ചൂട് വർധിക്കുന്നു; വേണം, ഓമനകൾക്കും കരുതൽ
text_fieldsപാലക്കാട്: കത്തുന്ന സൂര്യന് കീഴിൽ വെന്തുരുകുകയാണ് നാടൊന്നാകെ. കഠിനമായ ചൂടിൽ വളർത്തുമൃഗങ്ങളുടെ കാര്യത്തിലും അൽപം ശ്രദ്ധ വേണം. കറവ പശുക്കൾ, ആട്, കോഴി, പലതരം പക്ഷികൾ, വളർത്തുനായ്ക്കൾ, പൂച്ചകൾ തുടങ്ങിയ ജീവികളും ഭീഷണിയിലാണ്. നിർജ്ജലീകരണമുൾപ്പെടെ ആരോഗ്യപ്രശ്നങ്ങൾ മൃഗങ്ങൾക്കിടയിൽ വ്യാപകമാവുകയാണ്.
ചൂട് വർധിച്ചതുമൂലം പക്ഷികളിലും മൃഗങ്ങളിലും വിശപ്പും പ്രതിരോധശേഷിയും കുറയും. വിയർപ്പിലൂടെയും മൂത്രത്തിലൂടെയും ശരീരത്തിൽനിന്ന് ധാതുലവണങ്ങൾ നഷ്ടമാകുന്നതിനാൽ വളർത്തുമൃഗങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങൾ വർധിക്കാൻ ഇടവരുത്തും.
വളർത്തുപക്ഷികളിലും പൂച്ചകളിലും നായ്ക്കളിലും വരണ്ട ചർമവും രോമം കൊഴിച്ചിലും വ്യാപകമാകും. പക്ഷികളുടെ
കാര്യത്തിൽ പ്രത്യേകശ്രദ്ധ വേണം. മൃഗങ്ങൾ ശരീരതാപനില കുറയ്ക്കാൻ ഒരുപരിധിവരെ സ്വയം മുൻകരുതൽ സ്വീകരിക്കുന്നുണ്ടെങ്കിലും പക്ഷികൾക്ക് അതിനുള്ള കഴിവില്ല. ശരീരതാപനില ഒരു ഡിഗ്രി കൂടിയാൽ പോലും ഇവ കുഴഞ്ഞുവീഴാൻ സാധ്യത കൂടുതലാണ്.
ഉച്ച സമയങ്ങളിലും മൃഗങ്ങളെ കുളിപ്പിക്കരുത്. ശരീരതാപം കുറയുന്നതോടെ കൂടുതൽ ഊർജം ഉപയോഗിക്കേണ്ടിവരും. ഇത് അവയുടെ ജീവന് ആപത്താണെന്ന് വെറ്ററിനറി ഉദ്യോഗസ്ഥർ പറയുന്നു.
ജാഗ്രതൈ....
- രാവിലെ 11 മുതൽ വൈകീട്ട് മൂന്നുവരെ മൃഗങ്ങളെ മരത്തണലിലോ കൂടുകളിലോ സംരക്ഷിക്കുക.
- കടുത്ത ചൂടുള്ളപ്പോൾ മൃഗങ്ങളെ കുളിപ്പിക്കരുത്
- പക്ഷികൾക്ക് ശുദ്ധമായ കുടിവെള്ളം സദാസമയവും ഉറപ്പാക്കുക
- കൂടുകളിൽ ഫാനും വെന്റിലേഷനും നൽകുക
- കൂടിന് മുകളിൽ ഓല, വൈക്കോൽ, നനഞ്ഞ ചാക്കുകൾ പാകുക
- സൂര്യാതപമേറ്റാൽ ഉടനെ വെള്ളം ഒഴിച്ച് നന്നായി നനയ്ക്കുക
- ധാരാളം വെള്ളം നൽകുക
ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ
അമിതമായ ഉമിനീര് സ്രവം, വായ തുറന്നു ശ്വസിക്കല്‍, തളര്‍ച്ച, ശരീരത്തില്‍ പൊള്ളലേറ്റ പാടുകള്‍ തുടങ്ങിയവ സൂര്യാഘാതത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍ ആണ്.
ഇവ കണ്ടാല്‍ ഉടന്‍ ചികിത്സ നല്‍കണമെന്ന് ജില്ല മൃഗസംരക്ഷണ ഓഫിസിലെ വെറ്ററിനറി സർജൻ ഡോ. ആഷ മെറീന കുര്യക്കോസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.