ബധിര-മൂക വിഭാഗങ്ങളുടെ ശബ്ദമായി സുകന്യ
text_fieldsപാലക്കാട്: ശബ്ദവും വാക്കുകളും അന്യമായവർക്ക് ആംഗ്യഭാഷയാണ് ഏക ആശയവിനിമയ മാർഗം. കൈവിരലുകൾ വേഗത്തിൽ ചലിപ്പിച്ച് തങ്ങളുടെ മനസ്സിലുള്ളതെല്ലാം അവർ ആയിരം വാക്കുകളായി പറയും. എന്നാൽ, കേൾക്കാനും സംസാരിക്കാനും പറ്റുന്നവർക്ക് ഇത് എളുപ്പത്തിൽ മനസ്സിലാവണമെന്നില്ല. അത്തരക്കാർക്ക് കാര്യങ്ങൾ വിശദീകരിക്കാൻ ബധിര-മൂക വിഭാഗങ്ങളുടെ നാവായി മാറിയിരിക്കുകയാണ് പള്ളത്തേരി സ്വദേശിനി സുകന്യ സുരേഷ് (26). ഡഫ് മൂവ്മെന്റ് ജില്ല കമ്മിറ്റിയിൽ അംഗമായ അച്ഛൻ സുരേഷിന്റെ കൂടെയാണ് സുകന്യ പരിപാടികളിൽ പങ്കെടുക്കാറുള്ളത്. അച്ഛൻ സുരേഷിനും അമ്മ നന്ദിനിക്കും കേൾവി ശക്തിയും സംസാരശേഷിയുമില്ല.
അക്ഷരങ്ങൾ പഠിക്കുന്നതുവരെ മുത്തശ്ശിയുടെ കൂടെയായിരുന്ന സുകന്യ എഴുത്തും വായനയും വശത്താക്കിയശേഷമാണ് മാതാപിതാക്കൾക്കൊപ്പം താമസം തുടങ്ങിയത്. മാതാപിതാക്കളോട് സംസാരിച്ചാണ് ആംഗ്യ ഭാഷ മനസ്സിലാക്കിയെടുത്തത്. ഓരോ സാധനങ്ങൾക്കും വാക്കുകൾക്കുമെല്ലാം ഏതുതരം ആംഗ്യങ്ങളാണ് അവർ ഉപയോഗിക്കുന്നത് എന്നെല്ലാം മനസ്സിലാക്കി.
സാധാരണ ആംഗ്യഭാഷയിൽ എ,ബി,സി,ഡി അക്ഷരമാലയാണ് ഉപയോഗിക്കാറുള്ളത്. എന്നാൽ, ഇംഗ്ലീഷ് വാക്കുകൾക്ക് അത് മതിയാവുമെങ്കിലും മലയാളത്തിൽ സംസാരിക്കുമ്പോൾ പലപ്പോഴും ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ടെന്ന് സുകന്യ പറയുന്നു. അവർ ഉദ്ദേശിക്കുന്ന തരത്തിൽ വിവർത്തനം ചെയ്യാൻ പറ്റാത്ത സാഹചര്യങ്ങളും ഉണ്ടാകാറുണ്ട്. ഒരു കാര്യം തന്നെ വ്യത്യസ്ത ആംഗ്യങ്ങളിൽ കാണിക്കുന്ന അന്താരാഷ്ട്ര ആംഗ്യഭാഷ ഇറങ്ങിയിട്ടുണ്ടെന്നും അത് പഠിക്കാനുള്ള ശ്രമത്തിലാണെന്നും സുകന്യ പറയുന്നു.
മൂന്നുമാസം മുമ്പ് ഡഫ് മൂവ്മെന്റ് സംഘടിപ്പിച്ച സമൂഹവിവാഹ പരിപാടിയിലാണ് ആദ്യമായി സംഘടനക്കൊപ്പം പങ്കെടുത്തത്. പിന്നീട് രണ്ടുമൂന്നു പരിപാടികളിൽ കൂടി പങ്കെടുത്തു.
ഞായറാഴ്ച ഡഫ് മൂവ്മെന്റ് സംഘടിപ്പിച്ച ലോക ബധിരദിനാചരണം, അന്താരാഷ്ട്ര ആംഗ്യഭാഷാ ദിനാചരണം പരിപാടിയിലും വിവർത്തകയായി സുകന്യ ഉണ്ടായിരുന്നു.
പൂർണമായും സേവനപ്രവർത്തനം എന്ന നിലക്കാണ് സുകന്യ ഇത്തരം പരിപാടികളിൽ പങ്കെടുക്കുന്നത്. ഡഫ് മൂവ്മെന്റിലെ അംഗങ്ങളോടൊപ്പം നഗരസഭ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലും വിവർത്തനത്തിന് സഹായിയായി പോകാറുണ്ട്.
നിലവിൽ എലപ്പുള്ളി ജി.ഡബ്ല്യു.എൽ.പി.എസിൽ താൽക്കാലിക അധ്യാപികയായി ജോലി നോക്കുകയാണ് സുകന്യ. ഭർത്താവ് അഖിലും മകൻ ഋത്വികും കൂട്ടിനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.