ഒന്നാം വിള: മുന്നൊരുക്കത്തിൽ വീഴ്ച വരുത്തി സപ്ലൈകോ
text_fieldsപാലക്കാട്: ഒന്നാം വിള നെല്ല് സംഭരണ മുന്നൊരുക്കങ്ങളിൽ കാലതാമസം വരുത്തി സപ്ലൈകോ കർഷകരെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബർ ആദ്യവാരം സംഭരണം തുടങ്ങിയെങ്കിൽ, ഇപ്രവാശ്യം ഒരുക്കം എങ്ങുമെത്തിയിട്ടില്ല. ആഗസ്റ്റ് ഒന്നിന് ആരംഭിക്കേണ്ട സംഭരണത്തിനുള്ള കർഷക രജിസ്ട്രേഷൻ ഇതുവരെയും ആരംഭിച്ചിട്ടില്ല. ജീവനക്കാരെ താൽക്കാലികമായി പുനർവിന്യസിക്കാനോ മില്ലുടമകൾക്ക് പാടശേഖരങ്ങൾ വീതിച്ചുനൽകുന്നതിലോ ഒരു മുന്നൊരുക്കവും നടത്തിയില്ലെന്ന് കർഷകർ പരാതിപ്പെടുന്നു.
ജില്ലയിലെ പടിഞ്ഞാറൻ മേഖലകളിലും ആലത്തൂർ താലൂക്കിലെ മലയോര മേഖലകളിലെ ചിലയിടങ്ങളിലും ആഗസ്റ്റ് അവസാനം കൊയ്ത്ത് തുടങ്ങും. മുന്നൊരുക്കത്തിലെ വീഴ്ചകാരണം സംഭരണം നീണ്ടുപോകുന്നത് ജില്ലയിലെ കർഷകരെ സാരമായി ബാധിക്കും.
ഓരോ വർഷവും 52 ഓളം സ്വകാര്യ മില്ലുകളാണ് സപ്ലൈകോക്കുവേണ്ടി കർഷകരിൽ നിന്ന് നെല്ല് സംഭരിച്ച് അരിയാക്കി തിരികെനൽകുന്നത്. കഴിഞ്ഞ സീസണിലെ രണ്ടാം വിളയിൽ സംഭരിച്ച നെല്ലിന്റെ പണം പലർക്കും ഇതുവരെയും ലഭിച്ചിട്ടില്ല. സംഭരണം നീണ്ടുപോയാൽ കൊയ്തെടുത്ത നെല്ല് ഓപ്പൺ മാർക്കറ്റിൽ കുറഞ്ഞ വിലക്ക് വിൽക്കാൻ നിർബന്ധിതിരാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.