റെ നേതൃത്വത്തിൽ ‘സ്ട്രീറ്റ് ടൂറിസം’ പദ്ധതിയുടെ രജിസ്ട്രേഷൻ സംസ്ഥാന തലത്തിൽ പുരോഗമിക്കുന്നു.
അനുഭവിച്ചറിയാവുന്നതും പ്രകൃതി, സംസ്കാര സൗഹൃദവുമായ വിനോദ സഞ്ചാരമെന്ന ആശയം മുൻനിർത്തി സസ്റ്റൈനബിൾ (സുസ്ഥിരം), ടാഞ്ചിബിൾ (കണ്ടറിയാവുന്ന), റെസ്പോൺസിബിൾ (ഉത്തരവാദിത്തമുള്ള), എക്സ്പീരിയൻഷ്യൽ (അനുഭവവേദ്യമായ), എത്നിക്ക് (പാരമ്പര്യ തനിമയുള്ള) ടൂറിസം ഹബ്സ് (വിനോദ സഞ്ചാര കേന്ദ്രങ്ങൾ) എന്നതിന്റെ ചുരുക്കെഴുത്താണ് സ്ട്രീറ്റ്.
സന്ദർശകരേ ഇതിലേ ഇതിലേ
കളരിപ്പയറ്റ് സെന്റർ, മൺപാത്ര നിർമാണം, കൊട്ടനെയ്ത്ത്, തെങ്ങുകയറ്റം, പപ്പട നിർമാണം, കള്ളുചെത്ത് തുടങ്ങിയ പരമ്പരാഗത തൊഴിൽ, നാടൻകലകൾ തുടങ്ങിയവ ഉൾക്കൊള്ളിച്ചാണ് പാക്കേജ്. ജില്ലയിൽ തൃത്താല, പട്ടിത്തറ പഞ്ചായത്തുകളിലെ ഗ്രാമീണ ടൂറിസം സാധ്യതകൾ കോർത്തിണക്കി വില്ലേജ് ലൈഫ് എക്സ്പീരിയൻസ് പാക്കേജും ഉത്തരവാദിത്വ ടൂറിസം മിഷൻ തയാറാക്കിയിട്ടുണ്ട്.
ആളൊരുങ്ങി
പട്ടിത്തറ, തൃത്താല പഞ്ചായത്തുകളിലായി 250ഓളം യൂനിറ്റുകളാണ് ഇതിനകം സന്ദർശകരെ സ്വീകരിക്കാൻ തയാറായി രജിസ്റ്റർ ചെയ്തത്. കർഷകർ മുതൽ കലാകാരന്മാരും പരമ്പരാഗത തൊഴിൽ ചെയ്യുന്നവരും ഇതിലുണ്ട്. വയനാട് ജില്ലയിലെ ചേകാടിയിലും കോഴിക്കോട് ജില്ലയിലെ കടലുണ്ടിയിലും സമാനമായ പദ്ധതി ഉത്തരവാദിത്വ ടൂറിസം മിഷൻ നടപ്പാക്കുന്നുണ്ട്.
രജിസ്ട്രേഷൻ പൂർത്തിയായി വില്ലേജ് ലൈഫ് എക്സ്പീരിയൻസ് പാക്കേജുകൾ രൂപവത്കരിച്ചശേഷം ഉത്തരവാദിത്വ ടൂറിസം മിഷന്റെ https://www.keralatourism.org/responsible-tourism ൽ പ്രസിദ്ധീകരിക്കും. അതുവഴി വിനോദസഞ്ചാരികൾക്ക് പാക്കേജുകൾ ബുക്കുചെയ്യാനാകുമെന്ന് അധികൃതർ അറിയിച്ചു.
വിനോദ സഞ്ചാരം പ്രാദേശിക തലത്തിൽ വരുമാനമാർഗമാക്കുന്നതോടൊപ്പം ചിലവ് കുറഞ്ഞതും കൂടുതൽ ക്രിയാത്മകവുമാക്കുക എന്നതാണ് ഉത്തരവാദിത്വ ടൂറിസം ലക്ഷ്യമിടുന്നത്. സഞ്ചാരികളെ സ്വീകരിക്കുന്നത് മുതൽ സാംസ്കാരികവും കലാപരവും സാമൂഹികവുമായ വൈവിധ്യങ്ങളിൽ അവരെ കൂടെ നടത്തുന്നതുവരെ തദ്ദേശീയരാവും. ഇതോടെ പ്രദേശവാസികൾക്ക് വരുമാന മാർഗം ഉറപ്പുവരുത്താനുമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.