വേനൽ കനക്കുന്നു, തീപിടിത്തവും; വേണം അണയാത്ത ജാഗ്രത
text_fieldsപാലക്കാട്: ജില്ലയിൽ ചൂടിന്റെ കാഠിന്യം കൂടിയതോടെ നഗരത്തിൽ പലയിടത്തും തീപിടിത്തങ്ങൾ വർധിച്ചു. ജനുവരിയിൽ പാലക്കാട് സ്റ്റേഷൻ പരിധിയിൽ മാത്രം 32 തീപിടിത്തങ്ങളാണുണ്ടായത്. ജില്ലയിലെ 10 സ്റ്റേഷൻ പരിധിയിൽ 104 തീപിടിത്തങ്ങളുണ്ടായി. പാലക്കാട് സ്റ്റേഷനിൽ വർഷത്തിൽ ശരാശരി 500 ഫോൺ വിളികളാണ് തീപിടിത്തവുമായി ബന്ധപ്പെട്ട് ഉണ്ടാകാറുള്ളതെന്ന് ജില്ല അഗ്നിരക്ഷ നിലയം അധികൃതർ അറിയിച്ചു.
പറമ്പുകളിലും വഴിയോരങ്ങളിലും പുല്ലുകൾ കരിഞ്ഞുണങ്ങിയാണ് തീപിടിത്തം ഉണ്ടാവുന്നത്. നഗരത്തിലെ പൊതുസ്ഥലത്ത് ചപ്പുചവറുകൾ കൂട്ടിയിട്ട് കത്തിക്കുന്നതും തീ പടർന്ന് അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. റബർതോട്ടങ്ങൾ, വനമേഖല, വയലുകൾ എന്നിവിടങ്ങളിലാണ് കൂടുതലും തീപടരുക. പലപ്പോഴും ഇത്തരം സ്ഥലങ്ങളിൽ വാഹനം എത്തിക്കാൻ സൗകര്യം കുറവായിരിക്കും. അതിനാൽ, ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ പറഞ്ഞു.
വേനലിൽ ഓടിത്തളർന്ന് അഗ്നിരക്ഷ സേന
മതിയായ ജലം ലഭിക്കാത്തതാണ് സേന നേരിടുന്ന പ്രധാനപ്രശ്നം. കാർഷികാവശ്യത്തിന് ജലസേചന കനാലുകൾ തുറക്കുന്ന സമയത്ത് മതിയായ ജലം കനാലുകളിൽ ശേഖരിച്ച് വെക്കാൻ കഴിയും.
അവ നിർത്തുന്നതോടെ വെള്ളത്തിന് പെടാപാടാണ്. അപകടങ്ങളുടെ തോത് അനുസരിച്ച് പ്രവൃത്തികൾ ചെയ്യാൻ പറ്റില്ലെന്നതിനാൽ ജനം അലക്ഷ്യമായി തീ ഉപേക്ഷിക്കരുതെന്നാണ് അഗ്നിരക്ഷനിലയം ജീവനക്കാർക്ക് വ്യക്തമാക്കാനുള്ളത്. മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് തീപിടിത്തങ്ങൾ കൂടുതൽ. നിലവിൽ ഫയർ ടാങ്കുകളിൽ വെള്ളം നിറക്കുന്നത് മലമ്പുഴ കനാലുകളിൽനിന്നാണ്. വെള്ളം നിർത്തുന്നതോടെ പൊതുജലാശയങ്ങൾ, സ്വകാര്യ കിണറുകൾ എന്നിവയെയും ആശ്രയിക്കേണ്ടിവരും. വേനൽച്ചൂട് വർധിക്കുന്നതിനൊപ്പം കാറ്റുള്ളതിനാൽ കഴിയുന്നതും തീയിടാതിരിക്കുക. സുരക്ഷ മുൻകരുതൽ ഉപയോഗിച്ച് മാത്രമേ ചപ്പുചവറുകൾ കാത്തിക്കാൻ പാടുള്ളുവെന്നും ചെറിയ തീപ്പൊരി മതി വലിയ അപകടങ്ങൾക്ക് കാരണമാകാനെന്നും അഗ്നിരക്ഷ സേന ഉദ്യോഗസ്ഥൻ പ്രവീൺ പറഞ്ഞു.
1. വഴിയോരങ്ങളിൽ മാലിന്യം കൂട്ടിയിട്ട് കത്തിക്കാതിരിക്കുക.
2. തെരുവുകളിൽ മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക.
3. ഉണങ്ങിയ പുല്ലുകളും കുറ്റിച്ചെടികളും വെട്ടി വൃത്തിയാക്കുക.
4. ചപ്പുചവറുകൾ കത്തിക്കുമ്പോൾ തീപൂർണമായും അണക്കാതെ പരിസരത്തുനിന്ന് മാറരുത്.
5. ഫയർ എക്സ്റ്റിങ്കിഷറുകൾ ഓരോ വർഷവും പരിശോധന നടത്തി റീ ഫില്ലിങ് ചെയ്യുക.
6. ഫയർ അലാറം സിസ്റ്റവും പാനലും പ്രവർത്തനക്ഷമമെന്ന് ഉറപ്പാക്കുക
7. രാത്രിയിൽ തീയിടാതിരിക്കുക.
8. വൈദ്യുതി ലൈനിൽനിന്ന് തീപ്പൊരി തെറിക്കാം. മരച്ചില്ലകൾ വൈദ്യുതി ലൈനിൽ തട്ടുന്നുണ്ടെങ്കിൽ കെ.എസ്.ഇ.ബിയെ വിവരം അറിയിക്കുക
അഗ്നിരക്ഷ ഉപകരണങ്ങൾ സജ്ജം
മൊബൈൽ ടാങ്ക് യൂനിറ്റ്, മിനി മൊബൈൽ ടാങ്ക് യൂനിറ്റ്, വാട്ടർ ബ്രൗസർ, അഡ്വാൻസ്ഡ് റെസ്ക്യൂ ടെൻഡർ, ഫോം ടെൻഡർ, വാട്ടർ ലോറി, മൾട്ടി യൂട്ടിലിറ്റി വാഹനം, ആംബുലൻസ്, ജീപ്പ് തുടങ്ങിയ അഗ്നിരക്ഷ ഉപകരണങ്ങളെല്ലാം പാലക്കാട് സ്റ്റേഷനിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.