വല്ലപ്പുഴക്ക് കാന്തി പകർന്ന് സൂര്യകാന്തി
text_fieldsപട്ടാമ്പി: വല്ലപ്പുഴക്ക് കാന്തി പകർന്ന് സൂര്യകാന്തി കൃഷി. ചെറുകോട് മൂലക്കുളം പാടശേഖരത്തിലെ ഒന്നര ഏക്കറോളം സ്ഥലത്താണ് സൂര്യകാന്തി കൃഷി ചെയ്തിരിക്കുന്നത്. സൂര്യകാന്തി കൃഷി കേരളത്തിൽ അപൂർവമാണ്. യുവ കർഷകരായ ചെറുകോട് പാറപ്പുറത്ത് വീട്ടിൽ അനൂപ്, പാറപ്പുറത്ത് സന്തോഷ്, നായക്കൽ സുബ്രഹ്മണ്യൻ എന്നിവരാണ് തണ്ണിമത്തനൊപ്പം പരീക്ഷണാടിസ്ഥാനത്തിൽ സൂര്യകാന്തിയും നട്ടത്.
പാട്ടത്തിനെടുത്ത മൂന്ന് ഏക്കർ സ്ഥലത്ത് ഒന്നര ഏക്കറിൽ ഇടവിളയായാണ് സൂര്യകാന്തി കൃഷി പരീക്ഷിച്ചത്. പരീക്ഷണം വിജയമായതോടെ വരുംവർഷങ്ങളിൽ കൂടുതൽ വിപുലമായിത്തന്നെ സൂര്യകാന്തി കൃഷി ചെയ്യാനുള്ള തീരുമാനത്തിലാണ് ഇവർ. പൂത്തുലഞ്ഞു നിൽക്കുന്ന സൂര്യകാന്തി പൂക്കളുടെ പശ്ചാത്തലത്തിൽ ഫോട്ടോഷൂട്ട് നടത്താനും പാടങ്ങളിൽ ഇറങ്ങിനിന്ന് സെൽഫി എടുക്കാനും നിരവധി പേർ ഇവിടെ എത്തുന്നുണ്ട്.
സൂര്യകാന്തി പൂക്കളുടെ പൊൻപ്രഭക്കൊപ്പം രുചിയേറിയ നാടൻ തണ്ണിമത്തനും ഇവിടെ ഉണ്ട്. ഒരാഴ്ച മുമ്പ് തണ്ണിമത്തൻ വിളവെടുപ്പ് തുടങ്ങി. നാടൻ തണ്ണിമത്തനെ കൂടാതെ ഇവർ പരീക്ഷിച്ച ഇറാനിയും മഞ്ഞനിറത്തിലുള്ള തണ്ണിമത്തനും മാധുര്യമേകുന്ന കാഴ്ചയാണ്. രണ്ടാഴ്ചക്കു ശേഷം സൂര്യകാന്തിയുടെ വിളവെടുപ്പ് ആരംഭിക്കുമെന്ന് ഇവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.