വേനൽച്ചൂട്: കത്തിയമർന്ന് കാട്
text_fieldsഓടിത്തളർന്ന് വനംവകുപ്പും അഗ്നിരക്ഷസേനയും
പാലക്കാട്: വേനൽ കടുത്തതോടെ ജില്ലയുടെ വനമേഖയിൽ പരക്കെ നാശം വിതച്ച് കാട്ടുതീ. വനാന്തർഭാഗങ്ങളിലടക്കം തീപടരുന്നത് പതിവായതോടെ ഓടിത്തളർന്ന് വനംവകുപ്പും അഗ്നിരക്ഷസേനയും. 2023ൽ ആദ്യ മൂന്ന് മാസത്തിൽ മാത്രം വിവിധ സംഭവങ്ങളിലായി ജില്ലയിൽ 327 ഏക്കർ വനമാണ് എരിഞ്ഞുതീർന്നതെന്ന് വനംവകുപ്പ് അധികൃതർ വ്യക്തമാക്കുന്നു.
ഒരുക്കങ്ങളെ ഉരുക്കിയ തീ
മാർച്ച് ആദ്യവാരങ്ങളിൽ തന്നെ ജില്ലയിൽ വിവിധയിടങ്ങളിൽ ചൂട് 40 ഡിഗ്രി സെൽഷ്യസ് കടന്നു. കനത്ത ചൂട് കണക്കാക്കി വനമേഖലയിലെ കാട്ടുതീബാധക്ക് തടയിടാൻ ഇക്കുറി ഒരുക്കം സജീവമായിരുന്നു. വനംവകുപ്പ് ഫയർലൈൻ തയാറാക്കി പ്രതിരോധം തീർത്തെങ്കിലും തീ കൂടുതൽ ഇടങ്ങളിലേക്ക് പടരുന്നതായി കാഴ്ച. വനമേഖലകൾ കരിഞ്ഞുണങ്ങുന്നതിനാൽ തീപിടിത്ത സാധ്യത കണക്കിലെടുത്ത് ഫയർബ്ലോക്കുകളായി മേഖലകളെ തിരിച്ചിരുന്നു. ഓരോ ബ്ലോക്കിനും ഉദ്യോഗസ്ഥന് പ്രത്യേകം ചുമതല നൽകി.
ജില്ല കേന്ദ്രത്തിൽ ഫയർ കൺട്രോൾ റൂമും തുറന്നു. എന്നിട്ടും അട്ടപ്പാടിയിൽ മല്ലീശ്വരൻമുടിയിലും സമീപ മലനിരയിലും സൈലൻറ് വാലിയുടെ അനുബന്ധ വനമേഖലയിലും മലമ്പുഴയിലും നെല്ലിയാമ്പതിയുമെല്ലാം കാട്ടുതീ ആശങ്ക പടർത്തി. ചിലര്‍ ബോധപൂർവം കാട്ടില്‍ തീ പടര്‍ത്തുമ്പോള്‍ ചിലയിടത്ത് അശ്രദ്ധയാണ് കാരണം.
അന്തരീക്ഷ താപനില അനിയന്ത്രിതമായി വര്‍ധിക്കുന്നതും കാട്ടുതീയുടെ വ്യാപ്തി വര്‍ധിപ്പിക്കുന്നു. ഓരോ തീപിടിത്തവും പ്രത്യേകം പരിശോധിക്കാൻ സര്‍ക്കിള്‍ തലത്തില്‍ നോഡല്‍ ഓഫിസര്‍മാരെ നിയമിച്ചും മുഴുവന്‍സമയം പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമുകള്‍ സ്ഥാപിച്ചും കാട്ടുതീ പ്രതിരോധം ഊര്‍ജിതമാക്കുകയാണ് വനം വകുപ്പ്. അടുത്ത വര്‍ഷത്തേക്കുള്ള കാട്ടുതീ കൈകാര്യ പദ്ധതി തയാറാക്കി വരികയാണെന്നും വനം വകുപ്പ് അറിയിച്ചു. ചെറിയ അശ്രദ്ധകള്‍ മൂലമുണ്ടാകുന്ന കാട്ടുതീയുടെ വ്യാപ്തി എത്ര വലുതാണ് എന്നതിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് വനംവകുപ്പിന്റെ ഈ കണക്കുകള്‍. പൊതുജനം ഇക്കാര്യത്തില്‍ നിതാന്ത ജാഗ്രത പാലിക്കണമെന്നാണ് സര്‍ക്കാർ നല്കുന്ന നിര്‍ദേശം.
കത്തിനശിക്കുന്നത് ജൈവസമ്പത്ത്
വനമേഖലയിൽ ഉണ്ടാവുന്ന തീപിടിത്തങ്ങളിൽ ഭൂരിഭാഗവും മനുഷ്യനിർമിതമെന്നാണ് വനംവകുപ്പിന്റെ കണ്ടെത്തൽ. വന്യജീവികളെ തുരത്താനും കൃഷിയാവശ്യത്തിനും തീയിടുമ്പോൾ പടരുന്ന തീയാണ് പലയിടത്തും വില്ലനാവുന്നത്. വനം കത്തിയമരുമ്പോൾ ഒപ്പം നശിക്കുന്ന ജൈവസമ്പത്ത് പൂർവസ്ഥിതിയിലാവാൻ വർഷങ്ങൾ വേണ്ടിവരുമെന്നാണ് വിദഗ്ധ പക്ഷം. കഴിഞ്ഞ അഞ്ചുവർഷത്തെ കണക്കുകളിൽ 2019ലാണ് സംസ്ഥാനത്ത് ഏറ്റവുമധികം വനം കത്തിനശിച്ചത്, 1762.49 ഹെക്ടർ. ഇതേവർഷം അട്ടപ്പാടിയിൽ മാത്രം ആയിരം ഹെക്ടർ വനത്തിന് തീപിടിച്ചുവെന്നാണ് കണക്ക്.
ഇക്കുറിയും പതിവുപോലെ അട്ടപ്പാടി, അഗളി, നെല്ലിയാമ്പതി, ആലത്തൂർ, കൊല്ലങ്കോട്, ഒറ്റപ്പാലം, കാളികാവ്, കരുളായി, മണ്ണാർക്കാട് റേഞ്ചുകളിൽ ചെറുതും വലുതുമായ 600ഓളം തീപിടിത്തങ്ങളുണ്ടായി. കാട്ടുതീയെ തുടർന്ന് ആന, പുലി, കാട്ടുപോത്ത്, പന്നി, കുരങ്ങ്, മലയണ്ണാൻ, മാൻ, മയിൽ തുടങ്ങിയ മൃഗങ്ങൾ ജനവാസമേഖലയിൽ തമ്പടിക്കുന്നത് പതിവ് കാഴ്ചയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.