ചൂട് കനക്കുന്നു; പച്ചക്കറി കർഷകർ നെട്ടോട്ടത്തിൽ
text_fieldsഎലവഞ്ചേരി: ചൂട് കനത്തതോടെ പച്ചക്കറി കർഷകർ നെട്ടോട്ടത്തിൽ. വിഷു വിപണി ലക്ഷ്യമാക്കി വിത്തിറക്കിയ കർഷകരാണ് ദുരിതത്തിലായത്. എലവഞ്ചേരി, വിത്തലശ്ശേരി, മുതലമട, കൊല്ലങ്കോട് എന്നിവിടങ്ങളിൽ 200 ഏക്കറിലാണ് വെള്ളരി, വെണ്ട, ഇളവൻ എന്നിവ വിത്തിറക്കിയത്.
കഴിഞ്ഞ ഒരാഴ്ചയായി അന്തരീക്ഷ ഊഷ്മാവ് വർധിച്ചതോടെ വിത്തുവിതച്ച് മുളവന്ന ചെടികളെ സംരക്ഷിക്കാൻ ഓടി നടക്കുകയാണ് കർഷകർ. പന്തൽ നിർമിച്ചും ഇലകൾ കൊണ്ട് തണലൊരുക്കിയും ചെടികളെ ഉണങ്ങാതെ സംരക്ഷിക്കാനുള്ള തിരക്കിലാണ് കർഷകർ. കൂടാതെ വിഷുവിന് വിഷരഹിത പച്ചക്കറി എന്ന പദ്ധതിയുമായി പച്ചക്കറി കൃഷി ചെയ്യാനിറങ്ങിയ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകരും തൈകളെ സംരക്ഷിക്കാനുള്ള ഓട്ടത്തിലാണ്. ഇതേ ചൂട് തുടർന്നാൽ വിഷു വിപണിക്കുള്ള പച്ചക്കറി ഉൽപാദനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് കർഷകർ പറഞ്ഞു.
വരണ്ട് കണ്ണാടിപ്പുഴ
മാത്തൂർ: വേനൽ കനക്കും മുമ്പേ കണ്ണാടിപ്പുഴ വരണ്ടു തുടങ്ങി. ജലവിതാനം കുറയുന്നത് ആനിക്കോട് ശുദ്ധജല വിതരണ പദ്ധതി പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ. വർഷംതോറും പുഴയുടെ വിസ്തൃതി കുറയുന്നതും കരയിടിഞ്ഞും മണ്ണടിഞ്ഞും പുഴയുടെ ആഴവും വ്യാപ്തിയും കുറഞ്ഞതും പുഴ വറ്റാൻ കാരണമാണെന്ന് പറയുന്നു. പുഴ സംരക്ഷണത്തിന് ഫലപ്രദമായ പദ്ധതികളൊന്നും ഇല്ലാത്തതും മറ്റൊരു കാരണമാണ്. മാത്തൂർ ഗ്രാമപഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശങ്ങളിലേക്കും പിരായിരി ഗ്രമപഞ്ചായത്തിലെ നിരവധി പ്രദേശങ്ങളിലേക്കും ശുദ്ധജലമെത്തിക്കുന്ന പമ്പ് ഹൗസുകൾ പ്രവർത്തിക്കുന്നത് കണ്ണാടിപ്പുഴയെ ആശ്രയിച്ചാണ്. പുഴ വരണ്ട് പാറക്കെട്ടുകൾ മാത്രമായത് ശുദ്ധജലം ലഭിക്കാതാകുമോ എന്ന ആശങ്കയിലാണ് മിക്ക കുടുംബങ്ങളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.