വേനൽ ചൂടേറുന്നു: സജീവമായി പഴ വിപണി; പക്ഷേ, കീശ കീറും
text_fieldsപാലക്കാട്: ജില്ലയിൽ ചൂടിന്റെ കാഠിന്യം കൂടിയതോടെ പഴവർഗങ്ങളുടെ വിൽപനയും കുതിച്ചുകയറുകയാണ്. ജ്യൂസുകൾക്കടക്കം ആവശ്യക്കാരേറെയുള്ളതിനാൽ പഴവിപണിയും സജീവം. വിവിധ പഴവർഗങ്ങളും വിപണിയിൽ എത്തിക്കഴിഞ്ഞു. എന്നാൽ, ചൂടിനൊപ്പം പഴവർഗങ്ങളുടെ വിലയും കുതിച്ചുകയറുകയാണെന്നാണ് ജനങ്ങളുടെ പരാതി. തണ്ണിമത്തൻ, മുന്തിരി തുടങ്ങിയ ജലാംശം കൂടുതലുള്ള പഴങ്ങൾക്കാണ് ആവശ്യക്കാരേറെ.
അത്രുഗ്രനായി ചൂട്
36 ഡിഗ്രിയാണ് ജില്ലയിലെ ഉയർന്ന ചൂട്. കുറഞ്ഞ ചൂട് 22 ഡിഗ്രിയും. അടുത്തദിവങ്ങളിൽ 37-38 ഡിഗ്രി വരെ ചൂട് ഉയരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചൂടിൽനിന്ന് രക്ഷനേടാനായി ജനം പഴങ്ങളെയും ജ്യൂസുകളെയും ആശ്രയിച്ചതോടെയാണ് വിപണിയിൽ ആവശ്യക്കാരേറിയത്.
തണ്ണിമത്തനാണ് താരം
കിരൺ തണ്ണിമത്തൻ (കടുംപച്ച), മഞ്ഞ, ഇളംനിറത്തിലുള്ള വലിയ തണ്ണിമത്തൻ എന്നിവയാണ് വിപണിയിൽ എത്തുന്നത്. കിലോക്ക് 30 മുതൽ 42 രൂപ വരെയാണ് കിരൺ തണ്ണിമത്തന്റെ വില. പ്രധാനമായും കർണാടകയിൽനിന്നാണ് ഇത് കേരളത്തിലേക്ക് എത്തുന്നത്. സാദാ തണ്ണിമത്തന് കിലോക്ക് 22 രൂപയാണ് വില.
വിദേശി ആപ്പിൾ
ഇറാൻ, തുർക്കിയ, ന്യൂസിലാൻഡ് എന്നീ വിദേശരാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്ത ആപ്പിളാണ് വിപണിയിലുള്ളത്. 200 മുതൽ 260 രൂപ വരെയാണ് ആപ്പിളിന്റെ വില. കശ്മീർ ആപ്പിളിനും ആവശ്യക്കാർ ഉണ്ടെങ്കിലും ഇവ ലഭ്യമല്ല.
മധുരിക്കും മുന്തിരി
വിപണിയിൽ കുരുവില്ലാത്ത കറുത്ത മുന്തിരി ‘ശരത്തി’നാണ് ഏറ്റവും പ്രിയം, 140 രൂപയാണ് വില. കുരുവില്ലാത്ത പച്ച മുന്തിരി സോന -100 രൂപ, റോസ് മുന്തിരി -80 രൂപ, ജ്യൂസ് മുന്തിരി -60 രൂപ എന്നിങ്ങനെയാണ് വില. ഓറഞ്ചിന്റെ ഗുണനിലവാരമനുസരിച്ച് 100 മുതലാണ് വില. അതേസമയം, വാഴപ്പഴങ്ങളായ റോബസ്റ്റ, പാളയൻതോടൻ, ഞാലിപ്പൂവൻ എന്നിവക്ക് കാര്യമായി വില വർധിച്ചിട്ടില്ല. കിലോക്ക് 45 രൂപക്ക് താഴെയാണ് വില.
പൊടിപൊടിച്ച് വഴിയോരക്കച്ചവടം; വൃത്തിയിൽ പരാതി
ചൂട് കനത്തതോടെ വഴിയോരങ്ങളിൽ നിരവധി ശീതളപാനീയ കടകളുയർന്നു. തണ്ണിമത്തൻ ജ്യൂസ്, കുലുക്കി സർബത്ത്, കരിക്ക്, കരിമ്പ് ജ്യൂസ് എന്നിവക്ക് ഡിമാൻഡ് വർധിച്ചിട്ടുണ്ട്.
ഒരു ഗ്ലാസ് തണ്ണിമത്തൻ ജ്യൂസിന് ഈടാക്കുന്നത് 20-25 രൂപ വരെയാണ്. എന്നാൽ, പല കടകളും പ്രവർത്തിക്കുന്നത് വൃത്തിഹീനമായ സാഹചര്യത്തിലാണെന്നും ജ്യൂസുകളിൽ ഉപയോഗിക്കുന്ന പഴങ്ങളും വെള്ളവും ഐസും നിലവാരം കുറഞ്ഞവയാണെന്നും പരാതിയുണ്ട്.
വിവിധ പഴങ്ങളുടെ ജില്ലയിലെ വില
ആപ്പിൾ 200-260 രൂപ
കുരുവില്ലാത്ത മുന്തിരി പച്ച -100
കുരുവില്ലാത്ത മുന്തിരി കറുപ്പ് -140
പപ്പായ - 50
കിനു ഓറഞ്ച് - 100
തായ് ലൻഡ് പേരക്ക -140
കിവി -130 (ബോക്സ്)
തണ്ണിമത്തൻ കിരൺ (കടുംപച്ച) -30
ഇളംപച്ച തണ്ണിമത്തൻ -22
ക്ഷീണമകറ്റാം: ആരോഗ്യം നിലനിർത്താം
മാമ്പഴം, ഓറഞ്ച്, മാതളം, മുന്തിരി, വാഴപ്പഴം, പൈനാപ്പിൾ, ആപ്പിൾ, പപ്പായ, മുസമ്പി എന്നിവ ക്ഷീണമകറ്റാൻ ഉപയോഗിക്കാം. നാരങ്ങ വെള്ളം, കരിക്കിൻ വെള്ളം, കരിമ്പിൻനീര്, മുന്തിരി-ഓറഞ്ച്-പൈനാപ്പിൾ ജ്യൂസ്, സംഭാരം എന്നിവ ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.