സപ്ലൈകോ നെല്ല് സംഭരണം ഒച്ചുവേഗത്തിൽ
text_fieldsപാലക്കാട്: രണ്ടാം വിള നെല്ലുസംഭരണത്തിന് രജിസ്ട്രർ ചെയ്ത കർഷകരുടെ അപേക്ഷകൾ കൃഷിഭവനുകളിൽനിന്ന് സപ്ലൈകോവിൽ വൈകി എത്തുന്നു. ഇതോടെ വിളവെടുപ്പ് നടത്തി മാസങ്ങൾ കഴിഞ്ഞിട്ടും നെല്ല് വീടുകളിൽ കെട്ടികിടക്കുകയാണ്. ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയ കർഷകർ അപേക്ഷയുടെ പ്രിന്റ് കോപ്പിയും അനുബന്ധരേഖകളും സഹിതം ബന്ധപ്പെട്ട കൃഷി ഭവനുകളിലാണ് സമർപ്പിക്കുക. ഇവിടെ നിന്ന് പരിശോധന പൂർത്തിയാക്കിയതിനുശേഷമാണ് സപ്ലൈകോ ഓഫിസിൽ എത്തുന്നത്. സപ്ലൈകോയിലെ നടപടി ക്രമങ്ങളും പൂർത്തിയാക്കി വേണം കർഷകരിൽനിന്ന് നെല്ല് സംഭരിക്കാൻ.
എന്നാൽ കൃഷിഭവനുകളിൽനിന്ന് അപേക്ഷകൾ പരിശോധന പൂർത്തിയാക്കി സപ്ലൈകോയിൽ എത്താൻ മാസങ്ങളുടെ കാലതാമസമാണ് പലയിടത്തും. മതിയായ ജീവനക്കാരെ നിയമിക്കാത്തതാണ് ഇതിന് കാരണം. നിലവിൽ 1,500 കർഷകരുടെ നെല്ല് ഒരു ജീവനക്കാരൻ പരിശോധിക്കണം. 40 ഫീൽഡ് ജീവനക്കാരും, രണ്ട് പാഡിമാർക്കിറ്റിങ് ഓഫിസർമാരുമാത്രാണ് ജില്ലയിലുള്ളത്. 15 ജീവനക്കാരെ കൂടി നിയമിക്കാൻ സപ്ലൈകോ തീരുമാനിച്ചെങ്കിലും ഇതുവരെ നടപ്പായില്ല. ജില്ലയിലെ 10 കൃഷിഭവനുകളിൽ കൃഷി ഓഫിസറില്ല. പകരം ചുമതല നൽകിയാണ് ഓഫിസുകൾ പ്രവർത്തിക്കുന്നത്. എംപ്ലോയിമന്റെ ഓഫിസ് വഴി 24 കൃഷി ഓഫിസറെ നിയമിച്ചെങ്കിലും ഇവരുടെ കാലാവധി അഞ്ച് മാസത്തിനുള്ള തീരും.
ജില്ലയിലെ ഒറ്റപ്പാലം, പട്ടാമ്പി തുടങ്ങയി പടിഞ്ഞാറൻ മേഖലകളിൽ കൊയ്ത്ത് കഴിഞ്ഞിട്ട് മാസങ്ങൾ കഴിഞ്ഞു. ചിറ്റൂർ, ആലത്തൂർ, പാലക്കാട് താലൂക്കുകളിൽ കൊയ്ത്ത് സജീവമാണ്. എന്നാൽ പാലക്കാട് 60ഉം, ആലത്തൂർ, ചിറ്റൂർ താലൂക്കുകളിൽ 20 ശതമാനവും മാത്രമാണ് സംഭരണം നടന്നിട്ടുള്ളത്. പലയിടത്തും വേനൽമഴ തുടങ്ങിയതോടെ നെല്ല് സുക്ഷിക്കാൻ കഴിയാതെ വിഷമിക്കുകയാണ് കർഷകർ. സപ്ലൈകോ നെല്ല് സംഭരണത്തിൽ വിജിലൻസ് വ്യാപക ക്രമക്കേട് കണ്ടെത്തിയതോടെ സംഭരണം സുതാര്യമാക്കുന്നതിന്റെ ഭാഗമായിട്ടാണ് കാലതാമസം എന്നാണ് പറയുന്നത്.
എന്നാൽ വിജിലൻസ് അന്വേഷണത്തിന്റെ മറവിൽ സപ്ലൈകോ-കൃഷിവകുപ്പിലെ ഒരു വിഭാഗം ജിവനക്കാരും, നെല്ല് ഏജന്റുമാരും ചേർന്ന ഒത്തുകളിയാണ് സംഭരണം വൈകുന്നതെന്ന് പരാതിയുണ്ട്. ജില്ലയിൽ പലയിടത്തും മില്ലുടമകളുടെ ഏജന്റുമാരാണ് സംഭരണം നിയന്ത്രിക്കുന്നതെന്ന് ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.