ആലത്തൂർ സ്വാതി ജങ്ഷനിൽ അടിപ്പാത വരുന്നു
text_fieldsആലത്തൂർ: ദേശീയപാത 544ൽ ആലത്തൂർ സ്വാതി ജങ്ഷനിൽ അടിപ്പാത വരുന്നു. ഇതിന്റെ ഭാഗമായി നിലവിലെ പാതയുടെ ഇരുവശങ്ങളിലും അനുബന്ധ പാതകൾ നിർമിച്ച് ഗതാഗതം അതുവഴി തിരിച്ചുവിട്ട ശേഷമായിരിക്കും പ്രധാനപാത പൊളിച്ച് മേൽപാതയുടെ പ്രവൃത്തികൾ തുടങ്ങുക. അങ്ങനെ ചെയ്യുമ്പോൾ ഗതാഗത തടസ്സം ഒഴിവാക്കാനാവും. പുതുതായി നിർമിക്കുന്ന അടിപ്പാതകൾക്ക് നാല് മീറ്റർ ഉയരവും 12 മീറ്റർ വീതിയുമായിരിക്കും. ലൈറ്റ് വെഹിക്കിൾ അണ്ടർപാസ് എന്ന് ദർഘാസിൽ പറഞ്ഞിരുന്നത് ജനങ്ങളിൽ ആശങ്കയുണ്ടാക്കിയിരുന്നു. ചെറിയ വാഹനങ്ങൾ മാത്രമേ പോകാൻ കഴിയു എന്നായിരുന്നു ആശങ്ക. എന്നാൽ ഉയരം നാല് മീറ്റർ ആയതിനാൽ ഭാരം കയറ്റിയതുൾപ്പെടെ മിക്കവാഹനങ്ങൾക്കും സഞ്ചരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
ആലത്തൂർ അടിപ്പാത നിർമിക്കുന്നതിനടുത്ത് പുതിയങ്കം-കാട്ടുശ്ശേരി ദേശങ്ങളിൽ നടക്കുന്ന വാർഷിക ഉത്സവമായ വേലയുടെ ആന എഴുന്നള്ളിപ്പുകൾ അടിപ്പാത വഴി കടന്നുപോകേണ്ടതുണ്ട്. നാല് മീറ്റർ ഉയരം എന്നതോടെ അതിന് തടസ്സം വരില്ല.
ഇതോടൊപ്പം ജില്ലയിൽ കാഴ്ചപറമ്പ്, കുഴൽമന്ദം, തൃശൂർ ജില്ലയിൽ വാണിയമ്പാറ, മുടിക്കോട്, കല്ലിടുക്ക്, അമ്പല്ലൂർ, ചിറങ്ങര, കൊരട്ടി, മുരിങ്ങൂർ, പേരാമ്പ്ര എന്നിവിടങ്ങളിലും അടിപ്പാതകൾ വരുന്നുണ്ട്. അടിപ്പാതകളുടെ മുകളിൽ വരുന്ന ദേശീയപാതയുടെ ഭാഗം ആറ് വരിയായിരിക്കും. ഇപ്പോൾ പാത നാല് വരിയാണെങ്കിലും പിന്നീട് ആറ് വരിയാകുന്നത് കൂടി കണക്കിലെടുത്താണ് മുകൾഭാഗം ആറ് വരിയാക്കുന്നത്. ഇനിയും അടിപ്പാത ആവശ്യമായ ജില്ലയിലെ വാളയാറിനും വടക്കഞ്ചേരിക്കുമിടയിൽ ആലാമരം, കഞ്ചിക്കോട് ആശുപത്രി ജങ്ഷൻ, കുരുടിക്കോട്, പുതുശ്ശേരി, വടക്കുമുറി, കണ്ണന്നൂർ, ചിതലിപ്പാലം, വെള്ളപ്പാറ, തോട്ടുപാലം, വാനൂർ, ചീക്കോട്, അണക്കപ്പാറ, മംഗലം തുടങ്ങി 13 സ്ഥലങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. അതിന്റെ സർവേ കഴിഞ്ഞ ശേഷമായിരിക്കും തീരുമാനമാകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.