മരുപ്പറമ്പായി പുഴകൾ
text_fieldsപറളി: വേനൽ ശക്തമായതോടെ പുഴകൾ മരുപ്പറമ്പായി. കുടിവെള്ളക്ഷാമം അതിരൂക്ഷമാകുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ. പറളി മേഖലയിലെ കൽപാത്തിപ്പുഴയും കണ്ണാടിപ്പുഴയുമാണ് ഒരിറ്റുവെള്ളമില്ലാതെ വറ്റിവരണ്ട് മരുപ്പറമ്പിന് സമാനമായത്. പുഴകൾ വറ്റിയത് ഏറെ ബാധിക്കുക ശുദ്ധജല വിതരണത്തെയാണ്.
മിക്ക കുടിവെള്ള വിതരണ പമ്പ് ഹൗസുകളും പ്രവർത്തിക്കുന്നത് പുഴകളിലാണ്. പമ്പിങ്ങിന് ആവശ്യമായ വെള്ളം ലഭിക്കാത്ത പ്രശ്നം വേനലിന്റെ തുടക്കത്തിലേ ഉള്ളതാണ്. പുഴ വറ്റിവരണ്ടത് കാരണം കുടിവെള്ള വിതരണം പൂർണ സ്തംഭനാവസ്ഥയിലേക്ക് നീങ്ങി.
വറ്റിവരണ്ട് കണ്ണങ്കടവ് തടയണ
പത്തിരിപ്പാല: ലക്ഷങ്ങൾ മുടക്കി നിർമിച്ച മങ്കര കണ്ണങ്കടവ് തടയണയിലെ വെള്ളം അധികൃതരുടെ അനാസ്ഥ മൂലം പാഴായി. തടയണക്ക് ഷട്ടറിടാത്തതിനാലാണ് ജലം പൂർണമായി പാഴായത്. മൂന്ന് വർഷം മുമ്പ് വരെ കർഷകരുടെ കൂട്ടായ്മയിൽ മരം കൊണ്ടുള്ള ഷട്ടർ സ്ഥാപിച്ചിരുന്നു. പിന്നീടത് ദ്രവിച്ച് നശിച്ചു. എന്നാൽ, മൂന്ന് മാസം മുമ്പ് അധികൃതർ സ്ഥലം സന്ദർശിച്ച് ഫൈബർ ഷട്ടർ സ്ഥാപിക്കുമെന്ന് കർഷകർക്ക് ഉറപ്പ് നൽകിയെങ്കിലും പിന്നീട് തിരിഞ്ഞുനോക്കിയില്ല. നിലവിൽ 12 ഷട്ടറുകളും തുറന്ന അവസ്ഥയിലാണ്.
വെള്ളം പാഴായതോടെ ഒന്നര കിലോമീറ്റർ വരെ ഒരിറ്റു വെള്ളം പോലും ഇല്ലാതെ പുഴ വറ്റിവരണ്ടു. ഇതോടെ മങ്കര റെയിൽവേ സ്റ്റേഷൻ, കാളികാവ് മേഖലയിൽ ജലക്ഷാമം രൂക്ഷമായി. നിരവധി കിണറുകളിൽ വെള്ളം താഴ്ന്ന അവസ്ഥയിലാണ്. പച്ചക്കറി, തെങ്ങ്, വാഴ കൃഷികൾ ഉണങ്ങി നശിച്ചു. മങ്കര റെയിൽവേ സ്റ്റേഷൻ പരിസരത്തെ നൂറുകണക്കിന് കുടുംബങ്ങൾ കുളിക്കാനും അലക്കാനും കഴിയാതെ വലയുകയാണ്. ഷട്ടർ സ്ഥാപിക്കാൻ അധികൃതർ നടപടിയെടുക്കണമെന്ന് പൊതുപ്രവർത്തകൻ ശംസുദ്ദീൻ മാങ്കുറുശി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.