Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവേനൽച്ചൂടുയരുന്നു;...

വേനൽച്ചൂടുയരുന്നു; സൂക്ഷിച്ചില്ലെങ്കിൽ പണി ശീതളപാനീയത്തിൽ കിട്ടും

text_fields
bookmark_border
വേനൽച്ചൂടുയരുന്നു; സൂക്ഷിച്ചില്ലെങ്കിൽ  പണി ശീതളപാനീയത്തിൽ കിട്ടും
cancel
Listen to this Article

പാലക്കാട്: പാലക്കാടൻ വേനൽ ചൂടിൽ വിയർത്തു കുളിച്ചു നിൽക്കുമ്പോൾ തണുത്ത സോഡാ നാരങ്ങാവെള്ളമോ കരിക്കോ ആഗ്രഹിക്കാത്തവരുണ്ടാവുമോ? പൊള്ളുന്ന ചൂടിനെ തണുപ്പിക്കാൻ ശീതളപാനീയ വിപണി സജീവമാകുന്നതിനിടെ പതിയെ ആശങ്കകളും തലപൊക്കുകയാണ്. കരിക്കും പന നൊങ്കും കരിമ്പിൻ ജ്യൂസും തണ്ണിമത്തനുമെല്ലാം അരങ്ങുവാണിടങ്ങളിൽ നിറത്തിലും മണത്തിലും രുചിയിലുമെല്ലാം തികച്ചും ന്യൂജനായ പാനീയങ്ങളും കാണാം.

നഗര, ഗ്രാമ വ്യത്യാസമില്ലാതെ പാതയോരങ്ങളിൽ ശീതളപാനീയക്കച്ചവടം പൊടിപൊടിക്കുമ്പോൾ ഭക്ഷ്യസുരക്ഷാവിഭാഗത്തിന്‍റേതടക്കം പരിശോധനകൾ പ്രഹസനമാകുകയാണെന്ന് പരാതിയും ശക്തമാണ്. ഉത്സവകാലം കൂടിയായതോടെ ശീതളപാനീയങ്ങൾ, ഉപ്പിലിട്ട ഭക്ഷണ പദാർഥങ്ങൾ എന്നിവയിലൊക്കെ ശരീരത്തിന് ഹാനികരമായ വസ്തുക്കൾ ചേർത്താണ് മിക്കയിടത്തും കച്ചവടം സജീവമാകുന്നത്.

ശീതള പാനീയങ്ങളിൽ തണുപ്പിക്കാൻ ചേർക്കുന്ന ഐസ്, രുചികൾക്കായി ചേർക്കുന്ന എസ്സൻസുകൾ, ഉപ്പിലിട്ട വസ്തുക്കളിൽ ചേർക്കുന്ന ആസിഡുകൾ എന്നിങ്ങനെ കണ്ടറിഞ്ഞാൽ കണ്ണുതള്ളുന്ന സത്യങ്ങൾ കണ്ണടച്ച് കാശാകുന്ന കാലമാണ് വേനൽക്കാലം.

കുലുക്കിയും പതഞ്ഞും ആരോഗ്യം

കുലുക്കി സർബത്ത്, പാൽ സർബത്ത്, ചട്ടി സർബത്ത്, ഫുൾജാർ സോഡ എന്നിങ്ങനെ അടുത്ത കാലത്തായി തലപൊക്കിത്തുടങ്ങിയ പുത്തൻ രുചികളിലൂടെ കച്ചവടക്കാർ ലാഭം കൊയ്യുമ്പോൾ ഇവയിലൂടെ ശരീരത്തിലെത്തുന്നത് ഹാനികരമായ രാസവസ്തുക്കളാണ്. ജ്യൂസുകൾ തയാറാക്കാൻ ഉപയോഗിക്കുന്ന പഴങ്ങൾ, ഐസ്, പഞ്ചസാര, മറ്റു ഭക്ഷ്യവസ്തുക്കൾ എന്നിവ നിശ്ചിത ഗുണനിലവാരമുള്ളവയാണോ എന്നു പരിശോധിക്കാൻ സംവിധാനമായിട്ടില്ല. രുചിക്കും നിറത്തിനും രാസവസ്തുക്കളുടെ ഉപയോഗം അമിതമാവുമ്പോഴും അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. വലിയ തിരക്കുള്ള വഴിയോരക്കടകളിൽ പലതിലും പാനീയം തണുപ്പിക്കാൻ ഉപയോഗിക്കുന്നതാകട്ടെ മീന്‍ കേടുവരാതിരിക്കാന്‍ ഉപയോഗിക്കുന്ന ഐസുകട്ടകളാണ്. കൃത്യമായ മേല്‍വിലാസമോ ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാതെ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ നിയമങ്ങൾ ലംഘിച്ചാണ് പല കച്ചവടങ്ങളും നടക്കുന്നത്. ജ്യൂസുണ്ടാക്കാനുപയോഗിക്കുന്ന വെള്ളം, ഉപകരണങ്ങളുടെ അവസ്ഥ, ജീവനക്കാരുടെ ആരോഗ്യ സ്ഥിതി എന്നിങ്ങനെ ഭക്ഷ്യസുരക്ഷ വിഭാഗം പരിശോധിക്കണമെന്ന മാനദണ്ഡങ്ങളൊക്കെ അധികൃതർ തന്നെ മറന്ന മട്ടാണ്.

തണ്ണിമത്തൻ മുതൽ പഴച്ചാർ വരെ നീളുന്ന രാസരുചി

രുചിക്കൊപ്പം ആകർഷണീയമായ നിറവുമാണ് തണ്ണിമത്തൻ ജ്യൂസിനെ ആളുകൾക്ക് പ്രിയങ്കരമാക്കുക. തണ്ണിമത്തനടക്കം ജ്യൂസുകളിൽ ചേർക്കാൻ വിവിധ കളറിങ് ഏജന്‍റുകൾ ഇടനിലക്കാർ വഴി എത്തുന്നുണ്ടെന്ന് വ്യാപാരികൾ തന്നെ സമ്മതിക്കുന്നു. ഇതിനു പുറമെയാണ് മധുരത്തിനായി ചേർക്കുന്ന രാസപദാർഥങ്ങൾ. പഞ്ചസാരയുടെ അളവ് കുറക്കുന്നതിനും ചെലവ് കുറയ്ക്കുന്നതിനുമായി വ്യാപാരികൾ കൃത്രിമ മധുരങ്ങളെ ആശ്രയിക്കുന്ന പ്രവണത വ്യാപകമാവുകയാണ്. പൊടി രൂപത്തിലെത്തുന്ന ഇത്തരം രാസവസ്തുക്കള്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും പ്രത്യേക ഏജന്റുവഴിയാണ് വഴിയോരകച്ചവടക്കാരിലെത്തുന്നത്.

ഉപ്പിലിട്ട അ'സുഖം'

പാതയോരങ്ങളിലെ മരച്ചുവട്ടിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലുമെല്ലാം ആരെയും ആകർഷിക്കും വിധം വെച്ചിരിക്കുന്ന ഉപ്പിലിട്ടതിന്‍റെ രുചി മറന്ന് മുന്നോട്ട് പോകാൻ പലർക്കും ഇത്തിരി പാടാണ്. പൈനാപ്പിളും മാങ്ങയും കാരറ്റും നെല്ലിക്കയുമെല്ലാം നാവിൽ കുളിരുകോരുന്ന രുചി. എന്നാൽ ഇവ നിർമിക്കുന്ന സ്ഥലങ്ങൾ ഭൂരിഭാഗവും അടിസ്ഥാന ശുചിത്വം പോലുമില്ലാതെ പ്രവർത്തിക്കുന്നയിടങ്ങളാണെന്ന് അറിയുമ്പോഴാണ് പലരുടെയും നെറ്റി ചുളിയുക. എരിവും പുളിവും രുചിയും കിട്ടാനായി വിനാഗിരിക്കൊപ്പം ഇതര ലായനികളും ചേർക്കുന്നതാണ് ഇവിടെ വില്ലനാവുന്നത്. അടുത്തിടെ കോഴിക്കോട് ഇത്തരത്തിൽ ഭക്ഷ്യവിഷബാധയേറ്റത് വലിയ ജനശ്രദ്ധ നേടിയിരുന്നു. വിനാഗിരിക്ക് പുറമെ വ്യവസായ ആവശ്യങ്ങൾക്കായെത്തിക്കുന്നതും വിപണിയിൽ സുലഭമായതും ആരോഗ്യത്തിന് ഹാനികരമായതുമായ ആസിഡുകൾ ഉപ്പിലിട്ടത് നിർമാണത്തിന് ഉപയോഗിക്കുന്നതായി കച്ചവടക്കാരിൽ ചിലർ തന്നെ പറയുന്നു. കച്ചവട കേന്ദ്രങ്ങളിൽ സീസണുകളിൽ പരിശോധന കാര്യക്ഷമമാക്കാത്തതും ഇവർ ഉപയോഗിക്കുന്ന വസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കാത്തതുമെല്ലാം അധികൃതരുടെ ഭാഗത്തുനിന്നുള്ള വീഴ്ചയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drinking watersummer hot
News Summary - Summer is heavy: need a lot of attention
Next Story