ദീനക്കിടക്കയിൽനിന്ന് പ്രതീക്ഷയുടെ വഴിതെളിച്ച് വേണുഗോപാൽ
text_fieldsകേരളശ്ശേരി: എട്ട് വർഷം മുമ്പ് തെങ്ങിൽനിന്ന് വീണ് ദീനക്കിടക്കയിലായിട്ടും ജീവിതവഴിയിൽ മനസ്സ് പതറാത്ത കഥയാണ് തടുക്കശ്ശേരി കാരപ്പറമ്പിൽ വേണുഗോപാലിന്‍റേത്. സ്വന്തമായി തന്നാലാവുന്ന വരുമാനം കണ്ടെത്താനുള്ള ശ്രമത്തിന്‍റെ ഭാഗമായി കരകൗശലവസ്തുക്കൾ, കുട, നെറ്റിപ്പട്ടം, വിത്തുപേന എന്നിവ നിർമിച്ച് വിറ്റാണ് ഈ 53കാരൻ കുടുംബം പോറ്റുന്നത്. 2014 ജനുവരി 24നാണ് വീടിനടുത്തെ തെങ്ങിൽനിന്ന് വീണ് നട്ടെല്ലിന് ക്ഷതമേറ്റത്.
ഇതോടെ നെഞ്ചിന് താഴെ ശരീരം പൂർണമായും തളർന്നു. തൃശൂർ മെഡിക്കൽ കോളജിലും വിവിധ സ്വകാര്യ ആശുപത്രികളിലും ചികിത്സതേടി. നീണ്ട കാലത്തെ ഫിസിയോതെറപ്പിയും നടത്തി. മരുന്നും ചികിത്സയും തുടർന്നെങ്കിലും സ്വന്തം നിലക്ക് എഴുന്നേറ്റു നിൽക്കാനായില്ല. ഭാര്യയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയം വേണുഗോപാലായിരുന്നു. ഹാൻഡിക്രോപ് സംഘടന ആറ് വർഷം മുമ്പ് സംഘടിപ്പിച്ച കരകൗശലവസ്തു നിർമാണ പരിശീലനത്തിൽ പങ്കെടുത്തതുവഴിയാണ് ഉൽപന്നങ്ങൾ ഉണ്ടാക്കാൻ പഠിച്ചത്. ലക്കിടി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മർഹബ പാലിയേറ്റിവ് യൂനിറ്റാണ് വേണുഗോപാലിനെ പരിശീലനത്തിനെത്തിച്ചത്. കിടന്നുതന്നെയാണ് ഉൽപന്നങ്ങൾ നിർമിക്കുന്നത്. കോവിഡ്കാലത്ത് കുടക്കും പേനക്കും ആവശ്യക്കാരുണ്ടായിരുന്നില്ല. ഇതിനിടെ നെറ്റിപ്പട്ടനിർമാണം തുടങ്ങി. വലിയ നെറ്റിപ്പട്ടങ്ങൾ ഉണ്ടാക്കാൻ ചുരുങ്ങിയത് ഇരുപതിലധികം ദിവസങ്ങളെടുക്കുമെന്ന് വേണുഗോപാൽ പറയുന്നു. വലുപ്പം കൂടുന്തോറും വിലയും കൂടും. സ്വന്തം കിടപ്പുമുറിയോടുചേർന്ന് ഒരു ശൗചാലയവും ആധുനികരീതിയിലുള്ള ഒരു മുച്ചക്ര സൈക്കിളും വേണമെന്നത് വേണുഗോപാലിന്റെ മോഹമാണ്. ഭാര്യ സുനിത സ്വകാര്യ ആശുപത്രിയിൽ താൽക്കാലിക ജീവനക്കാരിയാണ്. പി.ജി വിദ്യാർഥിനി വിനീഷ, ബിരുദവിദ്യാർഥിനി നിമിഷ, എ.സി മെക്കാനിക്കാകാൻ പഠിക്കുന്ന നിഖിൽ എന്നിവരടങ്ങുന്നതാണ് കുടുംബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.