ആദിവാസി കോളനികളിലെ വിദ്യാർഥികൾ ചോദിക്കുന്നു, ഞങ്ങളെങ്ങനെ സ്കൂളിലെത്തും?
text_fieldsകാഞ്ഞിരപ്പുഴ: കോവിഡ് കാലവും മഴക്കെടുതികളും ഒരുപോലെ കഷ്ടത്തിലാക്കിയ കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിലെ പൂഞ്ചോല മേഖലയിൽ ആദിവാസി കോളനികളിലെ കുട്ടികൾ നവംബർ ഒന്നിന് സ്കൂൾ തുറക്കുമ്പോൾ എങ്ങനെ വിദ്യാലയത്തിലെത്തുമെന്ന ആശങ്കയിലാണ്.
നിലവിൽ മുണ്ടക്കുന്നിലെയും പുളിക്കലെയും ദുരിതാശ്വാസ ക്യാമ്പുകളിലാണ് ഇവർ താമസിക്കുന്നത്. കഴിഞ്ഞ തവണ സ്വന്തം കോളനികളിൽ നിന്നാണ് ഇവർ സ്കൂളുകളിലെത്തിയത്.
വിദ്യാർഥികളെ വിദ്യാലയങ്ങളിലെത്തിക്കാൻ വാഹന സൗകര്യം ഏർപ്പെടുത്താൻ പട്ടികവർഗ ക്ഷേമ വകുപ്പ് ധനസഹായം അനുവദിച്ചിരുന്നു. ഇത്തവണ ഇങ്ങനെയൊരു പദ്ധതിയില്ലാത്തതിനാൽ ഗ്രാമപഞ്ചായത്ത് സൗകര്യമൊരുക്കണമെന്നാണ് നിർദേശമുയർന്നിട്ടുള്ളത്.
കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിൽ ഇതിനായി പദ്ധതി ആവിഷ്കരിച്ചിട്ടില്ല. പഞ്ചായത്ത്തലത്തിൽ പദ്ധതി ആവിഷ്കരിച്ച് ജില്ല ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിക്കേണ്ടതുണ്ട്. മൂന്ന് മുതൽ അഞ്ച് കിലോമീറ്റർ വരെ കാടും മേടും താണ്ടിയാണ് പൂഞ്ചോല ജി.എൽ.പി സ്കൂളിൽ വിദ്യാർഥികൾ എത്തിയിരുന്നത്.
പഴയ കെട്ടിടം ദുർബലമായതോടെ വാടക കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. വാഹന സൗകര്യം ഇല്ലാതായാൽ പട്ടികവർഗ വിദ്യാർഥികൾ സ്കൂളിലെത്തുന്ന കാര്യം ആശങ്കയിലാണ്. പൂഞ്ചോല ജി.എൽ.പി സ്കൂളിലെ വാഹന സൗകര്യമില്ലായ്മയെപ്പറ്റി അടുത്ത ഭരണസമിതി ചർച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കുമെന്ന് കാഞ്ഞിരപ്പുഴ പഞ്ചായത്ത് പ്രസിഡൻറ് സതി രാമരാജൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.